- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎസ്എല്‍ മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണം; ഏഴ് പാക്ക് വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; ദൃശ്യങ്ങള്‍ പുറത്ത്; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണം
ലാഹോര്‍: പാക്കിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്‍ട്ടണ്‍ എയര്‍ ബേസില്‍ തുടര്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. റാവല്‍പിണ്ടി സ്റ്റേഡിയത്തിന് സമീപത്തെ കിച്ചണ്‍ കോംപ്ലക്‌സ് പൂര്‍ണമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മേഖല സീല്‍ ചെയ്തു. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
പെഷവാര്‍ സാല്‍മിയും കറാച്ചി കിംഗ്‌സും തമ്മിലുള്ള പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ( പിഎസ്എല്‍ ) മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ഡ്രോണ്‍ അപകടം ടൂര്‍ണമെന്റിലെ കളിക്കാരുടെയും കാണികളുടെയും സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും കറാച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്
അപകടത്തില്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു റെസ്റ്റോറന്റ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഡ്രോണിന്റെ ഉത്ഭവത്തെക്കുറിച്ചും അത് ഏതെങ്കിലും പേലോഡ് വഹിച്ചിരുന്നോ എന്നും അധികൃതര്‍ പ്രദേശം സീല്‍ ചെയ്തിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരുക്കേറ്റ രണ്ട് സാധാരണക്കാരെ ചികിത്സയ്ക്കായി ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിഎസ്എല്ലില്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ട് കളിക്കാര്‍ രാജ്യത്ത് തുടരണോ അതോ നാട്ടിലേക്ക് മടങ്ങണോ എന്ന കാര്യത്തില്‍ ഭിന്നതയിലാണെന്ന് ദി ടെലിഗ്രാഫ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അടിയന്തര യോഗം ചേര്‍ന്നു.
സ്റ്റേഡിയത്തിനുനേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പിഎസ്എല്‍ ക്രിക്കറ്റ് മത്സരം കറാച്ചിയിലേക്ക് മാറ്റിയെന്നും സൂചനയുണ്ട്. അതേസമയം, ഇന്ത്യയിലേക്ക് പാകിസ്ഥാന്‍ നടത്തിയ ആക്രമണ നീക്കം പ്രതിരോധിച്ചുവെന്നും ഇതിന് മറുപടിയായി പാകിസ്ഥാന്‍ സൈന്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഇന്ത്യയുടെ സ്ഥിരീകരിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു.
പൂഞ്ചിലടക്കമുള്ള അതിര്‍ത്തി മേഖലയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം തുടരുന്നുണ്ട്. ഇന്ത്യയുടെ സ്ഥിരീകരണത്തിന് പിന്നാലെയാണ് റാവല്‍പിണ്ടി സ്റ്റേഡിയത്തിനുനേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന വാര്‍ത്ത പുറത്തുവരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുകയാണ്.
ലാഹോര്‍ വാള്‍ട്ടണ്‍ എയര്‍ബേസില്‍ വീണ്ടും ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. ഏഴ് പാക്ക് വ്യോമ സേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പാക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്ന സാഹചര്യത്തിലാണ്. എല്ലാ തരത്തിലും ഉള്ള തയ്യാറെടുപ്പുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം നല്‍കി. വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗത്തില്‍ ആണ് നിര്‍ദേശം.
സ്ഥിരീകരിച്ച് പ്രതിരോധ വകുപ്പ്
അതേ സമയം പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്ത വിവരം ഇന്ത്യന്‍ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പാക്കിസ്ഥാന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടെന്നും എന്നാല്‍ അവ നിര്‍വീര്യമാക്കാന്‍ സാധിച്ചെന്നും പ്രതിരോധ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പാക്കിസ്ഥാന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
'ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രസ് ബ്രീഫിങ്ങിനിടെ പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ സൈനിക ന്ദ്രേങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ പ്രതികരണമുണ്ടാകുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി പാക്കിസ്ഥാന്‍ നിരവധി സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പഠാന്‍കോട്ട്, അമൃത്സര്‍, കപുര്‍ത്തല, ജലന്ധര്‍, ലുഥിയാന, അദംപുര്‍, ഭട്ടിന്ത, ഛണ്ഡീഗഡ്, നല്‍, ഫലോദി, ഉത്തര്‍ലൈ, ഭുജ് തുടങ്ങിയ സൈനിക കേന്ദ്രങ്ങള്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് ഇവ നിര്‍വീര്യമാക്കി. പാക്കിസ്ഥാന്‍ ആക്രമമാണിതെന്നതിന് തെളിവ് ലഭിച്ചു.
പാക്കിസ്ഥാന്റെ അതേ തീവ്രതയോട് കൂടി ഇന്ത്യന്‍ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യം വെച്ചു. ലാഹേറിലെ വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയെന്നാണ് അറിയുന്നത്. ജമ്മു കശ്മീരിലെ കുപ് വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദര്‍, രജൗരി എന്നീ മേഖലകളില്‍ മോര്‍ട്ടാറുകളും പീരങ്കികളും ഉപയോഗിച്ച് പ്രകോപനമൊന്നുമില്ലാതെ പാക്കിസ്ഥാന്‍ ആക്രമണം നടത്തി. അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 16 സാധാരണക്കാരുടെ ജീവന്‍ നഷ്ടമായി. ഇവിടെ തിരിച്ചടിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി', വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിലവില്‍ S400 പ്രതിരോധ മിസൈലുകള്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വിന്യസിച്ചിട്ടുണ്ട്. 40 മുതല്‍ 400 കിലോമീറ്റര്‍ വരെ റേഞ്ചിലുള്ള ശക്തിയേറിയ മിസൈലാണ് S400. ഇന്ത്യയുടെ S24 സുദര്‍ശന്‍ ചക്രയാണ് പാക്കിസ്ഥാന്‍ മിസൈലുകള്‍ വെടിവെച്ചിട്ടത്.