ദുബായ്: ഇസ്രയേലിലെ ശതകോടീശ്വരന്റെ എണ്ണക്കപ്പലിനുനേർക്ക് ഡ്രോൺ ആക്രമണം. ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത പസഫിക് സിർകോൺ എന്ന കപ്പലിനുനേർക്കാണ് ആക്രമണം ഉണ്ടായത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒമാന്റെ തീരത്തിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് മധ്യപൂർവേഷ്യ വിഷയത്തിലെ വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു.

സിംഗപ്പുർ ആസ്ഥാനമായ പ്രവർത്തിക്കുന്ന ഈസ്റ്റേൺ പസഫിക് ഷിപ്പിങ് കമ്പനിയാണ് പസഫിക് സിർകോൺ കപ്പലിന്റെ ഉടമ. ഇസ്രയേലിലെ ശതകോടീശ്വരനായ ഇഡാൻ ഒഫർ ആണ് ഈ കമ്പനിയുടെ ഉടമ. ഒമാന്റെ തീരത്തിന് അടുത്ത് 240 കിലോമീറ്റർ അകലെ വച്ചാണ് ആക്രമണം.

കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്നും എണ്ണ ടാങ്കറിന് ചോർച്ചയില്ലെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.കപ്പലിന് ചില കേടുപാടുകൾ പറ്റിയിട്ടുണ്ട്. അതേസമയം, ഇറാൻ ഷഹീദ് 136 എന്ന ഡ്രോൺ ഉപയോഗിച്ചു നടത്തിയ ആക്രമണമാണെന്ന് കരുതുന്നതായി ഇസ്രയേൽ ഉദ്യോഗസ്ഥൻ അനൗദ്യോഗികമായി അറിയിച്ചെന്ന് എപി റിപ്പോർട്ട് ചെയ്തു.

ഇറാൻ ഈ ഡ്രോണുകൾ റഷ്യയ്ക്കു നൽകിയിട്ടുണ്ട്. റഷ്യ ഇതു യുക്രെയ്‌നിൽ ഉപയോഗിക്കുന്നുണ്ടെന്നും എപി റിപ്പോർട്ടിൽ പറയുന്നു.എന്നാൽ വാർത്തയോടു പ്രതികരിക്കാൻ ഇറാൻ തയാറായിട്ടില്ല. ആക്രമണ വാർത്ത പുറത്തുവന്നതിനു പിന്നാലെ എണ്ണവില ചെറുതായി വർധിച്ചു. അതിനിടെ, മെയ്‌ മുതൽ ഇറാൻ കൈവശം വച്ചിരുന്ന രണ്ട് ഗ്രീക്ക് എണ്ണക്കപ്പൽ വിട്ടുകിട്ടിയതായി ഗ്രീസ് അറിയിച്ചു.

അതേസമയം ഒമാൻ തീരത്ത് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. ആക്രമണത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യാൻ തനിക്ക് അധികാരമില്ലെന്നും അതിനാൽ പേര് വെളിപ്പെടുത്തരുതെന്ന് വ്യവസ്ഥയിലാണ് അദ്ദേഹം സംസാരിച്ചത് എന്നുമാണ് റിപ്പോർട്ട്.

ഇസ്രയേലി ശതകോടീശ്വരൻ ഐഡാൻ ഓഫർ സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.