- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാ അമൃതാനന്ദമയി മഠത്തിൽ സന്ദർശനം നടത്തി മടങ്ങവേ റോഡരികിൽ നിന്ന കുട്ടികൾക്കായി രാഷട്രപതിയുടെ സർപ്രൈസ്! വാഹനം നിർത്തി നിരത്തിലിറങ്ങിയ ദ്രൗപതി മുർമു മടങ്ങിയത് കുട്ടികൾക്ക് ചോക്ലേറ്റ് നൽകി; പ്രഥമ വനിതയെ അടുത്തു കണ്ടതിന്റെ സന്തോഷത്തിൽ കരുനാഗപ്പള്ളി സ്രായിക്കാട് ജി.എൽ.പി.എസിലെ കുട്ടികൾ
വള്ളിക്കാവ്: കുട്ടികളുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട രാഷ്ട്രപതി എപിജെ അബ്ദുൾ കലാമായിരുന്നു. കുട്ടികളോട് സംവദിക്കാനും അവരുമായി സമയം ചെലവിടാനും കലാമിന് വലിയ താൽപ്പര്യമായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവും തന്റെ മുൻഗാമികളുടെ പാതയിൽ തന്നെയാണ്. ഇന്ന് കൊല്ലത്ത് വള്ളിക്കാവിൽ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ രാഷ്ട്രപതി സന്ദർശനം നടത്തിയിരുന്നു. തന്നെ കാത്തു നിന്ന കുട്ടികൾക്ക് വള്ളിക്കാവിലേക്കുള്ള യാത്രയിൽ രാഷ്ട്രപതിയെ കാണാൻ സാധിച്ചില്ല. ഇതറഞ്ഞ ദ്രൗപതി മുർമ്മു മടക്കയാത്രയിൽ ആ കുരുന്നുകളെ നിരാശരാക്കിയില്ല.
അപ്രതീക്ഷിതമായി രാഷ്ട്രപതിയെ മുന്നിൽ കണ്ടതിന്റെ ഞെട്ടലിലും ആവേശത്തിലുമാണ് കരുനാഗപ്പള്ളി ശ്രായിക്കാട് എൽ.പി സ്‌ക്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. കാറിൽ കടന്നു പോകുന്ന രാഷ്ട്രപതിയെ ഒരു നോക്ക് കാണാം എന്ന ആശയോടെ റോഡരികിൽ നിന്നപ്പോൾ അവർ അറിഞ്ഞില്ല, ഭാരതത്തിന്റെ പ്രഥമ വനിത തങ്ങളുടെ അരികിലേക്ക് ഇറങ്ങി വരുമെന്നും മധുരം നൽകുമെന്നും.
ഇന്ന് രാവിലെ 11 മണിയോടെയാണ് അമൃതാനന്ദമയി മഠം സന്ദർശിച്ച ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു മടങ്ങും വഴി റോഡരികിൽ നിന്ന സ്‌ക്കൂൾ കുട്ടികൾക്ക് അപ്രതീക്ഷിതമായി വാഹനം നിർത്തി ചോക്ലേറ്റ് നൽകിയത്. കൊല്ലം കരുനാഗപ്പള്ളി ശ്രായിക്കാട് ജി.എൽ.പി.എസിലെ കുട്ടികൾക്കാണ് രാഷ്ട്രപതി ദ്രൗപതി മുർമു വാഹനം നിർത്തി ചോക്ലേറ്റ് നൽകിയത്. ബാരിക്കേഡിന് അപ്പുറം നിന്ന കുട്ടികളെ ചേർത്ത് പിടിക്കുകയും വാഹനത്തിൽ കരുതിയിരുന്ന ചോക്ലേറ്റ് ഓരോരുത്തർക്കും നൽകുയും ചെയ്തു. വീണ്ടും വരാം എന്ന് പറഞ്ഞ ശേഷം രാഷ്ട്രപതി വാഹനത്തിൽ കയറി പോയി.
രാഷ്ട്രപതി വരുന്നതിനാൽ റോഡിൽ വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു. അതിനാൽ വാഹനങ്ങളിൽ വരുന്ന കുട്ടികൾക്ക് അവധി നൽകിയിരിക്കുകയായിരുന്നു. എന്നാൽ നടന്നു വരുന്ന കുട്ടികൾ സ്‌ക്കൂളിലെത്തണമെന്ന് നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ നാലുവരെയുള്ള കുറച്ചു കുട്ടികൾ മാത്രമാണ് സ്‌ക്കൂളിലെത്തിയത്. ഇതിനിടയിൽ രാഷ്ട്രപതിയുടെ വരവ് അറിഞ്ഞതിനെ തുടർന്ന് ജി.എൽ.പി.എസിലെ അദ്ധ്യാപകൻ ഷിബു കുട്ടികളുമായി റോഡരികിൽ രാഷ്ട്രപതിക്ക് സ്വാഗതം എന്ന പ്ലക്കാർഡുമായി കാത്ത് നിന്നു.
മഠം സന്ദർശിക്കാനായി പോകുമ്പോൾ കുട്ടികൾ വാഹനത്തിന് നേർക്ക് കൈ വീശി. തിരിച്ച് രാഷ്ട്രപതിയും അഭിവാദ്യം ചെയ്തു. എന്നാൽ മിക്ക കുട്ടികൾക്കും രാഷ്ട്രപതിയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ അദ്ധ്യാപകൻ ഷിബു പൊലീസുദ്യോഗസ്ഥരോട് ഇക്കാര്യം പറയുകയും തിരികെ വരുമ്പോൾ വീണ്ടും കാണാൻ റോഡരികിൽ നിൽക്കാൻ അനുമതിയും വാങ്ങി. അങ്ങനെ വീണ്ടും കാണാനായി നിൽക്കുമ്പോഴാണ് രാഷ്ട്രപതിയുടെ വാഹനം ഇവർക്ക് അരികിൽ നിർത്തിയത്. വാഹനം നിർത്തിയ ഉടൻ തന്നെ രാഷ്ട്രപതി കുട്ടികൾക്കടുത്തേക്ക് എത്തി. എല്ലാവർക്കും ഹസ്തദാനം നൽകിയശേഷം പിന്നാലെ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും ചോക്ലേറ്റ് വാങ്ങി ഓരോ കുട്ടികൾക്കും നൽകി. കുട്ടികളെല്ലാം അമ്പരന്നു നിൽക്കുകയായിരുന്നു. രാഷ്ട്രപതിയെ നേരിൽ കാണാൻ കഴിഞ്ഞതിലും ചോക്ലേറ്റ് കിട്ടിയതിന്റെയും സന്തോഷത്തിലാണ് കുഞ്ഞു കുട്ടികൾ. ചോക്ലേറ്റ് നൽകിയ രാഷ്ട്രപതിക്ക് അവർ നന്ദിയും അവർ പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമു അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ 9.35 നാണ് രാഷ്ട്രപതി അമൃതാനന്ദമയി മഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ ദ്രൗപദി മുർമുവിനെ നെറ്റിയിൽ തിലകക്കുറി ചാർത്തി, മാലയും പൊന്നാടയുമണിയിച്ച് സ്വീകരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും ആശ്രമകവാടത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.
തുടർന്ന് ദ്രൗപദി മുർമു മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിക്കൊപ്പമെത്തിയിരുന്നു. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ആശ്രമത്തിലെ കാളീക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനം നടത്തി.
ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാനെത്തിയിരുന്ന മെക്‌സികോയിൽ നിന്നുള്ള 6 എംപിമാരുമായി ദ്രൗപദി മുർമു അനൗപചാരിക കൂടിക്കാഴ്ചയും നടത്തി. മഠം നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡ് രാഷ്ട്രപതി നോക്കിക്കണ്ടു. ഇതിനു ശേഷം ആശ്രമത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി അമൃത സർവകലാശാല പ്രൊവോസ്റ്റ് ഡോ.മനീഷ വി. രമേഷിൽനിന്ന് രാഷ്ട്രപതി ചോദിച്ചറിഞ്ഞു. തുടർന്ന് 10.10ന് ദ്രൗപദി മുർമു ആശ്രമത്തിൽനിന്നു മടങ്ങി. ജില്ലാ കലക്ടർ അഫ്‌സാന പർവീൺ, തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനി, കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് എന്നിവരും രാഷ്ട്രപതിയ്‌ക്കൊപ്പമുണ്ടായിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.