- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ ചുക്കാന്‍ പിടിക്കുന്ന ജെയ്ഷെ മുഹമ്മദ് വനിതാ വിഭാഗത്തിന്റെ ഇന്ത്യന്‍ ശാഖയുടെ ചുമതലക്കാരി; പിടിയിലായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗനായിയുടെ അടുപ്പക്കാരി; ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമെന്ന് സംശയിച്ച് അന്വേഷണ ഏജന്‍സികള്‍; ലക്നൗവിലെ ഡോ.ഷഹീന്‍ ഷാഹിദ് ആരാണ്?
ലക്നൗവിലെ ഡോ.ഷഹീന്‍ ഷാഹിദ് ആരാണ്?
ലക്‌നൗ: ഫരീദാബാദില്‍, വന്‍സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടറെ ഏല്‍പ്പിച്ചിരുന്നത് വന്‍ദൗത്യം. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (JeM) വനിതാ വിഭാഗം ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള ദൗത്യമാണ് ഡോ.ഷഹീന്‍ ഷാഹിദിനെ ഏല്‍പ്പിച്ചിരുന്നതെന്ന്് ഡല്‍ഹി പൊലീസ് പറഞ്ഞു. ലക്‌നൗ കേന്ദ്രമായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഉമറും മുസ്മിലും ജോലി ചെയ്തിരുന്ന ഫരീദാബാദിലെ (Alfalah University ) സര്‍വകലാശാലയില്‍ പരിശോധന നടന്നുവരികയാണ്. ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ജീവനക്കാരും അടക്കം എട്ടു പേരെ ചോദ്യം ചെയ്യുകയാണ്.
ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ 'ജമാഅത്ത്-ഉല്‍-മോമിനാത്തി'ന്റെ ഇന്ത്യന്‍ ശാഖയുടെ ചുമതല ഡോ. ഷഹീന്‍ ഷാഹിദിന് നല്‍കിയിരുന്നു.
സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനായിരുന്നു. മെയ് 7-ന് നടന്ന ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ആരാണ് ഷഹീന്‍ ഷാഹിദ്?
ഷഹീന്‍ ഷാഹിദ് ലഖ്നൗവിലെ ലാല്‍ ബാഗ് നിവാസിയാണ്. ഫരീദാബാദിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര സംഘത്തെ ജമ്മു-കശ്മീര്‍ പൊലീസിന്റെ നേതൃത്വത്തില്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കാറില്‍ നിന്ന് ഒരു അസോള്‍ട്ട് റൈഫിളും കണ്ടെടുത്തിട്ടുണ്ട്.
ഷഹീന്‍ അല്‍-ഫലാഹ് സര്‍വകലാശാലയിലാണ് (Al-Falah University) ജോലി ചെയ്തിരുന്നത്. കൂടാതെ, ഫരീദാബാദിലെ രണ്ട് വാടകമുറികളില്‍ നിന്ന് 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ കശ്മീരി ഡോക്ടറായ മുസമ്മില്‍ ഗനായി (അപരനാമം മുസൈബ്) എന്നയാളുമായി ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയാണ് മുസമ്മില്‍. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയുള്ള ധൗജിലുള്ള അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറായിരുന്നു ഇയാള്‍. ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ട് ശ്രീനഗറില്‍ പോസ്റ്ററുകള്‍ ഒട്ടിച്ച കേസില്‍ ജമ്മു കശ്മീര്‍ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മുസമ്മിലിനെ അറസ്റ്റ് ചെയ്തത്.
ഒരു അസോള്‍ട്ട് റൈഫിള്‍, ഒരു പിസ്റ്റള്‍, വെടിമരുന്ന് എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍ ഷഹീന്‍ ഷാഹിദിന്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഫരീദാബാദിന്റെ കോഡായ HR 51 എന്ന ലൈസന്‍സ് പ്ലേറ്റുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാര്‍, പോലീസ് മുസമ്മിലിനെ ചോദ്യം ചെയ്തതിന് ശേഷമാണ് പരിശോധിച്ചത്.
ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് വന്‍തോതിലുള്ള സ്‌ഫോടകവസ്തു ശേഖരം (അമോണിയം നൈട്രേറ്റ് അടക്കം), 20 ടൈമറുകള്‍, മറ്റ് സംശയാസ്പദമായ വസ്തുക്കള്‍ എന്നിവ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.
ജമാഅത്ത്-ഉല്‍-മോമിനാത്തിന് പിന്നില്‍ ആര്?
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനിടെ കനത്ത തിരിച്ചടി നേരിട്ട ജെയ്ഷെ മുഹമ്മദ്, ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ സ്വാധീനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതായും, അതിന്റെ ആദ്യത്തെ വനിതാ വിഭാഗമായ 'ജമാഅത്ത്-ഉല്‍-മോമിനാത്ത്' ഒക്ടോബറില്‍ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതിയ യൂണിറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് ഒക്ടോബര്‍ 8 ന് പാകിസ്ഥാനിലെ ബഹാവല്‍പൂരിലെ മാര്‍ക്കസ് ഉസ്മാന്‍-ഒ-അലിയില്‍ വെച്ച് ആരംഭിച്ചു. മസൂദ് അസ്ഹറിന്റെ സഹോദരിയായ സാദിയ അസ്ഹറാണ് ഈ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. ജെയ്ഷെ കമാന്‍ഡര്‍മാരുടെ ഭാര്യമാരെയും, ബഹാവല്‍പൂര്‍, കറാച്ചി, മുസഫറാബാദ്, കോട്‌ലി, ഹരിപൂര്‍, മന്‍സെഹ്‌റ എന്നിവിടങ്ങളിലെ അതിന്റെ കേന്ദ്രങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി ദുര്‍ബലരായ സ്ത്രീകളെയും ഈ ഗ്രൂപ്പില്‍ ചേര്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.




