തിരുവനന്തപുരം: കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയ്ക്കെതിരെയുണ്ടായ വധശ്രമം കേട്ട് കേരളം മുഴുവന്‍ ഞെട്ടിയത് രണ്ടുവര്‍ഷം മുമ്പാണ്. സ്‌നേഹയെ ഭര്‍ത്താവിന്റെ കാമുകി അനുഷ കൊല്ലാന്‍ ശ്രമിച്ചത് എയര്‍ എംബോളിസത്തിലൂടെയായിരുന്നു. ആശുപത്രിയില്‍ നഴ്സ് വേഷത്തിലെത്തി പ്രസവ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു,

ഹെവന്‍ എന്ന സുരാജ് വെഞ്ഞാറമൂട് നായകനായ 'ഹെവനി'ലും ഇന്ദ്രജിത്ത് നായകനായ 'ഏയ്ഞ്ചല്‍സി'ലും ഇത്തരമൊരു രംഗമുണ്ടായിരുന്നു. ഹോളുവുഡ് ത്രില്ലറുകള്‍ വളരെ നേരത്തേ പരീക്ഷിച്ചതാണ് എയര്‍ എംബോളിസമെന്ന ഈ മാര്‍ഗം. ഈ സംഭവത്തില്‍ ഷേര്‍ലി വാസുവിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. നഴ്‌സായത് കൊണ്ട് മാത്രമല്ല, സിനിമ പോലെയുള്ള മാധ്യമങ്ങളിലൂടെ കിട്ടിയ അറിവ് കൂടി ഉപയോഗിച്ചാവാം യുവതി കുറ്റകൃത്യത്തിന് ഇറങ്ങിയത് എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഗോവിന്ദച്ചാമി യുവതിയെ പീഡിപ്പിച്ചുകൊന്ന കേസിലായാലും സഫിയ കൊലക്കേസിലായാലും ആധികാരിക ശബ്ദമായിരുന്നു ഡോ.ഷേര്‍ലി വാസു. എയര്‍ എംബോളിസത്തെ കുറിച്ച് അന്ന് ഡോ.ഷേര്‍ലി വാസു പറഞ്ഞത് ഇങ്ങനെ:

'നമ്മുടെ ഞരമ്പിലേക്ക് അശുദ്ധ വാഹാനിയായ ഞരമ്പിലേക്ക് വായു പ്രവേശിച്ച് കഴിഞ്ഞാല്‍ അത് സര്‍ക്കുലേഷനിലൂടെ റൈറ്റ് ഹാര്‍ട്ട് ബ്ലോക്ക് എന്നുപറയും. ഹൃദയത്തിന്റെ വലത്തേ അറകളില്‍ പോയി ബ്ലോക്കുണ്ടാക്കും. അവിടെ നിന്നും അശുദ്ധ രക്തം ശുദ്ധീകരണത്തിനായിട്ട് ശ്വാസകോശത്തിലേക്ക് കടക്കേണ്ടതുണ്ട്. പള്‍മണറി ധമനികള്‍-പള്‍മണറി കോണസ്-അവിടെ ഒരു ചോര്‍പ്പ് പോലെയാണത്..അവിടെ പത വന്ന് അടഞ്ഞിട്ട്...ഞങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടിട്ടുള്ളത് വായു പതയായി റീട്ടേയ്ന്‍ ചെയ്യുന്നതാണ്. ഹൃദയത്തിന്റെ വലതേ അറ പത കൊണ്ട് അടഞ്ഞിരിക്കുന്നതായിട്ടാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെളിവാകുന്നത്.

ചെറിയ തോതിലുള്ള വായുകൊണ്ടും മരിക്കാം. ഉദാഹരണത്തിന് 75 എം എല്‍ വായു ഒരുമിനിറ്റ് കൊണ്ട് കുത്തി വച്ചിട്ടുണ്ടെങ്കില്‍, അത് ചിലപ്പോള്‍ മരണകാരണമാകാം. നമ്മള്‍ ട്രിപ് സെറ്റ് ഓഫാക്കാന്‍ മറന്നുപോയാല്‍ കുറച്ചു വായു കയറുന്നുണ്ട്. പക്ഷേ അതുകൊണ്ട് മരിച്ചുപോകുന്നില്ല. കാരമം ഒരുമിനിറ്റില്‍ എത്ര അളവ് വായു കടന്നു എന്നുള്ളതാണ്. 75 എം എല്‍ ഒരുമിനിറ്റില്‍ കയറി കഴിഞ്ഞാല്‍ റൈറ്റ് സൈഡ് ബ്ലോക്കാകാം. പതുക്കെയാണെങ്കില്‍ 300 എം എല്‍ മുതല്‍ അര ലിറ്ററോളം വായു സിസ്റ്റത്തില്‍ കയറിയാല്‍ മാത്രമേ എയര്‍ എംബോളിസം മരണം ഉണ്ടാകുന്നുളളു. സിനിമയിലൊക്കെ കാണും പോലെയാണ് ആശുപത്രിയില്‍ കയറി ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യാന്‍ അവര്‍ ശ്രമിച്ചത്. ഞെട്ടിക്കുന്ന സംഭവമാണിത്.'



മോര്‍ച്ചറി തേച്ചുകഴുകി കൊണ്ടാണ് 1981 ല്‍ എന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. - 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചപ്പോള്‍, ഡോ.ഷേര്‍ലി വാസു മാധ്യമങ്ങളോട് പറഞ്ഞിതീര്‍ത്തത് 35 വര്‍ഷത്തെ തന്റെ ഫോറന്‍സിക് ജീവിത കാലമായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി കെ.എം.സി.ടി. മുക്കം മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഡോ. ഷെര്‍ളി വാസു. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ നിര്‍ണായകമായ കണ്ടെത്തലുകള്‍ക്ക് പിന്നില്‍ ഇവരുണ്ടായിരുന്നു. 2017-ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് നല്‍കി ഇവരെ ആദരിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന തന്റെ പുസ്തകത്തില്‍ ജോലിയില്‍ സ്ത്രീ എന്ന പരിമിതി ഉണ്ടായിട്ടില്ലെന്ന് അവര്‍ വിശദീകരിക്കുന്നുണ്ട്.

'ഒരു സ്ത്രീ എന്ന പരിമിതി ഉണ്ടായിട്ടില്ല. ഇത് കഠിനമായ ജോലിയാണ്. മാറിനില്‍ക്കൂ എന്ന് സഹപ്രവര്‍ത്തകരാരും എന്നോടു പറഞ്ഞിട്ടില്ല. നിങ്ങളെന്താ ഫൊറന്‍സിക് എടുക്കാന്‍ കാര്യം, നിങ്ങളെയും കൊണ്ട് എങ്ങനെ കാട്ടില്‍ പോകുമെന്ന് ഒരു പോലീസുകാരനും എന്നോട് ചോദിച്ചിട്ടില്ല. വടക്കന്‍ കേരളത്തില്‍ ഞാന്‍ കയറാത്ത കാടൊന്നുമില്ല. നിലമ്പൂര്‍ക്കാടിന്റെ ആഢ്യന്‍പാറയ്ക്കപ്പുറം നിരവധി തവണ ഞാന്‍ കണ്ടിട്ടുണ്ട്. തൊട്ടുപിറകില്‍ നടന്ന പോലീസുകാരനെ രാജവെമ്പാല കടിച്ചപ്പോഴും പോലീസ് മുന്നോട്ടു നടന്നിട്ടേയുള്ളൂ. തിരിഞ്ഞുനില്‍ക്കാന്‍ കൂട്ടാക്കാതെ മുന്നോട്ടുനടന്നു. അയാളെയും കൊണ്ട് ആരോ പോയെന്നു തോന്നുന്നു. കാസര്‍കോട് മീഞ്ച പഞ്ചായത്തിലെ ചില മലകളുടെ മുകളില്‍കയറി നിന്നാല്‍ കൈയില്‍ നിന്ന് വിട്ടുപോയ കടലാസ് അങ്ങ് അറബിക്കടലിലേക്ക് പറന്നു പോകുന്നതുകാണാം. അവിടെ ഞാന്‍ പോയിട്ടുണ്ട്. കേരളത്തിലെ പേരുപറയാത്ത ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൂടെയുണ്ടെങ്കില്‍ ഏതുസമയത്തും എവിടെയും ഞാന്‍ പോകും, ജോലിക്കാണെങ്കില്‍. പത്തു വര്‍ഷം കഴിഞ്ഞ് ഫൊറന്‍സിക് വിട്ടുപോകണമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. 'ഇറ്റ് ഈസ് സോഹാര്‍ഡ്'. എങ്കിലും ഞാന്‍ നിന്നു.

ഞാനിത് ഇട്ടിട്ടുപോയാല്‍ ഒരുപക്ഷേ, ഒരു തെറ്റിദ്ധാരണവരെ വരും, പോലീസ് ജോലികളും ഇത്തരം ജോലികളും സ്ത്രീകള്‍ക്ക് പറ്റില്ലെന്ന്. ഈ കേരള പോലീസിന്റെ കൂടെ ജോലി ചെയ്യാന്‍ എനിക്ക് ഇഷ്ടം തന്നെയാണ്. ഇങ്ങനെ മാറ്റിപ്പറയണം എന്ന് അവരാരും എന്നോടു പറഞ്ഞിട്ടില്ല. ഒക്കെ ആള്‍ക്കാരുടെ ധാരണയാണ്. 'മണമുള്ളവയാണ് ശരീരങ്ങള്‍. മരണമണം ഒന്നു വേറെയാണ്. വെള്ളത്തില്‍ വീണ മരണത്തിന്റെ മണം ഒന്ന്. മണ്ണിനടിയില്‍ കിടന്ന മരണത്തിന്റെ മണം മറ്റൊന്ന്. പാറയിടുക്കില്‍ ചീഞ്ഞ മരണത്തിന്റെ മണം വേറൊന്ന്.''കാട്ടില്‍ നിന്നൊക്കെ കൊണ്ടുവരുന്ന ബോഡിയില്‍ നാലടി ഉയരത്തില്‍ പുഴു ചാടും. മണമുണ്ടാകും. എല്ലാവര്‍ക്കും ഉള്ളതുപോലെ നമുക്കും ബുദ്ധിമുട്ട് തന്നെയാണ് മണം. പക്ഷേ, കുറച്ചു കഴിഞ്ഞാല്‍ അതൊക്കെ മറക്കും. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടില്ലേ, പ്രേമത്തിന് കുറച്ചു നാറ്റമൊക്കെയുണ്ടെന്ന്. ഈ തൊഴില്‍ കഠിനമാണ്. മണവും പുഴുവുമൊക്കെ അതിന്റെ ഭാഗമാണ്. പുഴുവിചാരിച്ചാല്‍ പോസ്റ്റ്മോര്‍ട്ടം തടയാന്‍ പറ്റുമോ? നിവൃത്തി കെട്ടിട്ടോ അമര്‍ഷത്തോടെയോ സ്നേഹമില്ലാതെയോ ചെയ്യുന്ന പ്രവൃത്തിയല്ല ഇത്. ഇത് ഒരു ത്രില്ലിങ് ജോലിയാണ്. കര്‍ട്ടനുപിന്നില്‍ മറഞ്ഞിരുന്ന് ജോലി ചെയ്യാനുള്ള മനഃസ്ഥിതി വേണം. സമൂഹത്തിനു നല്ലതുവരാന്‍ പ്രവര്‍ത്തിക്കുക. അവര്‍ വന്ന് 'താങ്ക് യൂ' എന്നു പറയുന്നതു കേള്‍ക്കാതെ ജോലി ചെയ്തുകൊണ്ടേയിരിക്കുക. അതിലൊരു സുഖമുണ്ട്.''സത്യസന്ധമായ തൊഴില്‍ പ്രാര്‍ഥനയെങ്കില്‍ ഇവര്‍ സദാ പ്രാര്‍ഥിക്കുകയാണ്. ഞങ്ങള്‍ക്ക് തെറ്റിയെങ്കില്‍ ദൈവത്തിനും തെറ്റി എന്ന് ചങ്കുറപ്പോടെ പറയുകയാണ്.''പൂജാരി ചെയ്യുന്നതെന്തോ അതുതന്നെയാണ് ഞങ്ങള്‍ചെയ്യുന്നത്. സാക്ഷാല്‍ ഈശ്വരസേവ. അതില്‍ ഒരു സംശയവുമില്ല. ഒരു കുറവുമില്ലാതെ ചെയ്യും''.




മരിച്ചവരുടെ അവസാന മൊഴിയായി പലപ്പോഴും ഫോറന്‍സിക് പരിശോധനകള്‍ മാറുന്നു. ശാസ്ത്രീയമായ തെളിവുകള്‍ ലഭ്യമല്ലാത്ത പല കേസുകളിലും, ഡോ. ഷേര്‍ളി വാസുവിനെപ്പോലുള്ള വിദഗ്ദ്ധരുടെ കൃത്യമായ നിരീക്ഷണങ്ങളും ശാസ്ത്രീയ സമീപനങ്ങളും സത്യം പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നു. ഒരു മുടിനാരിഴയിലോ നഖത്തിലോ ഒളിപ്പിച്ച സത്യങ്ങള്‍ അവര്‍ക്കു വേണ്ടി കണ്ടെത്തി സംസാരിക്കുന്നവരാണ് ഫോറന്‍സിക് സര്‍ജന്മാര്‍.ഡോ.ഷേര്‍ലി വാസുവിന്റെ ഔദ്യോഗിക ജീവിത്തിലെ സുപ്രധാന ഏടാണ് സഫിയ കൊല കേസ് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.

സഫിയ കൊലക്കേസ്: ചുരുളഴിച്ച ഡോ. ഷേര്‍ളി വാസുവിന്റെ അന്വേഷണം

ഒരു കാലത്ത് നാടിനെ നടുക്കിയ സഫിയ കൊലക്കേസ്, അതിലെ ഭീകരതയുടെ ചുരുളഴിച്ചെടുക്കുന്നതില്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസുവിന്റെ അന്വേഷണ രീതികള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. തെളിവുകളില്ലാതിരുന്നിട്ടും, മരവിപ്പിക്കുന്ന കൊലപാതകത്തിന്റെ പിന്നിലേക്ക് വെളിച്ചം വീശിയത്, ഉപേക്ഷിക്കപ്പെട്ട അസ്ഥികള്‍ സൂക്ഷ്മമായി പരിശോധിച്ചതിലൂടെയാണ്. ഡോ. ഷേര്‍ളി വാസുവിന്റെ മുപ്പതിനായിരത്തിലധികം പോസ്റ്റ്മോര്‍ട്ടം അനുഭവങ്ങളുടെ കൂട്ടത്തില്‍ സഫിയ കേസ് ഒരു വേദന നിറഞ്ഞ ഓര്‍മ്മപ്പെടുത്തലായി നിലകൊള്ളുന്നു.

കേസിന്റെ ആരംഭം: കാണാതായ പെണ്‍കുട്ടി

കാസര്‍കോട് ബോവിക്കാനം മാസ്തിക്കുണ്ടില്‍ കരാറുകാരന്‍ കെ.സി.ഹംസയുടെ വീട്ടില്‍ ജോലിക്കെത്തിയ കര്‍ണാടക മടിക്കേരി അയ്യങ്കേരി സ്വദേശിനിയായ പതിനൊന്നുകാരി സഫിയയെ 2006 ഡിസംബര്‍ 21നാണ് കാണാതായതായി ആദൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 20ന് സഫിയയെ കാണാതായെന്ന് ഹംസ മൊഴി നല്‍കിയിരുന്നു. പരാതി ലഭിച്ച് ഏറെക്കാലമായിട്ടും അന്വേഷണം മുന്നോട്ട് പോകാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടു.

2008 ഏപ്രില്‍ 10ന് സഫിയയുടെ മാതാപിതാക്കളും കര്‍മ്മസമിതിയും ചേര്‍ന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഇതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഇതേത്തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും മുഖ്യപ്രതിയായ ഹംസയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഗോവയിലെ വീട്ടില്‍ വച്ച് 2006 ഡിസംബര്‍ 16ന് സഫിയ കൊല്ലപ്പെട്ടുവെന്ന് ഹംസ കുറ്റസമ്മതം നടത്തി. തിളച്ച കഞ്ഞിവെള്ളം ദേഹത്ത് മറിഞ്ഞ് സഫിയക്ക് പൊള്ളലേറ്റുവെന്നും, തുടര്‍ന്ന് കൃത്യമായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടുവെന്നും ഇതാരും അറിയാതിരിക്കാന്‍ കുളിമുറിയില്‍ വെച്ച് മൃതദേഹം മുറിച്ചു മൂന്നായിട്ടാക്കി കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നുമായിരുന്നു ഹംസയുടെ മൊഴി.

ഫോറന്‍സിക്കിന്റെ കണ്ണുകള്‍: തെളിവുകളുടെ തിരച്ചില്‍

ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, സ്ഥലത്തെത്തിയ പോലീസ് സംഘം കിണറ്റില്‍ നിന്ന് കണ്ടെത്താനായതെല്ലാം ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും, കൂടുതല്‍ കണ്ടെത്താനായില്ല. എന്നാല്‍, സഫിയയുടെ കൊലപാതകം നടന്നുവെന്ന് പറയപ്പെടുന്ന വീട്ടില്‍ നിന്ന് ലഭിച്ച ഒരു പഴയ പാവാടയില്‍ പൊതിഞ്ഞ കെട്ടുകളിലുണ്ടായിരുന്ന അസ്ഥികള്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസുവിന്റെ കൈകളിലെത്തി. രണ്ട് വര്‍ഷത്തോളം നാല്പതടി താഴ്ചയുള്ള കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട ആ അസ്ഥികള്‍, ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് അതിദാരുണമായ കൊലപാതകത്തിന്റെ ഭീകരത പുറത്തുവന്നത്.

വിരലടയാളങ്ങള്‍ക്കപ്പുറം

സഫിയ കേസില്‍, സാധാരണഗതിയില്‍ കണ്ടെത്താന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള കണ്ടെത്തലുകളാണ് ഡോ. ഷേര്‍ളി വാസുവിന്റെ ഫോറന്‍സിക് പരിശോധനയിലൂടെ പുറത്തുവന്നത്. ഏതാനും അസ്ഥികള്‍ മാത്രമാണ് ലഭിച്ചിരുന്നതെങ്കിലും, അവയെ അതിസൂക്ഷ്മമായി പരിശോധിച്ച ഡോക്ടര്‍, ഇത് ഒരു മനുഷ്യന്റെ ശരീരഭാഗങ്ങളാണെന്നും, കുട്ടിയുടേതാണെന്നും കണ്ടെത്തുകയായിരുന്നു. മാത്രമല്ല, ഈ അസ്ഥികളില്‍ ശരീരത്തില്‍ കത്തി ഉപയോഗിച്ചതിന്റെ സൂചനകള്‍ നല്‍കി. മൃതദേഹം മുറിച്ചു മാറ്റിയതിന്റെ കൃത്യത, ശരീരത്തിലെ എല്ലുകള്‍ ഒടിഞ്ഞതും മുറിഞ്ഞതും പരിശോധിച്ചതിലൂടെയാണ് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടത്.




കൊലയുടെ രീതിയും സമയവും


മരിച്ചതിനു ശേഷം സഫിയയെ വെട്ടിമുറിച്ച് രണ്ടു കെട്ടുകളാക്കി കിണറ്റില്‍ ഉപേക്ഷിച്ചെന്നായിരുന്നു ഹംസ മൊഴി നല്‍കിയത്. ലഭ്യമായ അസ്ഥികളില്‍ നിന്നു മൃതദേഹം സഫിയയുടേത് തന്നെയാണെന്ന് ഉറപ്പിക്കുകയും മരണകാരണം കണ്ടെത്തുകയുമായിരുന്നു ഫൊറന്‍സിക് സംഘത്തിന്റെ പ്രധാന ജോലി. തലയോട്ടി, താടിയെല്ല്, കഴുത്തിലെ രണ്ടു വെര്‍ട്ടിബ്ര എന്നിവയായിരുന്നു മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നു ഡോക്ടര്‍ ഷേര്‍ലി വാസുവിന് ലഭിച്ച പ്രധാന അസ്ഥികള്‍.

തല വെട്ടിമാറ്റപ്പെട്ടിരുന്നതിനാല്‍ ആ വെട്ടിന്റെ അടയാളങ്ങളില്‍നിന്നു മറ്റു കാര്യങ്ങള്‍ കണ്ടുപിടിക്കാനായി പിന്നീടുള്ള ശ്രമം. കഴുത്തിലെ വെര്‍ട്ടിബ്രകളുടെ സൂക്ഷ്മ പരിശോധനയില്‍ മരിക്കുന്നതിന്റെ മുന്‍പുതന്നെ തല വെട്ടിമാറ്റിയിരുന്നു എന്നു കണ്ടെത്താനായി. അബോധാവസ്ഥയിലോ മറ്റോ കിടക്കുന്ന ഒരാളുടെ മുടിയില്‍ പിടിച്ച് തല ഉയര്‍ത്തി, കഴുത്തില്‍ ആഞ്ഞു വെട്ടിയതിന്റെ ലക്ഷണങ്ങളായിരുന്നു സഫിയയുടെ വെര്‍ട്ടിബ്രയിലെ അടയാളങ്ങള്‍ക്ക്.

ഒരാള്‍ നില്‍ക്കുമ്പോള്‍ വെട്ടുന്നതിനും കിടക്കുമ്പോള്‍ വെട്ടുന്നതിനും ജീവനോടെ വെട്ടുന്നതിനും മരിച്ചതിനു ശേഷം വെട്ടുന്നതിനുമെല്ലാം പ്രത്യേക അടയാളങ്ങളാകും ബാക്കിയാകുക. സഫിയയുടെ ശരീരത്തിലെ വെട്ടുകളെല്ലാം മരിക്കുന്നതിനു മുന്‍പ് (Antimortem) ഉണ്ടായതാണെന്ന് കണ്ടെത്താന്‍ ഫൊറന്‍സിക് സംഘത്തിനായി. മരിച്ചതിനു ശേഷമാണ് ശരീരം വെട്ടിമുറിച്ചതെന്ന ഹംസയുടെ മൊഴി കള്ളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കണ്ടെത്തല്‍. ദീര്‍ഘകാലം വെള്ളത്തില്‍ കിടക്കുന്ന മൃതദേഹാവശിഷ്ടങ്ങളിലെ കൊഴുപ്പും കാല്‍സ്യവും ചേര്‍ന്ന് ഉണ്ടാകുന്ന അഡിപോസും (Adipocere) കണ്ടെത്താനായി. മൃതദേഹം വെള്ളത്തില്‍ ഉപേക്ഷിച്ചതിന്റെ തെളിവായിരുന്നു ഇത്.

പ്രതിയും നിയമനടപടികളും

ഹംസയുടെ കുറ്റസമ്മതവും ഡോ. ഷേര്‍ളി വാസുവിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടും കേസില്‍ നിര്‍ണായകമായി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, ഹംസയെ പോലീസ് അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ പുരോഗമിക്കുകയും ചെയ്തു.ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷയും 10 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിന്നീട് ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമാക്കി. കൂട്ടുപ്രതികളായിരുന്ന ഭാര്യ മൈമൂന, സഹോദരന്റെ ഭാര്യാ സഹോദരന്‍ അബ്ദുല്ല എന്നിവര്‍ക്കു മൂന്നു വര്‍ഷം വീതം തടവും വിധിച്ചു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയപ്പോള്‍ ഷേര്‍ലി വാസു പറഞ്ഞത്

ഗോവിന്ദച്ചാമി പിച്ചിച്ചീന്തിയ പെണ്‍കുട്ടിയെ പോസ്റ്റുമോര്‍ട്ടംചെയ്തത്. ഡോക്ടര്‍ ഷേര്‍ലി വാസുവാണ്. ഡോക്ടറുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിയെ ശിക്ഷിച്ചത്. വെറും 23വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെ ഈ വിധം ഇല്ലാതാക്കണമെങ്കില്‍ അയാളുടെ മനസ് അത്രമാത്രം ക്രൂരമായിരിക്കണമെന്ന് ഡോക്ടര്‍ അന്നേ പറഞ്ഞതാണ്. ഇയാള്‍ ജയില്‍ ചാടിയെന്ന് കേട്ടപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയെപ്പോലെ തന്നെ തനിക്കും വീട്ടുകാര്‍ക്കും കടുത്ത ഭീതിയാണ് തോന്നിയതെന്ന് ഡോക്ടര്‍ ഷേര്‍ലി വാസു പറഞ്ഞു.

'ഗോവിന്ദച്ചാമി ജയില്‍ ചാടി എന്ന വാര്‍ത്ത കടുത്ത ആശങ്കയുണ്ടാക്കി. ഗേറ്റും വാതിലുമൊക്കെ പൂട്ടിയിട്ടുണ്ടോയെന്ന് വിവരം വിളിച്ചറിയിച്ച സഹോദരന്‍ ചോദിച്ചു. റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് തിരികെ കയറുമ്പോള്‍ സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു, അപ്പോഴാണ് കാര്യം അറിയുന്നത്. ഗോവിന്ദച്ചാമി ജയിലിലായി പതിനാലു വര്‍ഷം ആയെങ്കിലും ഇതുവരെ തനിക്കെതിരെ ഭീഷണിയൊന്നുമുണ്ടായില്ല. പൊലീസിന്റെ പരിധിക്കുമപ്പുറമാണ് ഗോവിന്ദച്ചാമി, ഇത്തരം ക്രിമിനലുകള്‍ പലപ്പോഴും തലപൊക്കുന്നത് ആ മേഖലയിലെ ദീര്‍ഘകാലം പ്രവര്‍ത്തിച്ച എസ്‌ഐമാര്‍ സ്ഥലംമാറി പോകുന്ന ഘട്ടത്തിലാണ്. സ്ത്രീകളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സമയമാണത്, ഇന്നും ട്രെയിനിലുള്‍പ്പെടെ സ്ത്രീകളുടെ സുരക്ഷയൊരു ചോദ്യചിഹ്നമാണ്. ഗോവിന്ദച്ചാമി തന്നെ പറഞ്ഞത് അയാള്‍ വേഗത കുറഞ്ഞോടുന്ന ട്രെയിനുകളിലാണ് ക്രൈം ചെയ്യാറുളളത് എന്നാണ്. അത്തരക്കാര്‍ക്ക് ഓടിക്കയറാനും ഇറങ്ങാനും അതിലേ പറ്റൂ. ഇത്തരത്തില്‍ വേഗതകുറവുള്ള ട്രെയിനുകളില്‍ സുരക്ഷ കൂട്ടേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്നും ഡോക്ടര്‍ പറഞ്ഞു

'ഗോവിന്ദച്ചാമിയെ സെല്ലിനു പുറത്തുകൊണ്ടുപോയി ജയിലിലെ പതിവ് വ്യായാമങ്ങള്‍ ചെയ്യിക്കാറില്ല കാരണം പുറത്തുകൊണ്ടു പോയാല്‍ ഇയാള്‍ പൊലീസുകാര്‍ക്കു നേരെ അയാളുടെ വിസര്‍ജ്യം എടുത്തെറിയുമായിരുന്നു, അതുകൊണ്ട് സെല്ലില്‍ തന്നെ ഇരുത്തും. ഈ സമയം അവന്‍ സെല്ലിനുള്ളിലെ ഭിത്തിയിലേക്ക് ഓടിക്കയറി പരിശീലിക്കുമായിരുന്നു, ഇക്കാലമത്രയും അയാള്‍ അങ്ങനെ പരിശീലിച്ചത് ഈ ജയില്‍ചാട്ടത്തിനു വേണ്ടി തന്നെയാവും. ഇതിനെ ഒരു വ്യായാമമെന്ന നിലയിലായിരിക്കും പൊലീസും കരുതിയിരിക്കുക, അവന്റെ ക്രിമിനല്‍ബുദ്ധി ഉദ്യോഗസ്ഥ ബുദ്ധിക്കും അപ്പുറമാണ്.

നിരന്തരം അയാള്‍ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചുകൊണ്ടേയിരുന്നു, കോടതിനടപടികള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നത് കണ്ടു, ഒരിക്കല്‍, താനിനിയും കൊല്ലുമെന്ന് കോടതിയില്‍ വിളിച്ചു പറഞ്ഞു, ആരെയാണ് കൊല്ലുക എന്ന് ചോദിച്ചപ്പോള്‍ സ്വന്തം വക്കീലായ ആളൂരിനെ തന്നെ കൊല്ലുമെന്നാണ് പറഞ്ഞതെന്ന് മനസിലായി, ആളൂര്‍ അയാള്‍ക്കുവേണ്ടി ശക്തമായി വാദിച്ചില്ലെന്ന് തോന്നിയപ്പോഴായിരുന്നു ഈ കൊലവിളി. പൊലീസ് പിടിച്ചാലും നില്‍ക്കുന്ന ആളല്ല ഗോവിന്ദച്ചാമി. അത്രയക്ക് ശക്തനാണ്.




കൈവിലങ്ങിട്ട ശേഷം അതിനോടു ചേര്‍ത്ത് ബന്ധിച്ചിട്ടുള്ള ചങ്ങല ചുറ്റിപ്പിടിച്ചാല്‍ മാത്രമേ അവനെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. 'ഈ കൊടുംക്രിമിനലിനെ എന്നും കാണേണ്ടിവരുന്ന ജയില്‍ ജീവനക്കാരെ കുറ്റപ്പെടുത്താനാവില്ല. ദിവസവും എത്രത്തോളം ബുദ്ധിമുട്ടിയാവും ഇയാള്‍ക്ക് സെല്ലിലേക്ക് ഭക്ഷണം പോലും കൊടുക്കുന്നതെന്ന് ഓര്‍ത്താല്‍ മതി, കടുവാക്കൂട്ടില്‍ കയറുന്ന പോലെയാണ് അവന്റെ സെല്ലിലേക്ക് കയറാനാവുക, അവന്റെ കണ്ണിലേക്ക് ഞാന്‍ നോക്കിയിട്ടുണ്ട്, സ്‌പൈന്‍ചില്ലിങ് വരുത്തും, നമ്മുടെ നട്ടെല്ല് തരിച്ചു വിറയ്ക്കും, അതുപോലെ തന്നെയാണ് കൃഷ്ണപ്രിയയുടെ കൊല നടത്തിയ മുഹമ്മദിന്റെ കണ്ണിലേക്ക് നോക്കുമ്പോഴും. താന്‍ കണ്ടതില്‍വച്ച് തന്നെ ഏറ്റവും വലിയ ക്രിമിനലുകളാണ് ഇരുവരും. ഒരു ദൃക്‌സാക്ഷിയുടെ മൊഴിയാണ് ഈ കേസ് സുപ്രിംകോടതിയില്‍ ദുര്‍ബലമാക്കിയത്. ഈ പെണ്‍കുട്ടി ചാടി രക്ഷപ്പെട്ടു പോയി എന്നൊരു സ്റ്റേറ്റ്‌മെന്റ് കോടതി റെക്കോര്‍ഡിലുണ്ട്. രക്ഷപ്പെട്ടുപോയി എന്നത് അയാള്‍ കൂട്ടിച്ചേര്‍ത്തതായിരുന്നു. അയാളെ കണ്ടെത്താനായില്ലെന്നതാണ് കേസിനെ ദുര്‍ബലമാക്കിയ കാര്യം. ആളൂര്‍ കണ്ടുപിടിച്ചതായിരുന്നില്ല ആ ദൃക്‌സാക്ഷിയെ, സംഭവത്തെക്കുറിച്ചുള്ള കോടതി സമ്മറീസില്‍ ഉളള കാര്യമാണിത്.

'പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ തന്നെ കൊലയാളിയുടെ ക്രിമിനല്‍ മനസിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായി. ഒരു കയ്യുടെ അഞ്ച് വിരലുകളും പെണ്‍കുട്ടിയുടെ കോളര്‍ബോണില്‍ അമര്‍ന്നിരുന്നു. ഇടത്തേ കൈപിടിച്ച് തിരിച്ചു, 14പല്ലുകളോളം അയാള്‍ അടിച്ചുതെറിപ്പിച്ചു, തലമുടി കുത്തിപ്പിടിച്ച് വളരെ പെട്ടെന്ന് ഡോറിനടുത്തുള്ള പാസേജില്‍ ഇടിച്ചു. നെറ്റിയിലെ എല്ലുപൊട്ടി, തലയോട്ടി മധ്യഭാഗം പൊട്ടി, പിറ്റിയൂറ്ററി ഗ്രന്ഥി രണ്ടായി, പിന്നാലെ അബോധാവസ്ഥയിലായി, എങ്കിലും അവള്‍ ധീരയായ പെണ്‍കുട്ടിയാണെന്ന് ഞാന്‍ പറയും. കാരണം കിട്ടിയ ചെറിയ സമയത്തിനുള്ളില്‍ അവള്‍ വളര്‍ത്തിനീട്ടിയ നഖങ്ങള്‍ കൊണ്ട് അയാളുടെ കഴുത്ത് മുതല്‍ നെഞ്ചിലേക്ക് വരഞ്ഞുകീറിയിരുന്നു, ഇത്രയുമായപ്പോഴേക്ക് അവള്‍ പഴംതുണി പോലെ അയാളുടെ ഒരു കയ്യില്‍ തൂങ്ങിക്കിടക്കുകയായിരുന്നു, അതിനു ശേഷമാണ് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് ബലാത്സംഗം ചെയ്തത്. മുഖം പോലും തകര്‍ന്ന അവസ്ഥയിലാണ് അയാള്‍ ബലാത്സംഗം ചെയ്തത് എന്നതില്‍ നിന്നുതന്നെ അവന്റെ ക്രൂരത വ്യക്തമായിരുന്നു.

അന്ന് ഗോവിന്ദച്ചാമിയെ പരിശോധിച്ച ഡോക്ടറോട് പറഞ്ഞത് വഴിയരികില്‍ ഇരിക്കുന്ന പായസം കിട്ടിയാല്‍ കഴിക്കില്ലേയെന്നാണ്. തന്റെ കരിയറില്‍ തന്നെ ഗോവിന്ദച്ചാമിയോളം പോന്നൊരു ക്രിമിനലിനെ താന്‍ കണ്ടിട്ടില്ല,. അവനെ ജയിലില്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു' ഷേര്‍ലി വാസു പറഞ്ഞിരുന്നു.

വിരമിക്കലിന് ശേഷം..

കഴിഞ്ഞ കുറച്ചുകാലമായി കെ.എം.സി.ടി. മുക്കം മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഡോ. ഷെര്‍ളി വാസു.തൊടുപുഴ സ്വദേശിനിയായ ഡോ. ഷെര്‍ളി വാസു, 1979-ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1982-ല്‍ ഔദ്യോഗിക സേവനമാരംഭിച്ച ഇവര്‍, രണ്ടു വര്‍ഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1996-ല്‍ ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പോടുകൂടി ഉപരിപഠനം നടത്തിയ ഡോ. ഷെര്‍ളി, 2001 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്നു. 2016-ല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് വിഭാഗം മേധാവിയായിരിക്കെയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.

വിരമിച്ച ശേഷവും ഫൊറന്‍സിക് രംഗത്ത് സജീവമായിരുന്ന ഡോ. ഷെര്‍ളി, തന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി 'പോസ്റ്റ്മോര്‍ട്ടം ടേബിള്‍' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.