തിരുവനന്തപുരം: കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിന് തെളിവായി പ്രിൻസിപ്പലിന്റെ കുറ്റസമ്മതം. മനുഷ്യാവകാശ കമ്മീഷനിലെ പരാതിയിലെ മറുപടിയിലാണ് തന്റെ സ്‌കൂളിലെ കുട്ടികൾ മയക്കു മരുന്ന് ഉപയോഗിക്കുന്നതായി സമ്മതിക്കുന്നത്. തിരുവനന്തപുരത്തെ അതിപ്രശസ്തമായ സ്‌കൂളിലെ പ്രിൻസിപ്പളായ വൈദികന്റേതാണ് കുറ്റസമ്മതം.

അതിനിടെ പരാതിയിൽ നിന്ന് തലയൂരാൻ സ്‌കൂൾ ക്യാമ്പസിനുള്ളിൽ ലഹരി മരുന്ന് ഉപയോഗം ഉണ്ട് എന്നവാദവുമായി പ്രിൻസിപ്പാൾ എത്തുകയാണെന്ന വാദവും ശക്തമാണ്. സ്വയരക്ഷക്കായി മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതും സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിനെ തുരങ്കം വയ്ക്കുന്നതിനുമാണ് ഈ ആരോപണമെന്നും വാദമുണ്ട്. അതിപ്രശസ്തമായ ഒരു ഹയർസെക്കൻഡറി സ്‌കൂൾ സ്‌കൂൾ പ്രിൻസിപ്പലാണ് തന്റെ സ്‌കൂളിലെ മയക്കു മരുന്ന് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസിനേയോ എക്‌സൈസിനേയോ സ്‌കൂൾ അധികൃതർ അറിയിച്ചില്ലെന്നതാണ് വ്തുത.

സ്‌കൂളിലെ കുട്ടിയെ പ്രിൻസിപ്പൽ തല്ലി മുറിവേൽപ്പിച്ചുവെന്നതാണ് ആരോപണം. തുടർന്ന് പരാതി പറയാൻ പോയ രക്ഷിതാക്കളെ പ്രിൻസിപ്പൽ ആക്ഷേപിക്കുകയും ചെയ്തുവത്രേ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രക്ഷിതാവിന്റെ കൈയിലുണ്ട്. ഇതിനെ തുടർന്ന് ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി എത്തി. ബാലാവകാശ കമ്മീഷൻ സിറ്റിംഗിൽ പ്രിൻസിപ്പലിന്റെ വാദമെല്ലാം പൊളിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും പ്രിൻസിപ്പലിന് എതിരാണ്. ഇതിനിടെയാണ് മനുഷ്യാവകാശ കമ്മീഷനിലെ വിചിത്ര മറുപടി ചർച്ചകളിലെത്തുന്നത്.

സ്‌കൂളിൽ മയക്കു മരുന്ന് കണ്ടെത്തിയാൽ അത് പൊലീസിനേയോ എക്‌സൈസിനേയോ അറിയിക്കണം. ഇത് പ്രിൻസിപ്പൽ ചെയ്തിട്ടില്ലെന്നത് ഗുരുതരമായ കുറ്റമാണ്. മാഫിയയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സർക്കാർ പല സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ മനുഷ്യാവകാശ കമ്മീഷനിലെ കത്ത് എക്‌സൈസ് ഉന്നതരുടെ ശ്രദ്ധയിലും പെട്ടു. അവർ തിരുവനന്തപുരത്തെ സ്‌കൂളിൽ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. പ്രിൻസിപ്പളിൽ നിന്നും നേരിട്ട് കാര്യങ്ങൾ ചോദിച്ചറിയും.

വിദ്യാഭ്യാസ അവകാശ നിയമം 2009 ചാപ്റ്റർ 14 ലെ (17.2) 1 ഉം 2 ഉം നിയമപ്രകാരം കുട്ടികൾക്ക് മേലുള്ള ശാരീരികമായ പീഡനം ശിക്ഷാർഹമാണ്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വൈദികനായ ഈ പ്രിൻസിപ്പാളിൽ നിന്ന് ക്രൂരവും നിരന്തരവുമായ ശാരീരിക പീഡനങ്ങൾ ആണ് നേരിടേണ്ടി വരുന്നത്. ഇതേ തുടർന്നാണ് വ്യക്തമായ തെളിവുകളോടെ മനുഷ്യാവകാശ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലും മറ്റ് സർക്കാർ സംവിധാനങ്ങളിലും ഇതേ സ്‌കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ പിതാവ് പരാതി നൽകിയത്.

പരാതി നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിയെ ഏതു വിധേനയും കുറ്റക്കാരനാക്കുക എന്ന പ്രിൻസിപ്പാളിന്റെ മനസ്ഥിതിയെ തുടർന്ന് സ്‌കൂളിൽ പോകാൻ പോലും പലപ്പോഴും ഈ വിദ്യാർത്ഥി തയ്യാറാകുന്നില്ല എന്നതാണ് സ്ഥിതി. പരാതിയോടനുബന്ധിച്ചുള്ള തെളിവെടുപ്പും അന്വേഷണവും നടന്നുവരുന്നതിനിടയിലാണ് പിതാവ് നൽകിയ പരാതിക്കുള്ള മറുപടിയായി മനുഷ്യാവകാശ കമ്മീഷനിൽ ഇത്തരമൊരു വിശദീകരണം സ്‌കൂൾ പ്രിൻസിപ്പൽ നൽകിയത്. അതിൽ ഗുരുതര സ്ഥിതിവിശേഷമാണ് തന്റെ സ്‌കൂളിലുള്ളതെന്ന് പ്രിൻസിപ്പൽ തന്നെ സമ്മതിക്കുന്നു.

ഒരു കൂട്ടം വിദ്യാർത്ഥികൾ സ്‌കൂൾ കോബൗണ്ടിനുള്ളിൽ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവരെ ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക മാത്രമാണ് താൻ ചെയ്തത് എന്നതാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം. എന്നാൽ സ്‌കൂൾ ക്യാമ്പസിനുള്ളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി വിവിധ വകുപ്പുകളെ അറിയിക്കാനുള്ള കടമയും ഉത്തരവാദിത്വവും പ്രിൻസിപ്പാളിൽ ഉണ്ട്.

സാമൂഹ്യ സുരക്ഷ വകുപ്പ് മറ്റ് പൊലീസ് സംവിധാനങ്ങൾ സർക്കാർ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ അറിയിച്ചിട്ടുണ്ടോ എന്ന് പ്രിൻസിപ്പാൾ വിശദീകരണത്തിൽ വ്യക്തമാക്കുന്നില്ല. പ്രിൻസിപ്പാളിന്റെ ഈ നടപടി സ്‌കൂളിലെ മറ്റ് ഉന്നത അധികാരികൾ അറിഞ്ഞില്ലെന്നും സൂചനകളുണ്ട്.