- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കാരായ നടീനടന്മാരിൽ എക്സൈസ് ലിസ്റ്റിൽ പത്ത് പേർ; പേരു വിവരങ്ങൾ കൈമാറിയിട്ടും കാര്യമില്ല; ലൊക്കേഷനിൽ എക്സൈസ് റെയ്ഡ് നടത്തിയാൽ അത് വൻ വിവാദമാകും; ഇക്കാര്യം വരുമ്പോൾ സിനിമാ സംഘടനകൾ നിസ്സഹകരണത്തിൽ; കാരവാനിൽ ഇരുന്ന് എംഡിഎംഎ അടിക്കുന്ന നടന്മാർ രക്ഷപെടുന്നത് പരിശോധനകൾ നടക്കാത്തതിനാൽ
തിരുവനന്തപുരം: മലയാള സിനിമയിലെ യുവനടന്മാരിൽ ചിലർ എംഡിഎംഎ അടക്കമുള്ള രാസലഹരികൾ ഉപയോഗിക്കുന്നു എന്നത് നാട്ടിലെങ്ങും പാട്ടായ കാര്യമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും പുതുമയുള്ളതായി അറിവില്ല. നിർമ്മാതാക്കൾ ഇക്കാര്യം പരസ്യമായി തുറന്നു പറഞ്ഞതോടെ ഈ ലഹരിക്ക് തടയിടാൻ കഴിയുമോ എന്നതാണ് ഇനി അറിയേണ്ടത്. സിനിമാ മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പൊലീസിന്റെുയം എക്സൈസിന്റെയും പക്കലുണ്ട് താനും. എന്നാൽ, ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ പലപ്പോഴും കഴിയാത്തത് ഷൂട്ടിംഗ ലൊക്കേഷനിൽ പരിശോധന നടത്താൻ സാധിക്കാത്തതു കൊണ്ടാണ്.
സിനിമാമേഖലയിൽ രാസലഹരി ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പൊലീസും എക്സൈസും ശേഖരിച്ചെങ്കിലും നടപടിയെടുക്കാനാകുന്നില്ല. പ്രമുഖ നടീനടന്മാരടക്കം പത്തോളം പേരുടെ വിവരങ്ങളാണ് എക്സൈസിന്റെ വിവിധ സംഘങ്ങൾ ശേഖരിച്ചത്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ എല്ലാവർക്കും അറിവുള്ള കാര്യവുമാണ്. ലഹരി കടത്തിൽ പിടിയിലാകുന്നവരിൽനിന്നും ലഭിക്കുന്ന വിവരങ്ങളും അവരുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയുമാണ് നടീനടന്മാരുടെയും സിനിമാ പ്രവർത്തകരുടെയും വിവരങ്ങൾ എക്സൈസിന് ലഭിച്ചത്.
പലപ്പോഴും സിനിമാ മേഖലയിലേക്ക് ലഹരി ഒഴുകുന്ന വഴി എക്സൈസിന് അറിയാമെങ്കിലും, സിനിമാ മേഖലയിൽനിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാൽ പരിശോധന നടത്താനാകുന്നില്ല. എറണാകുളം ജില്ലയിലുള്ളവരാണ് രാസലഹരി ഉപയോഗത്തിൽ മുന്നിലെന്നാണ് എക്സൈസ് കണ്ടെത്തൽ. സിനിമാ സെറ്റുകളിൽ രാസലഹരി ഉപയോഗം വർധിക്കുന്നതായുള്ള ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് എക്സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. സിനിമയുടെ വിവിധ മേഖലകളിൽ താഴേത്തട്ടിൽ പ്രവർത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണിയെന്നു മനസിലായി.
താഴെത്തട്ടിൽ അഭിനേതാക്കളായി എത്തുന്നവരിൽ ചിലർ ലഹരിമാഫിയയുമായി അടുത്തബന്ധമുള്ളമുള്ളവരാണ്. കടത്തുകാരെ ചോദ്യം ചെയ്തപ്പോഴും ഫോൺ രേഖകൾ പരിശോധിച്ചപ്പോഴും അഭിനേതാക്കളുടെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും വിവരങ്ങൾ ലഭിച്ചു. സെറ്റുകളിൽ രാസലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരം പൊലീസും ശേഖരിച്ചു. എന്നാൽ, സിനിമാ സംഘടനകളിൽനിന്നും സഹകരണം ലഭിക്കാത്തതിനാൽ തുടരന്വേഷണം നടത്താനായില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
സിനിമാ സംഘടനകൾ ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈമാറിയിട്ട് കാര്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് പൊലീസിനും എക്സൈസിനും കൃത്യമായ അറിവുണ്ട്. സിനിമാ സെറ്റുകളിലെ പരിശോധനയ്ക്ക് സംഘടനകളുടെ സഹകരണം വേണം. ഇത്തരം പ്രവർത്തനങ്ങൾ നടക്കുമ്പോൾ കൃത്യമായ വിവരങ്ങൾ സഹകരിക്കേണ്ടത് നിർമ്മാതാക്കളും സിനിമായുടെ അണിയറക്കാരുമാണെന്നാണ് എക്സൈസിന്റെ പക്ഷം.
സൈറ്റുകളിൽ പരിശോധന നടത്തുന്നതിന് പൊലീസിനും എക്സൈസിനും പരിമിതികളുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാലും ലഹരിമരുന്ന് കണ്ടെടുക്കാനായില്ലെങ്കിൽ പ്രതിഷേധം ഉയരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റെയ്ഡ് നടത്തുമ്പോൾ ഷൂട്ടിങ് തടസ്സപ്പെടാം. കോടികൾ മുടക്കുന്ന വ്യവസായമായതിനാൽ ഷൂട്ടിങ് തടസപ്പെടുന്നത് പ്രതിഷേധത്തിന് ഇടയാക്കും.
കേസെടുത്താൽ സിനിമാ സെറ്റുകളിൽ ഉള്ളവർ കോടതിയിൽ സാക്ഷിപറയാനെത്താത്ത സാഹചര്യം ഉണ്ടാകും. സിനിമയിലുള്ളവർ തന്നെ മുൻകൈ എടുത്ത് സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്നും അന്വേഷണ ഏജൻസികൾക്ക് ഉടൻ വിവരം കൈമാറി സഹകരിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ സിനിമാ സംഘടനകളും പൊലീസും എക്സൈസും തമ്മിൽ ചർച്ച നടത്താനുള്ള ശ്രമവും നടന്നുവരുന്നു.
അതിനിടെ മയക്കുമരുന്ന് ലഭിക്കാൻ കൂടുതൽ എളുപ്പമുള്ളതിനാലാണ് ഇപ്പോൾ കുറെ സിനിമകളുടെ ഷൂട്ടിങ് കാസർകോട് നടക്കുന്നതെന്ന് നിർമ്മാതാവ് എം.രഞ്ജിത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സംവിധായകനും തിക്കഥാകൃത്തുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ രംഗത്തുവന്നു. 'കണ്ണൂരിൽ താമസിക്കുന്ന ഒരാൾ ലഹരി ഉപയോഗത്തിനായി കാസർകോട് പോയി സിനിമ ചെയ്യേണ്ട കാര്യമില്ല. ചാക്കോച്ചനെ വെച്ച് ഞാൻ ചെയ്ത സിനിമ കാസർകോടാണ് ഷൂട്ട് ചെയ്തത്. അങ്ങനെ ചെയ്താൽ ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാൽ കടന്നകയ്യാണ്'- അദ്ദേഹം സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിനിമ ഒരു തൊഴിൽ മേഖലയാണ്. രഞ്ജിത്തിന്റെ പ്രസ്താവനയോട് ഉത്തരം പറയേണ്ടത് മറ്റു ജില്ലക്കാരാണ്. കുറച്ച് സാമാന്യബോധമുള്ള വർ ഇങ്ങനെ പറയുമോ എന്നും അദ്ദേഹം ചോദിച്ചു. രഞ്ജിത്തിന്റെ വിവാദ പരാമർശത്തിനെതിരെ മദനോത്സവം സംവിധായകൻ സുധീഷ് ഗോപിനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു. കാസർകോടേക്ക് സിനിമയെടുക്കാൻ വന്നത് മയക്കു മരുന്ന് മോഹിച്ചിട്ടല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും സുധീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ലഹരി മരുന്നിന്റെ എളുപ്പത്തിലുള്ള ലഭ്യതക്ക് വേണ്ടി പല സിനിമകളും ചിത്രീകരണം കാസർകോട്ടേക്ക് മാറ്റുന്നത് എന്നായിരുന്നു രഞ്ജിത്തിന്റെ ആരോപണം. അതേസമം സിനിമ മേഖലയിലെ ലഹരി ഉപയോഗം സർക്കാർ ഗൗരവത്തോടെ കാണുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. രേഖാമൂലം പരാതി എഴുതി നൽകിയിട്ടില്ലെന്നും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മലയാള സിനിമ മേഖലയിൽ രണ്ടുപേർക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിനൊപ്പമാണ് സർക്കാരെന്നും താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി സിനിമ രംഗത്ത് സജീവമാവണം. വനിതകൾ ധാരാളമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതത്വത്തിന് പ്രശ്നമുണ്ടെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ