തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നു വിപണിയില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമായി എത്തുന്നതായി സൂചന. ഗ്രാമ പ്രദേശങ്ങളിലെ ചെറിയ ക്ലിനിക്കുകളിലൂടെയും മെഡിക്കല്‍ ക്യാമ്പുകളിലുടെയും നല്‍കുന്ന ജനറിക് മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ആരോഗ്യ വകുപ്പിന് പരാതി. വിപണിയിലെത്തിയ ശേഷം ഗുണനിലവാരമില്ലെന്നു കണ്ടെത്തി പിന്‍വലിക്കുന്ന ആരോഗ്യ വകുപ്പിന്‍െ്റ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. തമിഴ്നാട് നിന്നെത്തിയ ചുമ മരുന്ന് കഴിച്ച്് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന്‍െ്റ പശ്ചാത്തലത്തില്‍, ജില്ലാ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനകള്‍ നടത്താന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്.

സംസ്ഥാനത്തെ മരുന്ന് വിപണി നിയന്ത്രിക്കാന്‍ ശക്തമായ സംവിധാനമില്ലെന്നതാണ് പ്രശ്നത്തിന് കാരണം. നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനും സര്‍ക്കാരിന് സാധിക്കുന്നില്ല. നാഷണല്‍ ഡ്രഗ് അതോറിറ്റി രൂപീകരിച്ച് എല്ലാ മരുന്ന് നിര്‍മാണ യൂണിറ്റുകളും അതിന്റെ പരിധിയില്‍ കൊണ്ടുവരികയും എല്ലാ മരുന്നുകളും കര്‍ശന ഗുണനിലവാര പരിശോധനക്ക് വിധേയമാക്കുകയും ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഏകദേശം, രണ്ടരലക്ഷം മുതല്‍ മൂന്ന് ലക്ഷത്തില്‍ താഴെ ബാച്ച് മരുന്നുകളാണ് ഒരുവര്‍ഷം കേരളത്തിലെത്തുന്നതും വില്‍ക്കുന്നതും. രാജ്യത്താകെ വിറ്റഴിക്കുന്നതിന്റെ പത്ത് ശതമാനത്തിലധികം മരുന്നുകള്‍ കേരളത്തില്‍ വില്‍ക്കുന്നു. അതായത് 15,000 കോടിയിലധികം രൂപയുടെ മരുന്നാണ് വര്‍ഷം തോറും കേരളത്തില്‍ വില്‍ക്കുന്നത്. ഒരുവര്‍ഷം ഒരുലക്ഷം ബാച്ച് മരുന്നിന്റെ ഗുണനിലവാര പരിശോധന നടത്താന്‍ പോലും നിലവില്‍ സംവിധാനമില്ല. തിരുവനന്തപുരത്തും കാക്കനാടും തൃശ്ശൂരിലും കോന്നിയിലുമുള്ള ഡ്രഗ്ഗ് ടെസ്റ്റിങ് ലാബുകളിലൂടെ ആകെ മരുന്നുകളുടെ വളരെ ചെറിയ ശതമാനമേ പരിശോധിക്കാനാകൂ.

തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഗുജറാത്തിലും പരിശോധന നടത്തി അംഗീകാരം വാങ്ങിയ ജനറിക് മരുന്നുകളുടെ ഗുണനിലവാരത്തിലാണ് ഇപ്പോള്‍ സംശയമുയരുന്നത്. ഇതുസംബന്ധിച്ച്് ആരോഗ്യ വകുപ്പിന് ഈയ്യിടെയായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതലത്തില്‍ കര്‍ശന പരിശോധനകള്‍ നടത്താന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. വിപണിയിലുള്ള മരുന്നുകള്‍ സംബന്ധിച്ച് ആരോഗ്യ വിദഗ്ധരുടെയോ സംഘടനകളുടെയോ പരാതി ലഭിച്ചാലോ മറ്റ് അപകടങ്ങള്‍ സംഭവിച്ചാലോ ഡ്രഗ് കണ്‍ട്രോളര്‍ പരിശോധന നടത്തും.

അപ്പോള്‍ മാത്രമാണ് ഇത്തരം മരുന്നുകളുടെ ഗുണനിലവാരം അറിയാനാകുന്നത്. ഇതിനൊരു പരിഹാരമായി ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയ്നിംഗ് ഉള്ള എല്ലാ ഫാര്‍മസി കോളേജുകളിലും മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള യന്ത്രങ്ങളും മറ്റ് സംവിധാനങ്ങളും ലഭ്യമാക്കുകയെന്നതാണ്. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതിയോടെ, സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നിയന്ത്രണത്തില്‍, ഈ സ്ഥാപനങ്ങളിലൂടെ കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ നടത്തണമെന്നാണ് അവരുടെ അഭിപ്രായം.

മറ്റൊരു പ്രധാന പ്രശ്നം, മരുന്ന് വിതരണം ചെയ്യുന്ന സ്റ്റോറുകളുടെ കാര്യത്തിലാണ്. മറ്റ് രാജ്യങ്ങളില്‍ മെഡിക്കല്‍ സ്റ്റോറുകളിലും ഫാര്‍മസികളിലും നിശ്ചിത യോഗ്യത, അതായത് ഡിപ്ലോമ ഇന്‍ ഫാര്‍മസി, അതല്ലെങ്കില്‍ ബിരുദം ഉള്ളവരുടെ പേരിലായിരിക്കും കടയുടെ ലൈസന്‍സ്. അവരാണ് മരുന്ന് ഡിസ്പെന്‍സ് ചെയ്യുന്നതും എടുത്ത് കൊടുക്കുന്നതുമെല്ലാം. കേരളത്തില്‍ കടകള്‍ ലൈസന്‍സ് ഉള്ളവരുടെ പേരിലാണെങ്കിലും മരുന്ന് എടുത്തു നല്‍കുന്നവരുടെ യോഗ്യത പരിശോധിക്കാന്‍ സംവിധാനമില്ല.

അപ്പോള്‍ സ്വാഭാവികമായും മരുന്നുകള്‍ മാറിക്കൊടുക്കാനുള്ള സാധ്യതയും, നിലവാരം കൃത്യമായി നോക്കാതെ സ്റ്റോക്ക് ചെയ്യുന്ന സാഹചര്യവുമടക്കമുള്ള നിരവധി പ്രശ്നങ്ങളുണ്ടാകുന്നു. ഓരോ ദിവസവും വര്‍ധിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളുടെ എണ്ണത്തിന് ആനുപാതികമായി ഡ്രഗ്ഗ് ഇന്‍സ്പെക്ടറുമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.