ഡൽഹി:മൂത്രമൊഴി വാവാദത്തിന് പിന്നാലെ വിമാനത്തിനുള്ളിൽ മദ്യലഹരിയിൽ യാത്രക്കാരൻ നടത്തിയ മറ്റൊരു അതിക്രമ വാർത്ത കൂടി പുറത്ത്.എയർ ഇന്ത്യ മുംബൈ ലണ്ടൻ വിമാനത്തിലായിരുന്നു മദ്യപന്റെ അതിക്രമം.കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് സംഭവം നടന്നത്.എട്ട് വയസുകാരിയോടാണ് മദ്യപൻ അപമര്യാദയായി പെരുമാറിയത്. അമ്മയും സഹോദരനും എതിർത്തപ്പോൾ പ്രകോപിതനായി. തുടർന്ന് അതിക്രമം നടത്തിയ ആളെ വിമാനത്തിൽ കെട്ടിയിട്ടു. പ്രതിയെ പിന്നീട് ലണ്ടൻ പൊലീസിന് കൈമാറുകയായിരുന്നു. അതിക്രമം നടത്തിയയാൾക്ക് വിമാനത്തിൽ അളവിൽ കവിഞ്ഞ മദ്യം നൽകിയെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരനെ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന് കൈമാറി.കാബിൻ ക്രൂ അംഗങ്ങൾ മെട്രോ പൊളിറ്റൻ പൊലീസിന് മൊഴി നൽകിയെന്നും എയർ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.2019 സെപ്റ്റംബർ 19ന് ഡി.ജി.സി.എയേയും എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.അതിക്രമത്തിന് ഇരയായ യാത്രക്കാരന് വേണ്ട സഹായങ്ങളെല്ലാം കാബിൻ ക്രൂ ചെയ്തു നൽകിയെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

തുടർന്നും യാത്രക്കാരൻ മോശം പെരുമാറ്റം തുടർന്നതോടെ പൈലറ്റ് മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം ഹീത്രു എയർപോർട്ടിലെ ഗ്രൗണ്ട് സ്റ്റാഫിനേയും വിവരം അറിയിച്ചു.വിമാനത്തിൽ മോശം പെരുമാറ്റത്തിനിരയായ പെൺകുട്ടിയുടെ അമ്മ എയർ ഇന്ത്യക്ക് നൽകിയ പരാതിയിൽ അമിതമായി മദ്യപിച്ച യാത്രക്കാരനിൽ നിന്നും തന്റെ മകൾക്ക് മോശം പെരുമാറ്റമുണ്ടായെന്നും എയർലൈൻ സ്റ്റാഫ് കൃത്യസമയത്ത് തന്നെ ഇതിനെതിരെ ഇടപ്പെട്ടുവെന്നും വ്യക്തമാക്കുന്നുണ്ട്.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മിറ്റിയേയും എയർ ഇന്ത്യ നിയോഗിച്ചതായാണ് ഔദ്യോഗിക വിവരം.

കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ വൃദ്ധയായ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ എത്തിച്ച മിശ്രയെ പട്യാല ഹൗസ് കോടതി പതിനാല് ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വിമാനത്തിലെ പൈലറ്റ് ഉൾപ്പെടെ നാല് ജീവനക്കാർക്ക് എയർ ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കാരണംകാണിക്കൽ നോട്ടീസ് കൂടാതെ മദ്യം നൽകിയതിലും പരാതിയിലെ ഇടപെടലിലും വീഴ്‌ച്ച വന്നോയെന്ന് പരിശോധിക്കാൻ ആഭ്യന്തര അന്വേഷണം നടത്തും ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് എയർ ഇന്ത്യ സിഇഒ പ്രസ്താവനയിൽ പറഞ്ഞു.

മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഏറെ വൈകി, ഈ ആഴ്ച മാത്രമാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്.