- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമല ഡ്യൂട്ടി കഴിഞ്ഞ് ഫയർ എൻജിനുമായി വരുമ്പോൾ ബിവറേജിൽ നിന്നൊരു കുപ്പി വാങ്ങി; വരുന്ന വഴി അൽപ്പാപ്പം രുചിച്ചു; അടൂരിൽ വന്ന് ബാറിലും കയറി അടിച്ചു; മണക്കാലായിൽ റോഡിന് കുറുകേ വണ്ടിയിട്ടു; നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ച ഫയർ ഫോഴ്സ് ഡ്രൈവർ അറസ്റ്റിൽ
അടൂർ: ശബരിമല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി മദ്യപിച്ച് ഫയർ എൻജിൻ ഓടിച്ചതിന് ഫയർ ഫോഴ്സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് അജയ ഭവനിൽ വിജയകുമാറിനെ(50)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടൂർ-കടമ്പനാട് റൂട്ടിൽ മണക്കാലാ എൻജിനീയറിങ് കോളജിന് സമീപം റോഡിന് കുറുകേ ഫയർ എൻജിൻ നിർത്തിയതോടെയാണ് ഇയാൾ നാട്ടുകാരുടെ പിടിയിലായത്. വിവരമറിഞ്ഞ് വന്ന പൊലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഫയർ എൻജിൻ പിന്നീട് അടൂർ സ്റ്റേഷനിലേക്ക് മാറ്റി.
വിജയകുമാർ നിലമ്പൂർ ഫയർ സ്റ്റേഷനിലെ ഡ്രൈവറാണ്. കൊല്ലം പരവൂർ ഫയർ സ്റ്റേഷനിലെ ഫയർ എൻജിനുമായി നിലയ്ക്കലിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. നിലയ്ക്ക്ൽ പള്ളിയറക്കാവ് ക്ഷേത്രത്തിന് മുന്നിൽ ഡ്യൂട്ടിക്ക് കൊണ്ടു വന്നതാണ് ഫയർ എൻജിൻ. താൻ കൊല്ലത്തേക്ക് പോകുമ്പോൾ വാഹനം പാർക്കിങ് പോയിന്റായ കടപ്പാക്കട ഫയർ സ്റ്റേഷനിൽ ഇട്ടേക്കാമെന്ന് പറഞ്ഞ് ചോദിച്ചു വാങ്ങിയതാണ്. പരവൂരിൽ വാഹനം ഇടാൻ സ്ഥലമില്ലാത്തതിനാൽ തൽക്കാലത്തേക്ക് കടപ്പാക്കട സ്റ്റേഷനിലാണ് വാഹനം സൂക്ഷിക്കുന്നത്. ഇവിടുത്തെ ആവശ്യങ്ങൾക്കും ഉപയോഗിച്ച് വരുന്നു.
പ്ലാപ്പള്ളിയിൽ നിന്ന് വാഹനവുമായി പുറപ്പെട്ട ഇയാൾ പത്തനംതിട്ടയിൽ വന്ന് ബിവറേജസിൽ നിന്ന് മദ്യം വാങ്ങി അൽപ്പാൽപ്പം കുടിച്ച് അടൂരിലെത്തി. തുടർന്ന് കെ.എസ്ആർടിസിക്ക് സമീപം വാഹനം പാർക്ക് ചെയ്തിട്ട് സമീപത്തെ ബാറിൽ കയറി വീണ്ടും മദ്യപിച്ചു. അതിന് ശേഷം പോകുന്ന വഴിയാണ് മണക്കാലായിൽ വച്ച് വാഹനം നിയന്ത്രണം തെറ്റി റോഡിന് കുറുകേ കിടന്നത്. വിജയകുമാർ ഓടിച്ച അഗ്നിരക്ഷാ സേനയുടെ വാഹനം മറ്റു വാഹനങ്ങളെ ഇടിക്കുന്ന അവസ്ഥയിലായിരുന്നു പോയത്. വെള്ളക്കുളക്കര ജങ്ഷനിൽ വാഹനം ഏറെ നേരം നിർത്തിയിടുകയും ഇവിടുത്തെ സ്റ്റാന്റിലെ ഓട്ടോറിക്ഷക്കാരോട് കൊല്ലം പോകാനുള്ള വഴി ചോദിക്കുകയും ചെയ്തു. തുടർന്ന് വാഹനം ഇവിടെ നിന്നും ചവറ റൂട്ടിലേക്ക് ഓടിച്ചു പോയി. ഒടുവിൽ വാഹനം മണക്കാലയിൽ വച്ച് സ്വകാര്യ ബസിന് സൈഡ് കൊടുക്കുവെ നിയന്ത്രണം വിട്ട് റോഡിന് കുറുകെയായി നിർത്തുകയായിരുന്നു. വീണ്ടും വാഹനം മുന്നോട്ട് എടുക്കാൻ ഡ്രൈവർ തുനിയവെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. അഗ്നി രക്ഷാ സേനാ ഡ്രൈവർ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്. വാഹനത്തിൽ നിന്നും ഇയാൾ ആദ്യം ഇറങ്ങാൻ കൂട്ടാക്കിയില്ല. പൊലീസ് എത്തിയ ശേഷമാണ് വാഹനത്തിൽ നിന്നും ഇറങ്ങിയത്. വാഹനം റോഡിന് കുറുകെ 15 മിനുറ്റോളം കിടന്നു. ഇതു കാരണം റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ഒടുവിൽ അടൂർ അഗ്നി രക്ഷാ സേന നിലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അഗ്നി രക്ഷാ സേനയുടെ വാഹനം മാറ്റിയത്.
കായംകുളം ഫയർ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾ സസ്പെൻഷനിലായിരുന്നു. പിന്നീട് തിരിച്ചു കയറിയപ്പോൾ നിലമ്പൂരിലേക്ക് മാറ്റി. അവിടെ നിന്നാണ് ശബരിമല ഡ്യൂട്ടിക്ക് വന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ കൊല്ലത്തേക്ക് പോകുന്ന താൻ വാഹനം കടപ്പാക്കടയിൽ എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കേസ് എടുത്ത് ജാമ്യത്തിൽ വിട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്