ദുബായ്: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ ഏക സർവീസ് മാർച്ച് 28-ന് നിർത്തലാക്കും. എയർ ഇന്ത്യക്ക് പകരം മാർച്ച് 29 മുതൽ ഇതേ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിക്കുമെന്നാണ് വിവരം. ഈ മാറ്റം ദുബായ്-കൊച്ചി റൂട്ടിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം, അധിക ബാഗേജ്, പ്രീമിയം ക്യാബിൻ, ലോഞ്ച് സൗകര്യം തുടങ്ങിയ എയർ ഇന്ത്യ നൽകിയിരുന്ന പ്രീമിയം സേവനങ്ങൾ നഷ്ടപ്പെടുത്തും. കേരളത്തെ അവഗണിച്ച് ഈ സർവീസുകൾ ഡൽഹി, മുംബൈ റൂട്ടുകളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ട്രാവൽ ഏജൻസികൾ ഉൾപ്പെടെ കടുത്ത പ്രതിഷേധത്തിലാണ്.

നിലവിൽ ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസായ എഐ 934 വിമാനമാണ് ഇതോടെ ഇല്ലാതാകുന്നത്. മാർച്ച് 28 വരെ മാത്രമാകും കൊച്ചി-ദുബായ് റൂട്ടിൽ എയർ ഇന്ത്യ സർവീസ് നടത്തുക. തുടർന്ന് മാർച്ച് 29 മുതൽ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്നാണ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗിക വിവരം. എന്നിരുന്നാലും, ഇതുവരെ ഈ മാറ്റത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.

എയർ ഇന്ത്യയുടെ പിൻമാറ്റത്തോടെ, പ്രീമിയം യാത്രാനുഭവം ആഗ്രഹിക്കുന്നവർക്ക് വലിയ തിരിച്ചടിയാകും. നിലവിൽ എയർ ഇന്ത്യ വിമാനങ്ങളിൽ ലഭിച്ചിരുന്ന സൗജന്യ ഭക്ഷണം, അധിക ബാഗേജ് സൗകര്യം, പ്രീമിയം ക്യാബിൻ, ലോഞ്ച് സൗകര്യം എന്നിവ ഇനി ലഭ്യമാകില്ല. ഈ സൗകര്യങ്ങൾ ലഭ്യമല്ലാതാകുന്നതിൽ യാത്രക്കാർക്കിടയിലും ട്രാവൽ ഏജൻസികൾക്കിടയിലും കടുത്ത അമർഷമുണ്ട്. കേരളത്തോടുള്ള അവഗണനയുടെ ഭാഗമായി ഈ പ്രീമിയം റൂട്ടുകൾ ഡൽഹി, മുംബൈ തുടങ്ങിയ മറ്റ് റൂട്ടുകളിലേക്ക് എയർ ഇന്ത്യ വഴിമാറ്റുകയാണെന്നും വിമർശനമുയർന്നിട്ടുണ്ട്.

ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള പ്രതിദിന എയർ ഇന്ത്യ സർവീസും അവസാനിപ്പിക്കാൻ നീക്കമുള്ളതായാണ് റിപ്പോർട്ടുകൾ. എയർ ഇന്ത്യയുടെ ഈ നീക്കം കേരളത്തിൽ നിന്നുള്ള പ്രവാസികൾക്കും ട്രാവൽ വ്യവസായത്തിനും കാര്യമായ വെല്ലുവിളിയാകുമെന്നതിനാൽ ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്.