കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഗാരിജില്‍ നിന്ന് പിടിച്ചെടുത്ത വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത കാര്‍ കസ്റ്റംസ് പിടിച്ചെടുത്തതില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി.ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചതിനെയും കസ്റ്റംസ് ചോദ്യംചെയ്തു. കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടിയിരുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

ദുല്‍ഖറില്‍ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാണിച്ചു. വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം, കസ്റ്റംസ് അഭിഭാഷകനോട് കോടതി ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. വര്‍ഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തത്. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണ് ഇത്. ഒടുവില്‍ എത്തിയ ഉടമയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാണ് ഇതില്‍ യഥാര്‍ത്ഥ ഉത്തരവാദി എന്നും കോടതി ചോദിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്. ഇവയില്‍ ഒരു വാഹനം ഇന്ത്യന്‍ ആര്‍മിയുടെ വ്യാജ സെയില്‍ ലെറ്റര്‍ ഉപയോഗിച്ച് ഹിമാചല്‍ സ്വദേശിയായ ഹരികിഷന്‍ രാം ദയാല്‍ എന്നയാളുടെ പേരിലാണ് 2007-ല്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം 'ലക്കി ഭാസ്‌കര്‍' എന്ന ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. വെണ്ണലയില്‍ നിന്നാണ് കസ്റ്റംസ് ഈ വാഹനം കസ്റ്റഡിയിലെടുത്തത്. നടന്റെ പേരില്‍ കര്‍ണാടകയിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കസ്റ്റംസിന്റെ പട്ടികയിലുള്ള മറ്റ് രണ്ട് വാഹനങ്ങളും ദുല്‍ഖറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങള്‍ പിടിച്ചെടുത്ത നടപടിയെ ദുല്‍ഖര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത വാഹനങ്ങളെ സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടികള്‍.

കസ്റ്റംസ് പിടിച്ചെടുത്ത 33 വാഹനങ്ങള്‍ ഉടമകളുടെ കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, ദുല്‍ഖര്‍ സല്‍മാന്റെ വാഹനം ഉള്‍പ്പെടെയുള്ള 6 ആഢംബര വാഹനങ്ങള്‍ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിലാണ്. റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും 39 വാഹനങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അന്വേഷണം തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും പോലീസിന്റെ സഹായം തേടും. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലെത്തിച്ച 200 ഓളം വാഹനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം.