ഡൽഹി: വിദേശത്ത് നിന്ന് ഇന്ത്യ സന്ദർശിക്കാൻ വരുന്ന സഞ്ചാരികളോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ ഇപ്പോൾ വർധിച്ചു വരുകയാണ്. കൂടുതലും സ്ത്രികളോട് ആണ് ഇവർ അതിക്രമം കാണിക്കുന്നത്. അങ്ങനെ റിപ്പോർട്ട് ചെയ്ത പല കേസുകളും ഉണ്ട്. അതിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ഉള്ളതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. ഇപ്പോഴിതാ, അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ ഡൽഹിയിൽ നടന്നിരിക്കുന്നത്. ട്രെയിൻ യാത്രക്കിടെ യുവാവിൽ നിന്നും ദുരുനുഭവം നേരിട്ടതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു ഡച്ച് വനിതയാണ് അതിക്രമത്തിന് ഇരയായിരിക്കുന്നത്.

ഡൽഹിയിൽ നിന്നും ആ​ഗ്രയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഈ ഡച്ച് വനിത. ട്രെയിനിൽ വച്ചാണ് അവർക്ക് തീർത്തും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം നടന്നത്. അതിനെ കുറിച്ച് വളരെ വിശദമായി തന്നെ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ അവർ കുറിച്ചിട്ടുണ്ട്. ഒരു വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/reel/DFA50f-TYIa/?utm_source=ig_embed&utm_campaign=loading

അവരുടെ പോസ്റ്റിൽ പറയുന്നത്, യാത്രക്കിടെ തനിക്കുണ്ടായ തീർത്തും അസ്വസ്ഥാജനകമായ അനുഭവത്തെ കുറിച്ചാണ്. തന്റെ ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ യാത്രയായിരുന്നു ഇത്. തനിക്ക് അല്പം വിശ്രമം വേണമായിരുന്നു. എന്നാൽ, തന്റെ അടുത്തിരുന്ന യുവാവ് തന്നോട് നിർത്താതെ സംസാരിക്കുകയും രഹസ്യമായി തുടരെത്തുടരെ തന്റെ ചിത്രം പകർത്തുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്.

താൻ അയാളോട് നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും നിർത്തിയില്ല, അവസാനം അയാളെത്തന്നെ നിർത്തിക്കൊണ്ട് ഒരു വീഡിയോ എടുക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. യുവാവിനെ വീഡിയോയിൽ കാണാം. എന്നാൽ, യുവാവ് അവരെന്താണ് പറയുന്നതെന്നോ, അവർക്ക് ബുദ്ധിമുട്ടുണ്ടായി എന്നോ ഒന്നും ​ഗൗനിക്കുന്നില്ല. ചിരിച്ചുകൊണ്ട് പോസ് ചെയ്യുകയാണ്. അതിനെ കുറിച്ചും യുവതി കാപ്ഷനിൽ പരാമർശിക്കുന്നുണ്ട്.

പരാതി പറയാൻ‌ നോക്കിയിട്ട് ജീവനക്കാരെ ഒന്നും ട്രെയിനിൽ കണ്ടില്ല എന്നും യുവതി പറയുന്നു. പക്ഷേ, ഈ അനുഭവങ്ങളൊന്നും ഇന്ത്യയെ കാണുന്നതിൽ നിന്നും അറിയുന്നതിൽ നിന്നും വിലക്കുന്നില്ല എന്നും അവർ പറയുന്നു. താൻ ഇന്ത്യയെ വളരെയധികം സ്നേഹിക്കുന്നു. ഇന്ത്യയിൽ ഒരുപാട് സുഹൃത്തുക്കൾ ഇതിനോടകം തന്നെ തനിക്കുണ്ടായിട്ടുണ്ട്. ഇന്ത്യയിലുള്ളവർ നൽകുന്ന എല്ലാ ദയയ്ക്കും ആതിഥ്യമര്യാദയ്ക്കും നന്ദി എന്നും യുവതി കുറിക്കുകയും ചെയ്തിട്ടുണ്ട്.