- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അർബൻ അതിവേഗ പാത; നാല് പാക്കേജുകളടങ്ങുന്ന 563 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ; 9,000 കോടി രൂപ ചെലവിൽ നിർമ്മാണം; ഇത് എഞ്ചിനീയറിങ് അത്ഭുതം! ദ്വാരക എക്സ്പ്രസ് വേയുടെ വീഡിയോ പങ്കിട്ട് നിതിൻ ഗഡ്കരി; ഭാവിയിലേക്കുള്ള യാത്ര ആരംഭിക്കുന്നതായും കേന്ദ്രമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അർബൻ അതിവേഗ പാതയായ ദ്വാരക എക്സ്പ്രസ് വേയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ എഞ്ചിനീയറിങ് അത്ഭുതങ്ങളിലൊന്ന് എന്നായിരുന്നു കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഭാവിയിലേക്കുള്ള യാത്ര ഇതിലൂടെ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സ്പ്രസ് വേയുടെ നിർമ്മാണ മികവ് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു കേന്ദ്രമന്ത്രി ട്വിറ്ററിൽ പങ്കുവച്ചത്.
നാല് പാക്കേജുകളടങ്ങുന്ന 563 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയാണ് ദ്വാരക എക്സ്പ്രസ് വേ. ശിവമൂർത്തിയിൽ നിന്ന് തുടങ്ങി ഗുരുഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസയിലാണ് പാത അവസാനിക്കുന്നത്. 1,200 മരങ്ങൾ പറിച്ചുനട്ടുകൊണ്ട് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്.
നിലവിൽ എക്സ്പ്രസ് വേയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹിയും ഹരിയാനയും തമ്മിലുള്ള കണക്ടിവിറ്റി വലിയ തോതിൽ വർദ്ധിക്കും. ദ്വാരകയിൽ നിന്ന് മാനേസറിലേക്കുള്ള യാത്രാ സമയം 15 മിനിറ്റും മനേസറിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സമയം 20 മിനിറ്റുമായി ചുരുങ്ങും. കൂടാതെ ദ്വാരകയിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് 25 മിനിറ്റും മാനേസറിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് 45 മിനിറ്റും ആയി മാറുമെന്ന് ഗതാഗതമന്ത്രി പങ്കുവച്ച വീഡിയോയിൽ പറയുന്നു.
എക്സ്പ്രസ് വേയുടെ ഇരുവശങ്ങളിലും മൂന്നുവരി സർവീസ് റോഡുകളുമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവീസ് ലൈനുകളിൽ നിന്ന് ആവശ്യത്തിനനുസരിച്ചുള്ള എൻട്രി പോയിന്റുകളും നിർമ്മിച്ചിട്ടുണ്ട്. എക്സ്പ്രസ് വേയുടെ നിർമ്മാണത്തിനായി രണ്ട് ലക്ഷം ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഈഫൽ ടവർ പണികഴിപ്പിക്കുന്നതിന് വേണ്ടി വന്നതിനേക്കാൾ മുപ്പത് മടങ്ങിലധികം സ്റ്റീൽ ഇവിടെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ, 20 ലക്ഷം ക്യൂബിക് മീറ്റർ സിമന്റ് കോൺക്രീറ്റും ഉപയോഗിച്ചിട്ടുണ്ട്. ബുർജ്ജ് ഖലീഫ പണിയാൻ ആവശ്യമായതിനേക്കാൾ ആറിരട്ടി കൂടുതലാണിത്.
9,000 കോടി രൂപ ചെലവിൽ ആണ് എക്സപ്രസ് ഹൈവേ നിർമ്മിക്കുന്നത്. അതേസമയം ആം ആദ്മി പാർട്ടി (എഎപി) നിയമസഭാംഗങ്ങൾ എക്സ്പ്രസ് വേ പദ്ധതിയെ '75 വർഷത്തെ ഏറ്റവും വലിയ അഴിമതി' എന്ന് വിളിക്കുകയും ക്രമക്കേടുകളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ തുടങ്ങിയ ഫൈഡറൽ ഏജൻസികളുടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.
Marvel of Engineering: The Dwarka Expressway! A State-of-the-Art Journey into the Future ????#DwarkaExpressway #PragatiKaHighway #GatiShakti pic.twitter.com/Qhgd77WatW
- Nitin Gadkari (@nitin_gadkari) August 20, 2023
അതിനിടെ രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അർബൻ അതിവേഗ പാതയായ ദ്വാരക എക്സ്പ്രസ് വേയുടെ നിർമ്മാണത്തിന് അനുവദിച്ചതിനേക്കാൾ 14 മടങ്ങ് കൂടുതൽ ചെലവെന്ന് സിഎജി റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഒരു കിലോമീറ്ററിന് 18.20 കോടി രൂപയാണ് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) അനുവദിച്ചത്. എന്നാൽ എക്സ്പ്രസ് വേയുടെ നിർമ്മാണം കിലോമീറ്ററിന് 250.77 കോടി രൂപ ചെലവിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മറുനാടന് ഡെസ്ക്