തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുന്ന നിലാപാടുകളാണ് പിണറായി ഗവൺമെന്റിനുള്ളത് എന്നത് പരക്കെയുള്ള ആക്ഷേപമാണ്. ആരോഗ്യ മന്ത്രിയുടെ പിടിപ്പുകേടാണ്,വകുപ്പ് അഴുമതിയുടെ കൂത്തരങ്ങാണ് എന്നൊക്കെ വലിയ ആക്ഷേപം മന്ത്രിയായ വീണാജോർജിനും വകുപ്പിനും നേരയും ഉണ്ട്. ഈ ആരോപണങ്ങളെ ശരിവെയ്ക്കുന്ന സംഭവങ്ങളാണ് ദിവസവും പുറത്തെക്ക് വരുന്നത്.കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പരിസരം ഒരു കൂട്ടം ഗുണ്ടകളാണ് നിയന്ത്രിക്കുന്നത് എന്നാണ് പുതിയ വിവരങ്ങളിൽ നിന്ന് തെളിയുന്ന ചിത്രം.

ആരേയും കൈകാര്യം ചെയ്യാൻ പോകുന്ന നിലയിലെക്ക് ഈ സംഘങ്ങളെ വളർത്തി ആശുപത്രികളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചില പാർട്ടി നേതാക്കൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഈ ഗുണ്ടാസംഘം വലിയ ആക്രമണങ്ങൾ നടത്തുന്നത്. എതിരേ വായ തുറന്നാൽ സംഘം ചേർന്നുള്ള ആക്രമണമാണ് ഇവിടെ. സിപിഎമ്മിന്റെ ആളല്ലാത്തവർക്ക് മെഡിക്കൽ കോളേജിൽ ആംബുലൻസ് ഓടിക്കാനുള്ള സ്വാതന്ത്ര്യമില്ല. അല്ലെങ്കിൽ ഈ ഗുണ്ടാസംഘത്തിന് വഴങ്ങി വേണം നിൽക്കാൻ എന്ന രീതിയാണ്. ഡി ആർ ഫാൻസ് എന്ന് അറിയപ്പെടുന്ന സംഘമാണ് ഇതിനെല്ലാം പിന്നിൽ. പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കരുത്തിലാണ് ആ അതിക്രമം എല്ലാം.

കഴിഞ്ഞ ദിവസം രാത്രിയിൽ മണിക്കൂറുകളോളം ഈ സംഘം ആക്രമണം അഴിച്ചു വിട്ടിട്ടും ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായ പൊലീസ് അനങ്ങിയില്ല. വയർലെസ് കയ്യിൽ പിടിച്ചു കൊണ്ട് പൊലീസ് നിഷ്‌ക്രീയമായി ആക്രമണം നോക്കി നിൽക്കുകയായിരുന്നു.രോഗികളെയും കൊണ്ട് വന്നവരിൽ ആരോ പൊലീസ് കമ്മീഷണർ ഓഫീസിൽ വിളിച്ച് വിവരം പറയുകയും അവിടെ നിന്ന് ഒരു വാഹനത്തിൽ പൊലീസ് എത്തുകയും ചെയ്തു. എന്നാൽ വന്ന പൊലീസുകാർ വണ്ടിയിൽ നിന്ന് ഇറങ്ങിയത് പോലുമില്ല. രണ്ട് മിനിറ്റിനുള്ളിൽ വാഹനം തിരിച്ച് പൊലീസ് സംഘം പോയി എന്നാണ് കണ്ട് നിന്ന രോഗികളും നാട്ടുകാരും പറയുന്നത്.

മൂന്നാഴ്ചക്ക് മുൻപാണ് ആംബുലൻസ് ഇടിച്ച് അവശരായി മെഡിക്കൽ കോളേജിൽ ചികിത്സക്ക് എത്തിയ കുടുംബത്തെ ഗുണ്ടാസംഘം വളഞ്ഞിട്ട് മർദ്ദിച്ചത്. പരിക്കേറ്റവർ അത്യാഹിതവിഭാഗത്തിനുള്ളിൽ നിൽക്കുമ്പോഴാണ് ആംബുലൻസ് ഡ്രൈവർമാർ സംഘം ചേർന്ന് എത്തി ഇവരെ മർദ്ദിച്ചത്. കുട്ടികളെയും സ്ത്രീകൾക്കും മർദ്ദനം ഏറ്റിരുന്നു. ഇവർ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുത്തില്ല എന്ന ആക്ഷേപം നിലനിൽക്കേയാണ് പൊലീസിനെ നോക്ക് കുത്തിയാക്കി കഴിഞ്ഞ ദിവസവും ആംബുലൻസ് ഡ്രൈവർമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ അഴിഞ്ഞാടിയത്.

കോഴിക്കോടും തിരുവനന്തപുരത്തും അടക്കം മെഡിക്കൽ കോളേജുകളുടെ ഉള്ളിലും വെളിയിലും ഈ ആക്രമണങ്ങൾ പതിവ് സംഭവങ്ങളാകുന്നു.കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചിട്ട് പൊലീസും സർക്കാറും നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്.ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മർദ്ദിച്ചത് എന്നും നേതാവ് തന്റെ വയറ്റിലും നെഞ്ചിലും ക്രൂരമായി മർദ്ദിച്ചെന്നും ആക്രമണത്തിനിരയായ സെക്യൂരിറ്റി ജീവനക്കാരൻ ദിനേശൻ പൊലീസിന് മൊഴി നൽകിയിട്ടും പൊലീസ് പ്രതികൾക്കെതിരേ കേസ് എടുക്കാൻ തയ്യാറായില്ല എന്നാണ് ആക്ഷേപം.

ആശുപത്രികളുടെ ഉള്ളിലും അത്യാഹിതവിഭാഗത്തിന്റെ മുന്നിലും മെഡിക്കൽ കോളേജുകളിലും താലൂക്ക് ആശുപത്രികളിലും സിപിഎം നേതാക്കളുടെ നേത്വതൃത്തിലാണ് ഗുണ്ടാസംഘത്തെ വളർത്തുന്നത്. തിരുവനന്തപുരത്ത് ആംബുലൻസ് ഡ്രൈവറായി എത്തുന്നവർ പ്രശ്നങ്ങളുണ്ടാക്കുകയും പാർട്ടി നേത്യത്വം ഇതിന് പിൻതുണയായി എത്തുകയും ചെയ്യുന്നു.തുടർന്ന് അവിടെ പാർട്ടി നേതൃത്വത്തിൽ ഈ സംഘത്തിന് വെള്ളവും വളവും നൽകി ഇവരെ ഗുണ്ടകളാക്കി വളർത്തുന്നു. പൊലീസ് കേസുണ്ടായാൽ ആക്രമിക്കപ്പെടുന്നവരെ പൊലീസിനെ കൊണ്ടും മാനസികമായും ശാരീരികമായും ഉപദ്രവിച്ച് ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ പ്രാദേശിക നേതൃത്വത്തിന് മുന്നിൽ മുട്ട് മടക്കാത്ത ഉദ്ദ്യോഗസ്ഥനാണെങ്കിൽ പിന്നെ അയാളെ മെരുക്കാൻ വിളിവരുന്നത് മുകളിൽ നിന്നായിരിക്കും. സംസ്ഥാനതല നേതാക്കൾ വരെയാണ് ഹോസ്പിറ്റൽ പരിസരത്ത് വളരുന്ന ഗുണ്ടാമാഫിയക്കായി പൊലീസ് സ്റ്റേഷനുകളിൽ ഇടപെടുന്നത്. ആശുപത്രികളുടെ അനാസ്ഥയെ ചോദ്യം ചെയ്യുന്നവെരെയും ഈ ഗുണ്ടകളെ ഉപയോഗിച്ച് ശാരിരികമായി ഉപദ്രവിക്കുന്ന പതിവുണ്ട്. ഹോസ്പിറ്റലുകളിലെ പാർട്ടി അനുഭാവികളായ ജീവനക്കാരും ഇതിന് കൂട്ട് നിൽക്കുന്നു.

പുനലൂർ താലൂക്ക് ഹെഡ്ക്വേട്ടേഴസ് ആശുപത്രിയിൽ മഴയത്ത് പ്ലാസ്റ്റിക്ക് കവർ ഇട്ട് ഹോസ്പിറ്റലിൽ കടന്നു എന്നാരോപിച്ച് ഒരാളെ കഴിഞ്ഞ ദിവസം ക്രൂരമായി മർദ്ദിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിച്ചിരുക്കുകയും ചെയ്തിരുന്നു. ആ മനുഷ്യനെ ക്രൂരമായി ആക്രമിച്ചത് തെറ്റായി പോയി എന്ന് തുറന്ന് പറഞ്ഞ് ആക്രമിക്കപ്പെട്ടയാൾക്ക് പിൻതുണ നൽകിയ പുനലൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗവിദഗ്നായ ഡോക്ടർ അൻവറിനെ ഓപ്പറേഷൻ തീയേറ്റർ വിട്ടു നൽകാതെയാണ് അധികാരികൾ കൈകാര്യം ചെയ്തത്.

ശസ്ത്രക്രീയ ചെയ്യാൻ ഓപ്പറേഷൻ തീയേറ്റർ ലഭിക്കാതെ വന്നപ്പോൾ ഡോക്ടർ ഓപ്പറേഷൻ തീയേറ്ററിന് വെളിയിൽ അധികാരികൾക്ക് എതിരേ സംസാരിച്ചതും കഴിഞ്ഞ ദിവസം വാർത്തകളിലുടെ പുറത്ത് എത്തിയിരുന്നു. ഈ തുറന്നു പറച്ചിലോടെ തന്റെ കരിയർ തന്നെ അവസാനിക്കും എന്നും എന്നാൽ അനീതിക്ക് കൂട്ട് നിൽക്കാൻ ആവില്ലെന്നുമാണ് ഡോക്ടർ അൻവർ മാധ്യമങ്ങളോട് പറഞ്ഞത്.