കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടതിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ നേതൃത്വം. വേദി പങ്കിടേണ്ടി വന്നത് അവിചാരിതമെന്നും നടപടി വേണ്ടെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.

വീഴ്ച പറ്റിയത് ക്രിക്കറ്റ് മത്സരത്തിൽ ആകാശിനെ പങ്കെടുപ്പിച്ച പ്രാദേശിക നേതൃത്വത്തിനാണ്. ട്രോഫി നൽകി മടങ്ങലല്ലാതെ ഷാജറിന് മറ്റുവഴികളില്ലായിരുന്നു. തില്ലങ്കേരി ലോക്കൽ കമ്മറ്റി കുറ്റക്കാർക്കെതിരെ നടപടി എടുത്തതോടെ സംഭവം അടഞ്ഞ അധ്യായമായെന്നും ഇക്കാര്യത്തിൽ ഇനി ഡിവൈഎഫ്‌ഐ പരിശോധനയോ അന്വേഷണമോ നടത്തേണ്ടതില്ലെന്നുമാണ് സംഘടനയുടെ നിലപാട്.

തില്ലങ്കേരി പ്രീമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ വിജയിച്ച വഞ്ഞേരി സികെജി ക്ലബ് ക്രിക്കറ്റ്ടീം മാനേജരായിരുന്നു ആകാശ് തില്ലങ്കേരി. വീഴ്ച പറ്റിയത് ക്രിക്കറ്റ് മത്സരത്തിൽ ആകാശിനെ പങ്കെടുപ്പിച്ച പ്രാദേശിക നേതൃത്വത്തിനാണെന്നും നേതൃത്വം വിശദീകരിക്കുന്നു.

ക്വട്ടേഷൻ ബന്ധത്തിന്റെ പേരിൽ സിപിഎം തള്ളിപ്പറഞ്ഞ തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് സമ്മാനം നൽകിയത് ഏറെ വിവാദമായിരുന്നു. ലഹരി- ക്വട്ടേഷൻ മാഫിയ സംഘത്തിനെതിരേ രണ്ടുവർഷംമുമ്പ് തില്ലങ്കേരിയിൽ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊതുയോഗത്തിൽ അന്ന് ആകാശ് ഉൾപ്പെട്ട സംഘത്തിനെതിരേ ശക്തമായാണ് ഷാജർ പ്രസംഗിച്ചത്. തില്ലങ്കേരിക്ക് സമ്മാനം നൽകിയതും ഷാജറിന്റെ പ്രസംഗവും ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നത്.

ഡിവൈഎഫ്‌ഐ പ്രവർത്തകാരെണെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും രാത്രിയായാൽ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ നടത്തുകയും ചെയ്യുന്ന ആകാശ് തില്ലങ്കേരിക്കെതിരെ കഴിഞ്ഞ വർഷം ഷാജർ നടത്തിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇവർ കള്ളക്കടത്ത് സംഘമാണെന്നും ശുദ്ധാത്മാക്കൾ ഇവരുടെ വലയിൽ വീണുപോകരുതെന്നുമായിരുന്നു ഷാജറിന്റെ പഴയ ആഹ്വാനം.

കണ്ണൂരിൽ തില്ലങ്കേരി പ്രിമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ വിജയിച്ച സികെജി വഞ്ഞേരി ടീമിനെ പ്രതിനിധീകരിച്ചെത്തിയ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജർ ട്രോഫി നൽകിയതോടെ സംഘടനാ നേതാക്കളുടെ ഇരട്ടത്താപ്പ് എന്ന നിലയിൽ വിമർശനം ഉയരുകയായിരുന്നു.

ക്വട്ടേഷൻ സംഘത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രചാരണ ജാഥ നടത്തുകയും അതിൽ പങ്കെടുത്ത് ഷാജർ പ്രസംഗിക്കുകയും ചെയ്തത് ഉയർത്തിക്കാട്ടിയായിരുന്നി വിമർശനം. സമൂഹത്തിൽ മാന്യത ലഭിക്കാൻ വേണ്ടിയാണ് പാർട്ടിയുടെ പ്രചാരകരെന്ന രീതിയിൽ ക്വട്ടേഷൻ സംഘങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നതെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.

ആകാശിന്റെ പേരെടുത്തു പറഞ്ഞ് ക്വട്ടേഷൻ സംഘത്തെ പരസ്യമായി തള്ളിപ്പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ സമൂഹമാധ്യമ പ്രചാരവേല ക്വട്ടേഷൻ സംഘത്തെ ഏൽപിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിൽ പ്രതിയാണ് ആകാശ്. അദ്ദേഹത്തിനു പി.ജയരാജനുമായും ക്വട്ടേഷൻ സംഘവുമായുമുള്ള ബന്ധം വിവാദമായിരുന്നു. ഈ ബന്ധം അടക്കം വിമർശന വിധേയമാകുന്നുണ്ട്.

ആകാശ് തില്ലങ്കേരിയുടെ സംരക്ഷകർ സിപിഎം ആണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു. ആകാശുമായി ഷാജർ വേദി പങ്കിട്ടത് ഇതിന്റെ ഉദാഹരണമാണ്. തള്ളിപ്പറയുന്നതും സംരക്ഷിക്കുന്നതും സിപിഎമ്മാണെന്നത് വിചിത്രമാണ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി സിപിഎമ്മിന്റെ തണലിൽ ജയിലിനകത്ത് ക്വട്ടേഷൻ വ്യവസായം നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു.

ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ നേതാവ് എം.ഷാജർ ട്രോഫി നൽകിയ സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിരുന്നു. പരിപാടി സംഘടിപ്പിച്ചവർക്ക് വീഴ്ച പറ്റിയെന്ന് തില്ലങ്കേരി ലോക്കൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. കളങ്കിതരായിട്ടുള്ളവരും ഫോട്ടോ ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തുന്നു. വീഴ്ച സംഭവിച്ചവർക്കെതിരെ പാർട്ടി നടപടിയെടുത്തെന്ന് പറയുന്നുണ്ടെങ്കിലും ആർക്കെതിരെയെന്നും എന്ത് നടപടിയെന്നും വിശദീകരണമില്ല.