- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തി; ഷാജറിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങാൻ ആകാശ് ക്രിക്കറ്റ് ടീമിൽ കയറി പറ്റി; ചിത്രം വാട്സാപ്പിൽ പ്രചരിപ്പിച്ചത് ഷാജറിന് പണി കൊടുക്കാൻ; ആകാശ് തില്ലങ്കേരിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ; പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ്
കണ്ണൂർ: സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഡിവൈഎഫ്‌ഐ മറുപടിയുമായി രംഗത്തെത്തി. കഴിഞ്ഞ ഡിസംബറിൽ ഡിവൈഎഫ്‌ഐ നേതാവ് എം ഷാജർ, ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ആകാശ് തില്ലങ്കേരി അംഗമായ ടീമിന് ട്രോഫി നൽകിയത് വിവാദമായിരുന്നു. ആകാശ് ഷാജറിൽ നിന്നും ട്രോഫിയേറ്റുവാങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ഷാജറിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങുന്നതിന് വേണ്ടി ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നു. ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. ഷാജറിന്റെ പാർട്ടി അംഗത്വം കളയാനായിരുന്നു ഈ നീക്കമെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. ആകാശ് നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു.
സ്വർണ്ണക്കടത്ത്, കൊലപാതക കേസിലെ പ്രതിക്ക് ഡിവൈഎഫ്‌ഐ നേതാവ് ട്രോഫി നൽകിയെന്ന രീതിയിൽ വ്യാപകമായി വിമർശനം നേരത്തെ ഉയർന്നിരുന്നു, എന്നാൽ ഷാജറിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും ടൂർണമെന്റ് സംഘടിപ്പിച്ച കമ്മറ്റിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവെന്നുമായിരുന്നു പാർട്ടി വിലയിരുത്തൽ. എന്നാൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സമൂഹമാധ്യമങ്ങളിലും തുടരുകയാണ്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനഃപൂർവ്വമുണ്ടാക്കിയതാണ് പ്രശ്‌നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.
അതിനിടെ ആകാശ് തില്ലങ്കേരി കമന്റ് ചെയ്ത തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ്. പോസ്റ്റിന് താഴെവന്ന ആകാശിന്റെ കമന്റ് വിവാദമായതിന് പിന്നാലെയാണ് കുറിപ്പ് ഡിലീറ്റ് ചെയ്തത്.
പോസ്റ്റിൽ കമന്റ് ചെയ്തതിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിരേ മട്ടന്നൂരിലെ പാർട്ടി നേതാക്കളെ തേജോവധം ചെയ്യുന്നെന്ന പേരിൽ സിപിഎമ്മിൽ പരാതി ലഭിച്ചു. ആകാശിന്റെ ക്വട്ടേഷൻ ബന്ധത്തെ ചോദ്യം ചെയ്തതാണ് പ്രശ്‌നകാരണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ ആരോപിക്കുന്നു.
എടയന്നൂർ ഷുഹൈബ് വധക്കേസിലാണ് സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി രംഗത്തെത്തിയത്. പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തി. 'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും'' ആകാശ് തുറന്നടിച്ചു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്.
ഷുഹൈബ് വധക്കേസിലും ഒപ്പം സ്വർണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന ഒരു ടീമും പാർട്ടിയുടെ ഔദ്യോഗിക വിഭാഗവും തമ്മിൽ വലിയ അകൽച്ചയിലാണിപ്പോൾ. ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ പൊതുവേദിയിൽ വെച്ച് ഒരു ട്രോഫി സമ്മാനിച്ചത് നേരത്തെ വിവാദമായിരുന്നു. എന്നാൽ, ഇങ്ങനെ ട്രോഫി നൽകാനുള്ള സാഹചര്യം തില്ലങ്കേരി തന്നെയുണ്ടാക്കിയതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഇക്കാര്യം തെളിയിക്കുന്ന ആകാശ് തില്ലങ്കേരിയുടെ വാട്സ്ആപ് ചാറ്റ് പാർട്ടി ഫോറങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സരീഷ് ആകാശ് തില്ലങ്കേരിക്കെതിരെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരി സിപിഎം നേതൃത്വത്തിനെതിരെ വെല്ലുവിളി മുഴക്കിക്കൊണ്ട് രംഗത്തെത്തിയത്.
ആകാശ് തില്ലങ്കേരി കുറച്ചുകാലമായി സിപിഎമ്മിന് അനഭിമതനാണ്. ആകാശിന്റെ ഇടപെടൽ പാർട്ടിക്ക് ഭീഷണിയായി മാറുന്നുവെന്ന തിരിച്ചറിവിലാണ് ആകാശിനെ ഒഴിവാക്കാൻ ശ്രമം തുടങ്ങിയത്. ആകാശിനെ പുറത്താക്കിക്കൊണ്ടുള്ള ആദ്യ നടപടിയിലുടെ പല പ്രമുഖരെയും പാർട്ടി പിന്നാലെ ലക്ഷ്യം വെക്കുന്നുണ്ടെന്നും വ്യക്തമാണ്. പാർട്ടിക്കു പുറമെ സ്വന്തമായി ക്വട്ടേഷൻ ടീം വളർത്തിയെടുത്തുന്നു എന്നതാണ് ആകാശിന് മേൽ പാർട്ടി ചുമത്തുന്ന കുറ്റം. ഇതിനു പുറമെ മാസം ലക്ഷങ്ങളുടെ വരുമാനവും നടപടിക്ക് കാരണമായി എന്നാണ് വിവരം.
ഷുഹൈബ് വധക്കേസിൽ പ്രതിസ്ഥാനത്ത് വന്നപ്പോൾ സിപിഎമ്മിൽ നിന്ന് പുറത്താക്കിയെന്ന് പേരിന് പ്രചരണം ഉണ്ടായിരുന്നെങ്കിലും ഡിവൈഎഫ്‌ഐയിൽ ഉൾപ്പടെ ആകാശ് സജീവ സാന്നിദ്ധ്യമായിരുന്നു. എന്നാൽ മട്ടന്നൂരിലെ ഇടപെടലുകൾ പാർട്ടി ഗൗരവത്തോടെ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് ആകാശ് തില്ലങ്കേരി പുറത്താകുന്നത്
മറുനാടന് മലയാളി ബ്യൂറോ