കണ്ണൂര്‍: തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ രൂക്ഷമായി വിമർശിച്ച ഡിവൈഎഫ്ഐക്കെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ. പാംപ്ലാനി പിതാവിന് നിയോ മുളളറുടെ അവസ്ഥ വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഹിറ്റ്ലറുടെ ആദ്യ കാല ചെയ്തികളെ അനൂകൂലിച്ച പാസ്റ്ററായ നിയോ മുളളർക്ക് പിന്നീട് ജയിലിൽ കിടക്കേണ്ടി വന്നുവെന്നും സനോജ് പറഞ്ഞിരുന്നു.

സനോജിന്റെ വിവാദ വാക്കുകൾ...

ഏതാണ്ട് അഞ്ചുവര്‍ഷക്കാലം നിയോ മുള്ളറെന്ന പാസ്റ്റര്‍ക്ക് ജയിലിൽ കിടക്കേണ്ടിവന്നു. അപ്പോഴാണ് നിയോ മുള്ളര്‍ക്ക് ബോധോദയം ഉണ്ടായത്. അതുവരെ ഹിറ്റ്ലര്‍ നല്ലവനായിരുന്നു. ഏതാണ്ട് പാംപ്ലാനി പിതാവിനും നിയോ മുള്ളറുടെ അവസ്ഥ വരും. ചില പിതാക്കൻമാരിപ്പോൾ ആർ എസ് എസിനായി കുഴലൂത്തു നടത്തുകയാണ്. അരമനയിലേക്ക് കേക്കുമായി എത്തുന്ന ആർ എസ് എസുകാരെ സ്വീകരിക്കുകയാണ്. പരസ്പരം പരവതാനി വിരിച്ച് ആശ്ലേഷിക്കുകയാണെന്നും ആരെയാണ് ഇവര്‍ പൊട്ടന്മാരാക്കുന്നതെന്നും വികെ സനോജ് രൂക്ഷമായി വിമര്‍ശിച്ചു.

അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്ലാംപ്ലാനി നേരത്തെ പലവിഷയങ്ങളിലും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ചിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ലെന്നുമായിരുന്നു ആ‍ർച്ച് ബിഷപ്പ് പാംപ്ലാനിയുടെ പ്രതികരണം.

മത പരിവർത്തന നിരോധന നിയമം കിരാത നിയമമാണ്. ന്യൂനപക്ഷങ്ങൾ ഈ നിയമത്തിന്‍റെ പേരിൽ വേട്ടയാടപ്പെടുന്നു. തങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ലെന്നുമാണ് പാംപ്ലാനിയുടെ പ്രതികരണം. കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെട്ട കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കും പാംപ്ലാനി നന്ദി അറിയിച്ചിരുന്നു. ഛത്തീസ്ഗ‍ഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി കേന്ദ്രം നടത്തിയ ഇടപെടലുകള്‍ക്കാണ് പാംപ്ലാനി നന്ദി അറിയിച്ചിരുന്നത്.

തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി മൗനമവലംബിച്ചതിൽ സഭാപ്രവർത്തകർക്കിടയിൽ നീരസം. ബിജെപി സ്ഥാനാർഥിയായിട്ടുപോലും വിശ്വാസികളുടെ വോട്ട് ഭേദപ്പെട്ടനിലയിൽ ലഭിച്ചയാളെന്നനിലയിലുള്ള ക്രിയാത്മക പ്രതികരണം മന്ത്രിയിൽനിന്നുണ്ടായില്ലെന്നാണ് വിമർശനം.

ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് സഭാനേതൃത്വം തയ്യാറായിട്ടില്ല. ‌ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വന്നുകണ്ടതിനുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ സിബിസിഐ അധ്യക്ഷൻ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, എംപിയെയും മന്ത്രിയെയും ഫോണിൽ വിവരം ധരിപ്പിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി വിളിച്ചിരുന്നോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടിപറഞ്ഞില്ല.‌

സുരേഷ് ഗോപിയുടെ നിലപാടിൽ കടുത്ത വിമർശനമാണ് വിശ്വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും മറ്റും ഉയരുന്നത്. അതേസമയം, പരസ്യമായ പ്രതികരണത്തിലല്ല, ആവശ്യമായ ഇടപെടലിലാണ് മന്ത്രി വിശ്വസിക്കുന്നതെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നു. വിഷയം അറിഞ്ഞപ്പോൾത്തന്നെ പ്രധാനമന്ത്രിയുടെയും മറ്റും ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമമുണ്ടായെന്നും അക്കാര്യം സഭാനേതൃത്വത്തിന് അറിയാമെന്നുമാണ് വാദം.