- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കാൻ ഡിവൈഎഫ്ഐ ശ്രമം; സംഘടനയുടെ കൊടി ക്ഷേത്രവളപ്പിൽ കെട്ടാനെത്തിയവരെ നാമജപവുമായി പ്രതിരോധിച്ച് ഭക്തർ; സംഘർഷാവസ്ഥ ഉടലെടുത്തതോടെ സിപിഎം എരിയാ ലോക്കൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രവർത്തകരെ പറഞ്ഞു വിട്ടു
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താൻ ഡിവൈഎഫ്ഐയുടെ ശ്രമം. ക്ഷേത്രവളപ്പിൽ ഡിവൈഎഫ്ഐയുടെ കൊടികെട്ടാനെത്തിയ പ്രവർത്തകർക്ക് നേരെ സ്ത്രീകൾ അടക്കമുള്ള ഭക്തർ രംഗത്തു വന്നു. ഇന്നാട്ടിലുള്ള ഒരാൾ പോലുമില്ലാതെ, പത്തനംതിട്ടയിലുള്ള ഇതരമതസ്ഥർ അടക്കം വന്ന് കൊടികെട്ടുന്നത് കലാപത്തിനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഭക്തർ റോഡിലിറങ്ങിയതോടെ സംഘർഷാവസ്ഥ സംജാതമായി. പത്തനംതിട്ട ഡിവൈഎസ്‌പി എസ്. നന്ദകുമാർ, ഇൻസ്പെക്ടർമാരായ ജിബു ജോൺ(പത്തനംതിട്ട), കെ.എസ്. വിജയൻ (മലയാലപ്പുഴ) എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സിപിഎം ഏരിയാ സെക്രട്ടറി പി.ആർ. പ്രദീപ്, ലോക്കൽ സെക്രട്ടറി ബൈജു ഓമല്ലൂർ എന്നിവരും ചേർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ സ്ഥലത്ത് നിന്നും ഒഴിവാക്കി. എന്നിട്ടും ഭക്തരുടെ പ്രതിഷേധം തുടർന്നു. രാത്രി നടക്കുന്ന കലാപരിപാടികളിൽ നുഴഞ്ഞു കയറി ഇവർ കുഴപ്പമുണ്ടാക്കുമെന്ന ആശങ്കയിലാണ് ഭക്തർ.
ഇന്നു മുതൽ 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മധ്യതിരുവിതാംകൂറിൽ അവസാനത്തേതാണ്. ഓമല്ലൂർ ഉത്സവം കൊടിയിറങ്ങുന്നതോടെ മധ്യതിരുവിതാംകൂറിലെ ക്ഷേത്ര ഉൽസവങ്ങൾക്ക് സമാപനമാകും. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രഭരണ സമിതി ഉത്സവത്തിന് തൊട്ടുമുൻപ് സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പിരിച്ചു വിട്ടിരുന്നു. പകരം സിപിഎം നേതാക്കൾ അടങ്ങുന്ന അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നു. ദേവസ്വം ബോർഡിന്റെയും ക്ഷേത്രഭരണ സമിതിയുടെയും തീരുമാന പ്രകാരം ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിലും പുറത്തും കാവിക്കൊടി കെട്ടുന്നത് സംബന്ധിച്ച ഡിവൈ.എസ്‌പിയുടെ സാന്നിധ്യത്തിൽ തീരുമാനമെടുത്ത് എഴുതി ഒപ്പിടുകയും ചെയ്തിരുന്നു. അതനുസരിച്ച് ക്ഷേത്രഗോപുരങ്ങളിൽ കൊടിയും മതിലിനും കുളത്തിനും മുകളിൽ തോരണവും കെട്ടാൻ ധാരണയായി. അമ്പലത്തിന് സമീപമുള്ള റോഡിലും മൂന്നു കിലോമീറ്റർ ദൂരെയുള്ള ആറാട്ട് കടവിലേക്കും കൊടി തോരണങ്ങൾ വേണ്ടെന്നും ധാരണയുണ്ടായിരുന്നു. ധാരണാ പ്രകാരം ക്ഷേത്രഗോപുരത്തിലും അമ്പലക്കുളത്തിന് ചുറ്റും മതിലിന് മുകളിലും കൊടി സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ, ഇതിനെതിരേ ഡിവൈഎഫ്ഐ സ്വമേധയാ രംഗത്തു വരികയായിരുന്നു. ക്ഷേത്രഗോപുരത്തിൽ കാവിക്കൊടി കെട്ടിയാൽ ഡിവൈഎഫ്ഐയുടെ വെള്ളക്കൊടിയും കെട്ടുമെന്നായിരുന്നു ഭീഷണി. ഇതിനായിട്ടാണ് ജില്ലാ സെക്രട്ടറി നിസാമിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തയാറായതും വന്നതും. ഉത്സവ കൊടിയേറ്റ് രാവിലെ ഒമ്പതരയോടെ കഴിഞ്ഞു. കൊടിയേറ്റ് സദ്യ ഉദ്ഘാടനം ചെയ്യാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ വന്നു പോയപ്പോഴാണ് ഡിവൈഎഫ്ഐക്കാർ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വെള്ളക്കൊടിയുമായി സംഘടിച്ചത്. വിവരമറിഞ്ഞ് ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ നിന്ന് ഉത്സവകമ്മറ്റി ഭാരവാഹികളും ഭക്തജനങ്ങളും പുറത്തേക്ക് വന്നു. ഇരുകൂട്ടരും മുഖാമുഖം നിലയുറപ്പിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയായി.
ശക്തമായ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ക്ഷേത്രത്തിന് മുന്നിലുള്ള പത്തനംതിട്ട-കൈപ്പട്ടൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു. കൊടിയേറ്റ് കാണുന്നതിനും സദ്യ കഴിക്കുന്നതിനും വേണ്ടി വന്ന നൂറുകണക്കിന് സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധവുമായി റോഡിൽ ഇറങ്ങി. ഇതര മതസ്ഥരായവർ ചേർന്ന് ഉത്സവം അലങ്കോലപ്പെടുത്തുവാനാണ് ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു. ക്ഷേത്രവളപ്പിൽ കൊടികെട്ടിയാൽ ശബരിമല സമരകാലത്തെ അനുഭവം ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. തങ്ങൾ നാമജപവുമായി റോഡിലേക്ക് ഇറങ്ങിയിരിക്കുമെന്നും അറിയിച്ചു. ഭക്തജനങ്ങളോട് സംഘടിക്കാൻ അനൗൺസ്മെന്റ് കൂടിയായതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയായി.
പ്രശ്നങ്ങൾക്ക് വർഗീയ നിറം കൂടി ചാർത്തപ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്ന സിപിഎം ഏരിയാ സെക്രട്ടറി പിആർ പ്രദീപ്, ലോക്കൽ കമ്മറ്റി സെക്രട്ടറിയായ ബൈജു ഓമല്ലൂർ എന്നിവർക്ക് അപകടം മണത്തു. ഇവർ ഇടപെട്ട് ഇരുകൂട്ടരുമായി ചർച്ച നടത്തിയെങ്കിലും ഭക്തർ പിന്മാറാൻ തയാറായില്ല. ഇതിനിടെ മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ കളം മൂപ്പിച്ചു. അതേ നാണയത്തിൽ ശരണം വിളികളുമായി ഭക്തരും മുഖാമുഖം നിരന്നു. അമ്പലവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഏരിയാ സെക്രട്ടറി പി.ആർ. പ്രദീപ് ഭക്തരോട് പറഞ്ഞു. തങ്ങളുടെ പ്രവർത്തകരെ പിൻവലിക്കാമെന്ന് നേതാക്കൾ അറിയിച്ചു.
പകരം, ഭക്തർ ശാന്തരാവുകയും പിന്തിരിയുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം ഡിവൈഎഫ്ഐ പ്രവർത്തകരോട് പിന്തിരിഞ്ഞു പോകാൻ നേതാക്കൾ ആവശ്യപ്പെട്ടു. പ്രവർത്തകർ അൽപം അകലേക്ക് മാറി ക്ഷേത്രപരിസരത്തുള്ള റോഡിൽ നിലയുറപ്പിച്ചു. ഡിവൈ.എസ്‌പി നന്ദകുമാർ സ്ഥലത്ത് വന്ന് ഇരുകൂട്ടരോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐക്കാർ പൂർണമായും പിരിഞ്ഞു പോകാതെ തങ്ങൾ ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നായിരുന്നു ഭക്തരുടെ നിലപാട്. ഇതിനിടെ അഡ്ഹോക്ക് കമ്മറ്റി കൺവീനറായ എ.ആർ. ശശിധരൻ നായർക്ക് നേരെ ഭക്തർ തിരിഞ്ഞു. പാർട്ടിക്കാരുടെ ഇടപെടലുണ്ടാകാൻ കാരണമായി എന്ന് ആരോപിച്ചായിരുന്നു ശശിധരൻ നായർക്കെതിരേ തിരിഞ്ഞത്.
ഡിവൈഎഫ്ഐ മനഃപൂർവം പ്രകോപനമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് ഭക്തർ ഡിവൈ.എസ്‌പിയെ അറിയിച്ചു. തന്റെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് ലംഘിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ സ്ഥിതിക്ക് ഇവിടെ ഒരു പ്രശ്നമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഏരിയാ-ലോക്കൽ സെക്രട്ടറിമാരോട് തന്റെ നിലപാട് ഡിവൈ.എസ്‌പി വ്യക്തമാക്കി. വിഷയം വളരെ ഗൗരവകരമാണെന്ന് നേതാക്കൾ സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രശ്നത്തിന് വർഗീയ നിറം വന്നതോടെ ഭക്തർ ഒറ്റക്കെട്ടായെന്നും കാര്യങ്ങൾ കൈവിട്ടു പോയെന്നുമുള്ള നിലപാടിലായിരുന്നു ഇരുവരും. വിഷയം ജില്ലാ കമ്മറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കട്ടെയെന്ന് പറഞ്ഞ ഇരുവരും പ്രവർത്തകരെ പിരിച്ചു വിടുകയും ചെയ്തു.
പിന്നീട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇവർ ശ്രമിക്കുമെന്ന ആശങ്ക ഭക്തർ ഡിവൈ.എസ്‌പിയെ അറിയിച്ചു. രാത്രിയിൽ നടക്കുന്ന പരിപാടികൾക്കിടയിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. തുടർന്ന് ഉത്സവകമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ അടിയന്തരയോഗം ക്ഷേത്രത്തിൽ ചേരുകയും ചെയ്തു. ഇനിയും പ്രശ്നവുമായി വന്നാൽ നേരിടാൻ തന്നെയാണ് ഇവരുടെ തീരുമാനം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്