കൊച്ചി: മലപ്പുറം പൊന്നാനിയില്‍ വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി വ്യാജമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ ഡിവൈഎസ്പി വി വി ബെന്നി റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നല്‍കി.

മുന്‍ എസ് പി സുജിത് ദാസ്, പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ്, താനൂര്‍ ഡിവൈഎസ്പി ബെന്നി എന്നിവര്‍ക്കെതിരായ പീഡന പരാതി വ്യാജമാണെന്നാണ് മലപ്പുറം അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. നിജസ്ഥിതി അന്വേഷിക്കാതെയാണ് ചാനല്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തതെന്ന് ബെന്നി പരാതിയില്‍ പറയുന്നു. തനിക്കും കുടുംബത്തിനും ഈ വ്യാജ വാര്‍ത്ത അപകീര്‍ത്തികരമാണ്. ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും, ടെലഗ്രാമിലും, എക്‌സിലും എല്ലാം ചാനല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി റിപ്പോര്‍ട്ടര്‍ ടിവി തനിക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കുകയായിരുന്നു. ഇത് ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല. പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന വാര്‍ത്ത വ്യാജമെന്ന് മറുനാടന്‍ മലയാളി അടക്കമുള്ള ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമുകളും, മറ്റു വാര്‍ത്താ ചാനലുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടര്‍ ടിവി മാത്രം ഈ വ്യാജ വാര്‍ത്തയുടെ സംപ്രേഷണം തുടര്‍ന്നു.

ഈ വ്യാജ വാര്‍ത്ത തന്റെ കുടുംബ ബന്ധങ്ങളെയാകെ ബാധിച്ചു. വാര്‍ത്ത അപകീര്‍ത്തികരമാണെന്നും യൂടൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇ-മെയില്‍ അയച്ചെങ്കിലും നടപടിയുണ്ടായില്ല. വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണ്. മുട്ടില്‍ മരംമുറിക്കേസില്‍ കസ്റ്റഡിയില്‍ എടുത്തതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമകളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ തനിക്കെതിരെ തിരിഞ്ഞു. കേസിലെ 42 കുറ്റപത്രങ്ങളില്‍ ആറെണ്ണം സമര്‍പ്പിച്ചു. ബാക്കിയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തന്നെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് വ്യാജ പീഡന കേസെന്നും ബെന്നി പരാതിയില്‍ പറഞ്ഞു.

തനിക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ നിരവധി തവണ വ്യാജ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തു. ഈ വിഷയം പരിശോധിക്കാന്‍ ഐ ആന്‍ഡ് ബി മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുന്നു. വാര്‍ത്താ ചാനലുകള്‍ ഇത്തരത്തില്‍ ദുരുപയോഗിച്ചുകൂടാ. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും വിവി ബെന്നി പരാതിയില്‍ ആവശ്യപ്പെട്ടു.





ആരോപണങ്ങള്‍ വ്യാജം



ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ഡിവൈഎസ്പി ബെന്നി നേരത്തെ വാദിച്ചിരുന്നു. തിരൂര്‍ ഡിവൈഎസ്പിയായിരുന്നപ്പോള്‍ പൊന്നാനി എസ്എച്ച്ഒക്കെതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസ് നിര്‍ദേശം നല്‍കിയിരുന്നു. പരാതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ശല്യം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയാണ് അന്വേഷിച്ചത്. പരാതി അന്വേഷിച്ച് അത് വ്യാജമാണെന്ന് തെളിയുകയും എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

ഇതിനുപുറമെ സംഭവത്തില്‍ സ്‌പൈഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പരാതി തള്ളിയതാണ്. പൊന്നാനി എസ്എച്ച്ഒ വിനോദിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് രണ്ടാമതായി അന്നത്തെ തിരൂര്‍ ഡിവൈഎസ്പി ബെന്നിയെ കണ്ടിരുന്നുവെന്ന് സ്ത്രീ ആരോപിച്ചിരുന്നു. വിനോദും സുജിത് ദാസും ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് ബെന്നിക്കെതിരെയും സ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയത്.

2021 ല്‍ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയായിരുന്നപ്പോഴാണ് മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതെന്ന് വിവി ബെന്നി പറഞ്ഞു. ഇപ്പോഴും മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നുണ്ട്. ഇതിലുള്ള വിരോധമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍. 100ശതമാനവും താന്‍ നിരപരാധിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. സ്ത്രീയുടെ പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആരോപണം ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വിവി ബെന്നി വ്യക്തമാക്കി.

മുട്ടില്‍ മരം മുറി കേസ് അന്വേഷണത്തിന്റെ പേരില്‍ പകപോക്കുകയാണ്. തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുകയാണ്. മുട്ടില്‍ മരം മുറി അന്വേഷണത്തിന്റെ പേരിലുള്ള തേജോവധം നേരത്തെയും ഉണ്ടായിരുന്നു.

മുട്ടില്‍മരം മുറി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനാണ് വീട്ടമ്മയെ ഉപയോഗിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ബെന്നി നേരത്തെ പരാതി നല്‍കിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം.

വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ ,ആന്റോ അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു. മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂര്‍ ഡിവൈഎസ്പി വി.വി ബെന്നി ഡിജിപിക്ക് നേരത്തെ കത്തയച്ചിരുന്നു. മുട്ടില്‍മരം മുറി കേസ് പ്രതികള്‍ സ്വന്തം ചാനലായ റിപ്പോര്‍ട്ടറിലൂടെ തന്നെയും പൊലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്നതായി ഡിജിപിയ്ക്ക് അയച്ച കത്തില്‍ ബെന്നി വ്യക്തമാക്കിയിരുന്നു.