- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ വോട്ട് കിട്ടിയവൻ ജയിക്കും, നീ നിന്റെ പണി നോക്ക്..! ഇത്രയും ആൾക്കാരെ അന്ധന്മാരാക്കാൻ ശ്രമിക്കരുത്; പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ എസ്എഫ്ഐയുടെ അട്ടിമറി ശ്രമം തടഞ്ഞ് ഡിവൈ.എസ്പി നന്ദകുമാർ
പത്തനംതിട്ട: തിരുവനന്തപുരം ഗവ. നഴ്സിങ് കോളജ് പ്രിൻസിപ്പാളിൽ നിന്ന് കിട്ടിയ തിരിച്ചടിക്ക് പിന്നാലെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലും തേഞ്ഞൊട്ടി എസ്എഫ്ഐ. യൂണിയൻ ഭരണം കെഎസ്യു പിടിച്ചെടുത്തതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അട്ടിമറിക്കാനുള്ള നീക്കം പൊലീസും കോളജ് അധികൃതരും ചേർന്ന് തടഞ്ഞു. പത്തനംതിട്ട ഡിവൈ.എസ്പി എസ്. നന്ദകുമാർ എടുത്ത ശക്തമായ നിലപാടാണ് എസ്എഫ്ഐക്കാരുടെ അട്ടിമറി മോഹങ്ങൾ തകർത്തത്. വോട്ടെണ്ണിയപ്പോൾ എല്ലാ സീറ്റിലും കെ.എസ്.യു സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇതോടെയാണ് ഫലപ്രഖ്യാപനം തടയാൻ എസ്എഫ്ഐ നേതൃത്വത്തിൽ ശ്രമം നടന്നത്.
തർക്കിക്കാനും വോട്ടെണ്ണൽ തടസപ്പെടുത്താനും ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് മുന്നിൽ ശക്തമായ നിലപാടുമായി ഡിവൈ.എസ്പി നെഞ്ചു വിരിച്ച് നിന്നു. കൂടുതൽ വോട്ട് കിട്ടിയവൻ ജയിക്കും. നീ നിന്റെ പണി നോക്ക്, ഇത്രയും ആൾക്കാരെ അന്ധന്മാരാക്കാൻ ശ്രമിക്കരുതെന്നും ഡിവൈ.എസ്പി എസ്എഫ്ഐ നേതാക്കളോട് പറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.
പാർലമെന്ററി രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ തന്നെ ലീഡ് നിലനിർത്തിയെന്ന് കെഎസ്യു നേതാക്കൾ പറഞ്ഞു. പാനൽ ഇലക്ഷൻ ആരംഭിക്കുവാൻ ഇരിക്കേ സമയം കഴിഞ്ഞ് എത്തിയ എസ്എഫ്ഐ പ്രവർത്തകർ നോമിനേഷൻ നൽകേണ്ട സ്ഥലത്ത് നിന്ന കെഎസ്യു പ്രവർത്തകരെ മർദ്ദിച്ചു.എന്നാൽ ഉച്ചയ്ക്ക് ശേഷം പൊലീസ് സംരക്ഷണത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ തുടർന്നു. പിന്നീട് കൗണ്ടിങ് തുടരവേ മൈനർ സീറ്റുകളുടെ ഫലപ്രഖ്യാപനം വന്നപ്പോൾ മുഴുവൻ സീറ്റും കെഎസ്യു വിജയിച്ചു. മേജർ സീറ്റുകളിലും വിജയം ആവർത്തിച്ചു. ഇതിനിടയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി റിന്റോ ബെഞ്ചമിൻ ഉൾപ്പെടെ ബാലറ്റ് പെട്ടിയിൽ കടന്നു പിടിക്കുകയും വനിതാ അദ്ധ്യാപകർക്ക് നേരെ അക്രമം നടത്തുവാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കെഎസ്യു ആരോപിക്കുന്നു. അദ്ധ്യാപകർ ചെറുത്തപ്പോൾ കാലിയായ ബാലറ്റ് ബോക്സ് എടുത്ത് പുറത്തെറിഞ്ഞു.
ഫല പ്രഖ്യാപനം ഔദ്യോഗികമായി വന്നപ്പോൾ പുറത്തേക്ക് പോയ എസ്എഫ്ഐ സ്ഥാനാർത്ഥികളും പുറത്ത് നിന്ന് എത്തിയ നേതാക്കളും ആയുധവുമായി കാമ്പസിൽ കടക്കുന്ന സാഹചര്യമാണുണ്ടായത്. എം.ജി. സിൻഡിക്കേറ്റിന്റെ പിന്തുണയിൽ സത്യപ്രതിജ്ഞ തടയുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഭീഷണി മുഴക്കി. ഇതിനെതിരേയാണ് പൊലീസ് ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാൽ ഡിവൈ.എസ്പി എസ്. നന്ദകുമാർ പ്രിൻസിപ്പൽ സുനിൽ ജേക്കബ്, റിട്ടേണിങ് ഓഫീസർ തോംസൻ റോബി കെഎസ്യു സംസ്ഥാന ഭാരവാഹികളായ നിതിൻ മണക്കാട്ടുമണ്ണിൽ, ആഘോഷ് വി. സുരേഷ് എന്നിവർ നടത്തിയ ചർച്ചയിൽ ഫല പ്രഖ്യാപനത്തിൽ മാറ്റം ഉണ്ടാകില്ല എന്നും യൂണിയന്റെ തുടർ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാൻ വേണ്ട നടപടികൾ ഉണ്ടാകും എന്നും അറിയിപ്പ് ലഭിച്ചു. പരാജയം അംഗീകരിക്കാത്ത എസ്എഫ്ഐ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ പറഞ്ഞു. സൊസൈറ്റി തെരഞ്ഞെടുപ്പ് പോലെ കോളേജ് യൂണിയൻ ഇലക്ഷനെ കാണുന്ന ഇടതു നിലപാടിന് വിദ്യാർത്ഥികൾ നൽകിയ മറുപടി ആണ് കാതോലിക്കേറ്റിലെ വിജയമെന്നും അലൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയാഘോഷം കഴിഞ്ഞ് രാത്രിയിൽ വീടുകളിലേക്ക് പോയ കെ.എസ്യു പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഇരുചക്ര വാഹനങ്ങളിൽ എത്തിയവർ ആക്രമിച്ചുവെന്നും അലൻ ആരോപിച്ചു. ബൈക്കിൽ പിന്തുടർന്ന് ബിയർ കുപ്പി എറിഞ്ഞു പരുക്കേൽപ്പിക്കുവാനും ശ്രമിച്ചു. കോളജിന്റെ മുൻവശത്തും സെൻ പീറ്റേഴ്സ് ജങ്ഷനിലും വച്ചാണ് അക്രമം ഉണ്ടായത്. എസ്എഫ്ഐ ഗുണ്ടായിസത്തിൽ നിന്നും വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകുമെന്നും അലൻ ജിയോ മൈക്കിൾ പറഞ്ഞു.
എന്നാൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത് കോളജ് അധികൃതരും കെഎസ്യുവും ആണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ഫലപ്രഖ്യാപനം അധികൃതർ തടഞ്ഞു വച്ചു. പതിനാറോളം ബാലറ്റ് പേപ്പർ കാണാതായത് സംബന്ധിച്ച് എസ്.എഫ്.ഐ ഉന്നയിച്ച പരാതിയെ തുടർന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തുടക്കം മുതൽ കെഎസ് യു ഇവിടെ ശ്രമിച്ചിരുന്നുവെന്നും എസ്.എഫ്.ഐ ആരോപിച്ചു.
എം.ജി. സർവകലാശാലയുടെ കീഴിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വൻ വിജയം നേടിയെന്ന് എസ്.എഫ്.ഐ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന 18 കോളജുകളിൽ പതിനാറിലും എസ്.എഫ്.ഐ യൂണിയൻ ഭരണം നേടി. ഏഴ് കോളജുകളിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വർഷങ്ങളായി കെ.എസ്.യു വിജയിച്ചു കൊണ്ടിരുന്ന ഇലന്തൂർ കോളജ് എസ്.എഫ്.ഐ തിരിച്ചു പിടിച്ചു. ജില്ലയിൽ നിന്ന് സർവകലാശാല യൂണിയൻ കൗൺസിലർമാരായി 29 എസ്.എഫ്.ഐ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു.
തിരുവല്ല മാർത്തോമ കോളജിൽ മുഴുവൻ സീറ്റും എസ്.എഫ്.ഐ നേടി. അൽത്താഫ് മുഹമ്മദാണ് ചെയർപേഴ്സൺ. വൈസ് ചെയർപേഴ്സണായി കെ.ജെ അലീനയും ജനറൽ സെക്രട്ടറിയായി അഥിൻ ജോയലും മാഗസിൻ എഡിറ്ററായി കെവിൻ സിബി എബ്രഹാമും ആർട്സ് ക്ലബ്ബ് സെക്രട്ടറിയായി നോയൽ എസ്. രാജേഷും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി ചിന്താരാ എം റെജി, എസ്. സാന്ദ്ര എന്നിവരും വനിതാ പ്രതിനിധികളായി അബിത വി. അഭിലാഷ്, സൗപർണിക ഷിബു എന്നിവരും ഒന്നാം വർഷ പ്രതിനിധി അബിൻ സി, രണ്ടാംവർഷ പ്രതിനിധി ആഷിക്ക് റഷീദ്, മൂന്നാംവർഷ പ്രതിനിധി ഭരത് രാജ് പി ഹരിലാൽ, ഒന്നാം വർഷ പി ജി പ്രതിനിധി ബേസിൽ ബിജു, രണ്ടാം വർഷ പി ജി പ്രതിനിധി വി കെ മുഹമ്മദ് സബിൽ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
കോന്നി എൻ.എസ്.എസ് കോളജിൽ എ.ബി.വി.പി എസ്.എഫ്.ഐയുടെ നാമനിർദ്ദേശ പത്രികയടക്കം നൽകുന്നത് തടഞ്ഞുവെന്നാണ് ആരോപണം. ഇതിനെതിരെ സർവകലാശാല അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടികൾ നിർത്തി വച്ചുവെന്ന എസ്.എഫ്.ഐ നേതാക്കൾ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്