കോഴിക്കോട്: ഇ ഹെൽത്ത് കേരള പദ്ധതിയും ഖജനാവിന് നൽകുന്നത് ബാധ്യത. അഴിമതിക്ക് വേണ്ടിയാണ് പദ്ധതിയുണ്ടായത് എന്ന സംശയം ഉയർത്തുന്ന വിവരമാണ് പുറത്തു വരുന്നത്. ഇ ഹെൽത്ത് കേരള പദ്ധതിക്ക് വേണ്ടി 15.80 കോടി രൂപ മുടക്കി വാങ്ങിയ 9500 കംപ്യൂട്ടർ ടാബ്‌ലെറ്റുകളിൽ പകുതിയും കേടായി നശിച്ച നിലയിൽ. സ്വകാര്യ കമ്പനിയിൽനിന്നു വാങ്ങിയ ടാബുകളിൽ 4404 എണ്ണവും പൂർണമായി കേടായപ്പോൾ 4455 എണ്ണം എട്ടുകൊല്ലമായി ഉപയോഗിക്കാതെ വച്ചിരിക്കുകയാണ്. അതായത് കമ്മീഷൻ മോഹികൾ നടത്തിയ ഇടപാട്. എന്നാൽ ആരും അന്വേഷിക്കുന്നില്ല. വിജിലൻസ് ശക്തമായി ഇടപെട്ടാൽ കള്ളന്മാർ പിടിക്കപ്പെടുമെന്ന് വ്യക്തം.

അറ്റകുറ്റപ്പണി അസാധ്യമായതോടെ ഉപയോഗശൂന്യമായ ടാബുകൾ കൂട്ടത്തോടെ നശിപ്പിക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. വൻതുക നൽകി വാങ്ങിയ ടാബ്ലെറ്റുകളിൽ 25% പോലും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ വൻ അനാസ്ഥയാണ് ഉണ്ടായത്. ഇ ഗവേണൻസ് മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് ടാബുകൾ വാങ്ങിയത്. 2016ൽ കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഇ ഹെൽത്ത് കേരള പദ്ധതിക്കു തുടക്കമിട്ടത്. പദ്ധതിയെ ഡിജിറ്റലാക്കാൻ ആരും ശ്രമിച്ചില്ല. എന്നാൽ അതിന് വേണ്ട ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു.

ടാബ്‌ലെറ്റുകളുടെ ഓഡിറ്റ് റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതോടെയാണ് 15.80 കോടി രൂപയുടെ നഷ്ടം തെളിഞ്ഞത്. ഇതിന് സമാനമായി സാധനങ്ങൾ വാങ്ങി കൂട്ടിയ ശേഷം ഉപയോഗിക്കാത്ത നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ദേശീയ ഗെയിംസിന് വേണ്ടി വാങ്ങിയ പുനരുപയോഗിക്കാവുന്ന വീടുകൾ പോലും തട്ടിപ്പിന്റെ ബാക്കി പത്രമാണ്. അതും നശിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. അങ്ങനെ കോടികളാണ് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും കേരളത്തിൽ നിന്നും ഒഴുകുന്നത്.

ഇ ഹെൽത്തിനായി 9500 ടാബ്‌ലെറ്റുകൾ വാങ്ങിയതിൽ 4404 എണ്ണം ഹാർഡ്വെയർ തകരാർ മൂലമാണ് ഉപയോഗശൂന്യമായത്. 246 എണ്ണത്തിന് എന്തു സംഭവിച്ചെന്നു വ്യക്തമല്ല. 23 എണ്ണം പ്രളയത്തിൽ നഷ്ടപ്പെട്ടെന്നാണ് ഇ ഹെൽത്ത് അധികൃതരുടെ വിശദീകരണം. ഒരിക്കൽപോലും ഉപയോഗിക്കാതെ നശിച്ചുപോയവയും ഉണ്ട്. ശേഷിക്കുന്ന 4455 എണ്ണമാണ് ഏതെങ്കിലും തരത്തിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്നത്. അങ്ങനെ എല്ലാം കൊണ്ടും നഷ്ടക്കച്ചവടം

ഐബോൾ സ്ലൈഡ് ബ്രേസ് എക്‌സ് 1 എന്ന ടാബ്‌ലെറ്റാണ് 2017 മുതൽ വിവിധ ഘട്ടങ്ങളിലായി വാങ്ങിയത്. ഒരെണ്ണത്തിന് 13,550 രൂപ വീതം 1500 എണ്ണവും 15,228 രൂപ വീതം 8000 എണ്ണവുമാണു വാങ്ങിയത്. കൂടെ നികുതിയും. കെൽട്രോണാണ് സ്വകാര്യ കമ്പനിയിൽനിന്നു ടാബുകൾ വാങ്ങി ഇ ഹെൽത്ത് കേരള പ്രോജക്ടിനു കൈമാറിയത്. ഫീൽഡ് സർവേയ്ക്കു പോകാൻ എത്ര ജീവനക്കാരാണ് ആരോഗ്യവകുപ്പിന് ഉള്ളത് എന്നുപോലും കൃത്യമായ കണക്ക് എടുക്കാതെയാണ് ടാബുകൾ വാങ്ങിയത്.

14 ജില്ലയിലെയും ഓരോ വ്യക്തിയുടെയും ആരോഗ്യവിവരങ്ങൾ ആധാർ നമ്പറിനൊപ്പം ടാബിൽ ശേഖരിച്ച് ഇ ഹെൽത്ത് സെർവറിലേക്ക് മാറ്റാനായിരുന്നു നിർദ്ദേശം. ഫീൽഡിൽനിന്നുള്ള വിവരശേഖരണം ഇപ്പോഴും കടലാസിൽ തന്നെയാണു നടത്തുന്നത്. അതായത് ടാബുകളുടെ ആവശ്യം വേണ്ടത്ത പദ്ധതിയായി ഇ ഹെൽത്തിലെ വിവര ശേഖരണം മാറി.

ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ഇ- ഹെൽത്ത് പദ്ധതിയിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം ഒരു ഡിജിറ്റൽ യുഗത്തിലേക്ക് നീങ്ങുകയാണ് എന്നായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ അവകാശ വാദം. ചികിത്സാരംഗത്ത് വളരെയധികം മാറ്റമുണ്ടാക്കാൻ കഴിയുന്ന മികച്ച സംവിധാനങ്ങളാണ് ഈ പദ്ധതിയിലുള്ളത് എന്നും വിശദീകരിച്ചു. ഒരാൾ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നടപടികൾ പൂർത്തിയാക്കി മടങ്ങും വരെ എല്ലാ ആരോഗ്യ സേവനവും ഇ- ഹെൽത്ത് സംവിധാനത്തിലൂടെ റെക്കോഡ് ചെയ്യുന്നതാണെന്നും പറഞ്ഞിരുന്നു.

ഇ - ഹെൽത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ പൗരനും ഇലക്ട്രോണിക് ഹെൽത്ത് കാർഡ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏതു സർക്കാർ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്സ രേഖ ഇതിലൂടെ ലഭ്യമാകും. പക്ഷേ ഇതൊന്നും ഇനിയും നടപ്പായിട്ടില്ല.