- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ ഷോക്ക് മാറും മുമ്പേ ആത്മകഥാ വിവാദവും; ഇ പി ക്കെതിരെ സിപിഎമ്മില്‍ ഗൂഢാലോചനയോ? കണ്ണൂരിലെ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷം; സരിന്‍ വയ്യാവേലി എന്ന പ്രതികൂല പരാമര്‍ശം അടക്കമുള്ള അദ്ധ്യായം കൂട്ടിച്ചേര്‍ത്തതോ? 75 തികയുന്ന ഇ പിക്ക് ഇനി കേന്ദ്രകമ്മിറ്റിയും അന്യമാകും
ഇ പി ക്കെതിരെ സിപിഎമ്മില്‍ ഗൂഢാലോചനയോ?
കണ്ണൂര്‍ : ഇ പി ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥാ വിവാദത്തിന് പിന്നില്‍ കണ്ണൂര്‍ സി പി എമ്മിലെ വിഭാഗീയതയാണെന്ന ആരോപണം ശക്തമായി. ഇ.പി എഴുതി കൊണ്ടിരിക്കുന്ന ആത്മകഥയുടെ എഡിറ്റ് ചെയ്യാത്ത ഭാഗങ്ങള്‍ പുറത്തുവിട്ടതില്‍ സ്വന്തം പാര്‍ട്ടിയില്‍ ഇപി യെ എതിര്‍ക്കുന്ന ചില നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. ഡി.സി ബുക്‌സിന് അയച്ചു കൊടുത്ത കൈയ്യെഴുത്തുപ്രതിയിലെ ടൈപ്പ് ചെയ്ത അണ്‍ എഡിറ്റഡ് ഭാഗങ്ങളാണ് ചോര്‍ന്നത്. ഇതില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി സരിന്‍ വയ്യാവേലി ആണെന്നും മറ്റുമുള്ള പ്രതികൂലമായ അഭിപ്രായങ്ങള്‍ എഴുതിയ അധ്യായം ചിലര്‍ കൂട്ടി ചേര്‍ത്തതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഇതേ തുടര്‍ന്നാണ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡിജിപിക്ക് പരാതി നല്‍കിയത്. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നല്‍കിയ പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും പരാതിയില്‍ പറയുന്നു.
പാര്‍ട്ടിക്കെതിരെയുള്ള വിമര്‍ശനങ്ങളുമായാണ് ഇപി ജയരാജന്റെ ആത്മകഥയുടെ പ്രസക്തഭാഗങ്ങളെന്ന പേരില്‍ പി.ഡി.എഫ് പേജുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചേലക്കര, വയനാട് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പുറത്തുന്ന ആത്മകഥയുടെ ഭാഗങ്ങള്‍ ഏറെ വിവാദമാവുകയും ചെയ്തു. 'കട്ടന്‍ ചായയും പരിപ്പുവട'യുമെന്ന പുസ്തകത്തിന്റെ കവര്‍ പേജ് തന്നെ പരിഹസിക്കുന്നതാണ്. ആരെങ്കിലും ഇങ്ങനെയൊരു പേര് പുസ്തകത്തിനിടുമോ എന്നും ഇപി ജയരാജന്‍ ചോദിച്ചു.
പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും തന്റേതല്ല. ഡി.സി ബുക്‌സില്‍ ഈ കാര്യം അന്വേഷിച്ചപ്പോള്‍ പരിശോധിക്കാമെന്നാണ് പറഞ്ഞത്. തന്റെ പുസ്തകത്തിന്റെ പ്രകാശനമെങ്കിലും താന്‍ അറിയേണ്ടെയെന്നും ഇപി ജയരാജന്‍ ഡി.ജി.പിക്ക് നല്‍കിയ ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നില്‍ വന്‍ ആസുത്രിത ഗുഡാലോചനയുണ്ട്. ഇതേ കുറിച്ചു അന്വേഷിക്കണമെന്നും ഇപി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ആത്മകഥയുടെ പേരില്‍ ഉയരുന്ന വിവാദങ്ങളില്‍ ജയരാജനോടൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കണ്ണൂരില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സി.പി.എമ്മിലെ മറ്റു നേതാക്കളാരും ഇപി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം തന്നെ ഇപിയുടെ വിവാദ ആത്മകഥയുടെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നത് സി.പി.എമ്മിന് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ വിവാദങ്ങള്‍ ബാധിക്കില്ലെന്നായിരുന്നു എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്.
ഡി.സി ബുക്‌സിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്തകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി ജയരാജന്‍ അഡ്വ. കെ. വിശ്വന്‍ മുഖേനെ ഡി.സി ബുക്‌സിന് വക്കീല്‍ നോട്ടിസ് അയച്ചു. താന്‍ ഇത്തരത്തില്‍ ആത്മകഥയെഴുതിയിട്ടില്ലെന്നും തന്റെ പുസ്തക പ്രകാശനം താനറിയാതെ എങ്ങനെയാണ് പ്രകാശനം ചെയ്യുകയെങ്ങനെയാണെന്ന് ഇ.പി ജയരാജന്‍ അയച്ച വക്കീല്‍ നോട്ടിസില്‍ ചോദിച്ചു. ഡി.സി ബുക്ക്‌സിന്റെ ഉടമ രവിയെ ഈ വാര്‍ത്തയറിഞ്ഞപ്പോള്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തെ കിട്ടിയില്ല. രവി വിദേശത്താണെന്നാണ് പറഞ്ഞത്. കോട്ടയം ഓഫീസില്‍ വിളിച്ചപ്പോള്‍ കോട്ടയത്ത് നിന്ന് ചോര്‍ന്നതാണോയെന്ന് അറിയില്ലെന്നാണ് പറഞ്ഞത്.
രവി നാട്ടിലെത്തിയാല്‍ തന്നെ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്. തന്റെ ആത്മകഥയെഴുതാന്‍ വിശ്വസ്തനായ കണ്ണൂരിലെ ഒരു പത്രപ്രവര്‍ത്തകനായ ഒരാളെ ഏല്‍പ്പിച്ചതായിരുന്നു. അദ്ദേഹത്തില്‍ നിന്നും ഇക്കാര്യം ചോരുമെന്ന് കരുതുന്നില്ല. മാതൃഭൂമിയിലെ പി.പി ശശീന്ദ്രന്‍ മാതൃഭൂമി ബുക്ക് സിനായി ആത്മകഥയ്ക്കായി വിളിച്ചിരുന്നു. ആര്‍ക്കാണ് കൊടുക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഫൈനല്‍ പ്രിന്റെടുത്ത് ഒഴിവാക്കേണ്ട കാര്യങ്ങള്‍ ഒഴിവാക്കിയും കൂട്ടി ചേര്‍ക്കേണ്ടത് ചേര്‍ത്തുമാണ് പുസ്തകം പുറത്തിറക്കുകയെന്നും ഇപി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ഇപി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ തങ്ങളെ ഏല്‍പ്പിച്ചതു തന്നെയാണെന്നാണ് ഡി.സി ബുക്‌സ് അധികൃതരുടെ വാദം. എവിടെ നിന്നാണ് ഇതിന്റെ പി.ഡി.എഫ് ഫയല്‍ ചോര്‍ന്നതെന്ന് അറിയില്ല. നേരത്തെ ടൈപ്പ് ചെയ്തു പ്രൂഫ് ചെയ്ത കോപ്പി ജയരാജനെ പത്തു മാസങ്ങള്‍ക്ക് മുന്‍പ് കാണിച്ചിരുന്നതായാണ് ഡി.സി ബുക്ക്‌സിന്റെ വാദം.പുസ്തകത്തിന്റെ പേരടക്കം ഇ പി യുമായി ആലോചിച്ചാണ് നല്‍കിയത് എന്നും അവര്‍ അവകാശപ്പെടുന്നു.
തന്റെ രാഷ്ട്രീയ ജീവിതവും ആരോപണങ്ങളുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം ഉടന്‍ ഇറങ്ങുമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ഇപി പറഞ്ഞത്. ഏതാണ്ട് ഇതേ സമയം തന്നെയാണ് ഡിസി ബുക്‌സ് ഇ പി ജയരാജനുമായി പുസ്തകം ഇറക്കാന്‍ കരാര്‍ ഉണ്ടാക്കിയത്. ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു പുസ്തകം എഴുതും എന്നുള്ള പ്രഖ്യാപനം. ഇതിനായി ഇപി പാര്‍ട്ടി അനുമതി തേടിയിരുന്നില്ല. ഒരു മുതിര്‍ന്ന ദേശാഭിമാനി ലേഖകനാണ് ഇ പി പുസ്തകം തയ്യാറാക്കാന്‍ വിവരങ്ങള്‍ കൈമാറിയത്. ഇപി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ അദ്ദേഹമാണ് പകര്‍ത്തി എഴുതിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പുസ്തകത്തിന്റെ എഴുത്ത് ജോലി തുടങ്ങിയിരുന്നു.
ദേശാഭിമാനി ലേഖകന്‍ തന്നെയാണ് ഡിസി ബുക്‌സിന് പുസ്തകത്തിന്റെ ടൈപ്പ് ചെയ്ത പകര്‍പ്പ് എത്തിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിട്ടും ഇയാള്‍ വിവരങ്ങള്‍ പാര്‍ട്ടി അറിയിച്ചില്ല എന്ന കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപകാലത്തെ സംഭവ വികാസങ്ങള്‍ കൂടി ചേര്‍ത്ത് പിന്നീട് നേരത്തെ നല്‍കിയ കരടില്‍ പേജുകള്‍ വര്‍ധിപ്പിച്ചു. എല്ലാ വിവരങ്ങളും ഇപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. പുസ്തകം പ്രസിദ്ധീകരിക്കരുത് എന്ന് ഇ പി ഡിസിയോട് ആവശ്യപ്പെട്ടിരുന്നോ എന്നുവ്യക്തമല്ല. എന്തായാലും 75 വയസിനോട് അടുക്കുന്ന ഇപിയെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് നീക്കാന്‍ ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച വിവാദത്തിന് പുറമേ, ആത്മകഥാ വിവാദവും ആയുധമാവും.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്