കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കുമെന്നു സൂചന. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി ഇ.പി ഒഴിഞ്ഞേക്കും. ഇക്കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ സൂചന നൽകി കൊണ്ടാണ് ഇ.പി ജയരാജന്റെ മുൻപോട്ടുള്ള പോക്ക്. നേരത്തെ ഭരണത്തിലിരിക്കുന്ന മുന്നണിയുടെ കൺവീനർ സ്ഥാനം ആലങ്കാരിക പദവിയാണെന്ന തിരിച്ചറിവിനെ തുടർന്ന് ഇ.പി ജയരാജൻ തന്നെ ഒഴിവാക്കാണമെന്ന് പാർട്ടി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. ശാരീരിക അവശതകൾ കാരണമാണ് അദ്ദേഹം തന്നെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രിയടക്കമുള്ളവർ ഇടപെട്ടു ഇ.പിയോട് തുടരാൻ ആവശ്യപ്പെടുകയായിരുന്നു.

ഇപ്പോൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ സജീവമാകാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ജയരാജൻ വഴങ്ങില്ലെന്നാണ് സൂചന. എൽ.ഡി. എഫ് അടിയന്തര യോഗംവിളിച്ചു ചേർത്തതിനു ശേഷമുള്ള ദിവസങ്ങളിൽ ഇ.പി ജയരാജൻ ഒഴിയാൻ വൈകില്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. മുന്നണി നേതൃസ്ഥാനം ഏറ്റെടുക്കുന്നതിൽ ശാരീരിക അവശതകൾ കാരണം തനിക്ക് സജീവമാകാൻ കഴിയില്ലെന്ന വിവരം ഇ.പി താനുമായി അടുപ്പമുള്ളവരോട് നേരത്തെ അറിയിച്ചിരുന്നു. എൽ.ഡി. എഫ് കൺവീനറായി മാസങ്ങൾക്കു ശേഷം ഇ.പി കണ്ണൂരിൽ തന്നെയാണ് കൂടുതൽ സമയമുണ്ടായിരുന്നത്. വലിയ യാത്രകൾ അദ്ദേഹം ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു. ഇ.പിക്ക് പകരം എൽ.ഡി. എഫ് കൺവീനറായി മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ എ.കെ ബാലനെ നിയോഗിക്കാനാണ് സി.പി. എം കണക്കുകൂട്ടുന്നത്.

ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറിൽ നിന്ന് എൽഡിഎഫ് കൺവീനറും സി.പി. കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജൻ വിട്ടുനിന്നതിനെതിരെ പാർട്ടിയിൽ ഭൂരിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ട്.
പാർട്ടി നേതൃത്വവുമായി ഏറെക്കാലമായി അകന്ന് കഴിയുന്ന ഇ.പി. ജയരാജൻ പാർട്ടിക്കുള്ളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പാർട്ടി സംസ്ഥാനതലത്തിൽ നടത്തിയ പരിപാടിയിൽ നിന്നും വിട്ടു നിന്നു കൊണ്ട് പ്രഖ്യാപിക്കുക കൂടിയാണെന്നാണ് എതിർപക്ഷക്കാരുടെ വിലയിരുത്തൽ.

ഇ.പി തിരുവനന്തപുരത്തെ ഡി.വൈ. എഫ്. ഐ നടത്തിയ സ്നേഹവീടിന്റെ താക്കോൽദാനപരിപാടിയിൽ പങ്കെടുത്തത് പരസ്യമായ വെല്ലുവിളിയാണൊണ് എം.വി ഗോവിന്ദനെ അനുകൂലിക്കുന്ന ഔദ്യോഗികപക്ഷം വിലയിരുത്തുന്നത്. ഇ.പി ജയരാജന്റെ നടപടി പാർട്ടി പ്രവർത്തകരിലും ഘടകകക്ഷികളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മുസ്ലിം ലീഗും സി.പി. ഐ നേതാക്കളും കോഴിക്കോട്ടെ സെമിനാറിൽ നിന്നും വിട്ടുനിന്നതിന്റെ ക്ഷീണം സംഭവിച്ച സി.പി. എമ്മിന് എൽഡി. എഫ് കൺവീനറുടെ അസാന്നിധ്യം തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ഏതാനും മാസങ്ങളായി വിവിധ വിഷയങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ പോര് ജയരാജൻ സെമിനാറിൽ നിന്ന് വിട്ടു നിന്നതോടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. പാർട്ടിയിലെ സീനിയർ നേതാവായ ഇപിയെ വെട്ടി പിണറായിയുടെ അനുഗ്രഹാശിസ്സുകളോടെ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതോടെ ജയരാജൻ പാർട്ടിയുമായി അകന്ന് തുടങ്ങുകയായിരുന്നു.

പാർട്ടി പരിപാടികളിലും എൽഡിഎഫ് മുന്നണിക്കകത്തും ഇ.പി ജയരാജൻ ഇപ്പോൾ സജീവമല്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മരണത്തിന് ശേഷം പിണറായി മന്ത്രിസഭയയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജൻ പാർട്ടി സെക്രട്ടറിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകളെ തെറ്റിച്ച് എം വി ഗോവിന്ദൻ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായതോടെ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ഇ.പി. ബോധപൂർവ്വംമാറി നിൽക്കാൻ തുടങ്ങി.

എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ കാസർക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ ജനകീയ പ്രതിരോധയാത്രയുടെ കാസർകോട്ടു നടന്ന ഉദ്ഘാടനപരിപാടിയിൽ നിന്നും മാറി നിന്നതോടെയാണ് ഇപി പ്രത്യക്ഷമായി പാർട്ടിനേതൃത്വത്തെ വെല്ലുവിളിച്ച തുടങ്ങിയത്. പിന്നീട് നേതൃത്വം അനുനയിപ്പിച്ചതോടെ ഇപി വീണ്ടും പാർട്ടി വേദികളിൽ സജീവമായെങ്കിലും കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും സെമിനാറിലും മാറി നിന്നതോടെ പരസ്പരമുള്ള പോരിന് അയവു വന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഇ.പി. ജയരാജന്റെ ഭാര്യയ്ക്കും മകനും പ്രധാന പങ്കാളിത്തമുള്ള തളിപ്പറമ്പിലെ വൈദേകംആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയംഗം പി. ജയരാജൻ പാർട്ടി കമ്മിറ്റിയിൽ പരാതി ഉന്നയിച്ചതോടെ ഇ.പി. ജയരാജൻ സമ്മർദ്ദിത്തിലായിരുന്നു. ആരോപണങ്ങൾക്ക് എം വി ഗേവിന്ദനടക്കമുള്ള സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. റിസോർട്ടിൽ ആദായ നുകിത വകുപ്പ് പരിശോധന നടത്തിയിരുന്നു. പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും തമ്മിലുള്ള പോര് താഴെത്തട്ടിലുള്ള പ്രവർത്തനത്തിലും പ്രതിഫലിക്കുന്നുണ്ടെങ്കിലും ദേശീയനേതൃത്വത്തിന് ഏതെങ്കിലും തരത്തിൽ ഇടപെടാനോ പ്രശ്‌നത്തിന് പരിഹാരം കാണാനോ സാധിക്കുന്നില്ല.

വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെ കോഴിക്കോട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാതെ ഇപി തിരുവനന്തപുരത്ത് പോയത് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സ്‌നേഹവീടിന്റെ താക്കോൽ ദാനത്തിൽ പങ്കെടുക്കാനാണെന്നതും പ്രത്യേകതയുണ്ട്. എം വി ഗോവിന്ദൻ തന്റെ അതൃപ്തി മറച്ച് വെക്കാതെ എൽഡിഎഫ് കൺവീനറെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും പരസ്യമായി പ്രതികരിച്ചത് വരും നാളുകളിലും വിഭാഗീയത ശക്തമാകുമെന്ന് തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരുകാലത്ത് പിണറായി വിഭാഗത്തിലെ കരുത്തനായ നേതാവായിരുന്ന ഇ.പി ജയരാജനെ പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രിയും കൈവിട്ട മട്ടാണ്. പാർട്ടിയിലെ രണ്ടാംനിര നേതാക്കളാരും ജയരാജനെ അനുകൂലിക്കുന്നവരില്ല. ഫലത്തിൽ പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഇ.പി ജയരാജന് അതിജീവനത്തിനുള്ള സാധ്യതയുടെ വാതിലുകൾ ഓരോന്നായി അടയുകയാണ്.