കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് വൈദേകം അടുത്തകാലത്ത് നിരന്തര വിവാദങ്ങളിലാണ് ചാടിയിരുന്നത്. റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത് അടക്കം വാർത്തകളായി മാറി. ഇതിന് പിന്നാലെ റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കാനാണ് ഇപിയും ശ്രമിച്ചത്. ഇതിനിടെയാണ് വൈദേകം റിസോർട്ട് വിൽക്കുന്നു എന്ന വാർത്തയും പുറത്തുവന്നത്. കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ റിസോർട്ട് വാങ്ങുമെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവന്നത്.

എന്നാൽ, അത്തരമൊരു വിൽപ്പന ഇടപാട് ഇല്ലെന്നാണ് ഇ പി ജയരാജനുമായി അടുത്ത വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കിയത്. വൈദേകം റിസോർട്ടിലെ ട്രീറ്റ്‌മെന്റുകൾ ഔട്ട്‌സോഴ്‌സ് ചെയ്യുകയാണെന്നും അതിനായി വിവിധ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുന്നുവെന്നുമാണ് റിസോർട്ടുമായി അടുപ്പമുള്ളവർ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ രാജീവ് ചന്ദ്രശേഖറുമായി ബന്ധമുള്ള കമ്പനിയുമായി ഈ മാസം 15 ന് കരാർ ഒപ്പിടുമെന്ന വിധത്തിലാണ വാർത്തകൾ വന്നത്.

വൈദേകം റിസോർട്ടിൽ ഇ പി ജയരാജനും അദ്ദേഹത്തിന്റെ ഭാര്യക്കും മകനും ഓഹരി നിക്ഷേപമുള്ളത് വിവാദമായതിനെ തുടർന്നാണ് വിൽപ്പന നടക്കുന്നതെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. നേരത്തെ ഇ പി ജയരാജന്റെയും കുടുംബത്തിന്റെയും നിക്ഷേപത്തിൽ സംശയം പ്രകടിപ്പിച്ച് പി ജയരാജൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നിരുന്നു.

ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരക്കും മകൻ ജെയ്സണുമാണ് റിസോർട്ടിലെ പ്രധാന ഓഹരി ഉടമകൾ. 9,199 ഓഹരികളാണ് ഇരുവർക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയുമാണ് ഓഹരി. വിവാദത്തെ തുടർന്ന് റിസോർട്ടിലുള്ള ഓഹരികൾ ഇ പി ജയരാജന്റെ കുടുംബം ഒഴിയുമെന്ന് പറഞ്ഞിരുന്നു.

ഓഹരി മറ്റാർക്കെങ്കിലും കൈമാറാനായിരുന്നു തീരുമാനം. വിഷയത്തിൽ പാർട്ടിയിൽ നിന്നും ഇപിക്കെതിരെ ശക്തമായ സമ്മർദ്ദമുയർന്നിരുന്നു.വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയർ ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര വീതം ഓഹരികൾ ഉണ്ടെന്നും ആരാഞ്ഞ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. റിസോർട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിരുന്നു. താൻ റിസോർട്ടിന്റെ ആരുമല്ല എന്നായിരുന്നു വിവാദങ്ങളോടുള്ള എൽഡിഎഫ് കൺവീനറുടെ പ്രതികരണം.