- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ പോസ് മിഷിന് പിന്നിലും എ ഐ ക്യാമറയ്ക്ക് സമാനമായ അഴിമതിയോ? റേഷൻ വാങ്ങാനെത്തുന്ന സാധാരണക്കാർക്ക് നിരാശ മാത്രം കിട്ടുമ്പോൾ കേരളത്തിലെ റേഷൻ കടകൾക്ക് മുന്നിലെല്ലാം സംഘർഷ സമാന സാഹചര്യം; സർവ്വർ പ്രശ്നം പരിഹരിച്ചെന്ന് സർക്കാർ പറയുമ്പോഴും അനുഭവം മറിച്ച്; മെയ് 2ന് എന്തു സംഭവിക്കുമെന്ന ആധി വ്യാപകം
തിരുവനന്തപുരം: കേരളത്തിലെ റേഷൻ കടക്കാർ ഭീതിയിൽ. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ പ്രശ്‌നങ്ങൾ മൂലം 3 ദിവസം അടച്ചിട്ട റേഷൻ കടകൾ ഇന്നലെ തുറന്നപ്പോൾ പലയിടത്തും വിതരണം തടസ്സപ്പെട്ടു. റേഷൻ വാങ്ങാൻ എത്തിയവർ പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളിലും ഈ പ്രശ്‌നങ്ങൾ തുടർന്നാൽ അത് വലിയ സംഘർഷങ്ങൾക്ക് വഴിവയ്ക്കും. അതിനിടെ കേന്ദ്ര സർക്കാരാണ് പ്രശ്‌നത്തിന് കാരണമെന്ന് വരുത്താനുള്ള പ്രചരണം നടക്കുന്നുണ്ട്. എന്നാൽ ഇത് കേന്ദ്ര സർക്കാർ നിഷേധിച്ചു. സംസ്ഥാന സർക്കാരിന്റെ സെർവ്വർ പ്രശ്‌നമാണ് എല്ലാത്തിനും കാരണമെന്നാണ് വിലയിരുത്തൽ.
ഇന്നും നാളെയും പൊതു അവധിയായതിനാൽ ഇനി മെയ് 2നാണു റേഷൻ കടകൾ പ്രവർത്തിക്കുക. 2നും 3നും 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി കടകൾ പ്രവർത്തിക്കും. ഏപ്രിലിലെ റേഷൻ വിതരണം മെയ് 5 വരെ തുടരും. രണ്ടു ദിവസം അവധി കൂടിയായതിനാൽ വലിയ തോതിൽ ആളുകൾ മെയ് രണ്ടിന് റേഷൻ വാങ്ങാനെത്തും. അത് ഇ പോസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലും സജീവമാണ്. ഏതായാലും റേഷൻ വാങ്ങാനെത്തുന്നവരും കടക്കാരും തമ്മിലുള്ള കശപിശകൾക്കാണ് ഇ പോസ് വഴിവയ്ക്കുന്നത്.
കോട്ടയം ജില്ലയിൽ 4 മണിക്കൂർ പ്രവർത്തിച്ചെങ്കിലും വൈകിട്ട് ആറേകാലോടെ വിതരണം സ്തംഭിച്ചു. മലപ്പുറം ജില്ലയിൽ ഒന്നര മണിക്കൂർ പ്രവർത്തിച്ചശേഷം യന്ത്രങ്ങൾ പണിമുടക്കി. വിവിധ റേഷൻ കടകൾക്കു മുൻപിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു. മെഷീനുകൾ പണിമുടക്കിയതു കൊല്ലത്തു പലയിടത്തും റേഷൻ വിതരണത്തെ ബാധിച്ചു. മെഷീനിലെ ഇന്റർനെറ്റ് ബന്ധം മുടങ്ങിയതിനാൽ ചിലയിടങ്ങളിൽ വൈഫൈ സഹായത്തോടെയാണു പ്രവർത്തിപ്പിച്ചത്. ആലപ്പുഴയിൽ വിതരണം മുടങ്ങിയപ്പോൾ തർക്കങ്ങളുണ്ടായി.
ഇന്നലെ 8 ലക്ഷത്തോളം പേരാണു റേഷൻ വാങ്ങിയത്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ കടകൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചകഴിഞ്ഞു 2 മുതൽ 7 വരെയും പ്രവർത്തിക്കുന്ന ക്രമീകരണമാണു നടത്തിയത്. ഇതും സർവ്വറിലെ പ്രശ്‌നങ്ങൾ കുറച്ചില്ല. അതീവ ജാഗ്രതയിലായിരുന്നു ഓരോ റേഷൻ കടക്കാരും.
ഓരോ മണിക്കൂറിലും ഇ പോസ് പ്രവർത്തന റിപ്പോർട്ട് തേടുകയും പ്രശ്‌നങ്ങളുണ്ടായാൽ ഉദ്യോഗസ്ഥർ കടയിലെത്തി പരിഹരിക്കുകയും ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഭാവിയിൽ ഇ പോസ് പ്രശ്‌നങ്ങളുണ്ടായാൽ ബദൽ സംവിധാനം ഒരുക്കുന്ന കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ഭക്ഷ്യവകുപ്പു സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
അതിനിടെ ഇടനിലക്കാരും ബെനാമികളുമാണു കേരളം ഭരിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ആരോപിച്ചു. ക്യാമറ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. പദ്ധതിയിൽ അഴിമതിയുണ്ടെന്നു തെളിഞ്ഞതോടെ കെൽട്രോണിന്റെ മേൽ പഴിചാരി രക്ഷപ്പെടാനാണ് മന്ത്രി പി.രാജീവ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. റേഷൻ വിതരണം താറുമാറാകാൻ കാരണം വില കുറഞ്ഞ ഇ പോസ് മെഷീനുകളാണ്. ഈ ഇടപാടിലും അഴിമതി നടന്നിട്ടുണ്ടോ എന്നു സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല പാവങ്ങൾക്കും റേഷൻ കിട്ടാത്ത അവസ്ഥയാണ്. പല ഗ്രാമ മേഖലകളിലും ഇത് സംഘർഷ സാധ്യതയുണ്ടാക്കുന്നു. സർവ്വർ തകരാറാണ് ഇതിന് കാരണം. സെർവർ തകരാറിൽ റേഷൻ വിതരണം താളംതെറ്റിയതോടെ റേഷൻ വാങ്ങാൻ കഴിയാതെ പതിനായിക്കണക്കിന് കുടുംബങ്ങൾ വലയുകയാണ്. ഏതാനും മാസങ്ങളായി സെർവർ തകരാറാകുന്നതും റേഷൻ വിതരണം അവതാളത്തിലാകുന്നതും പതിവായിരുന്നു. ഇതിനെതുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറന്നുള്ള പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞമാസം കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. മാസാവസാനമടക്കം വിതരണം സുഗമമായി നടന്നു. ഇതോടെ സമയ ക്രമീകരണം മാറ്റി. ഇത് വീണ്ടും താളം തെറ്റലായി. പതിവിൽനിന്ന് വ്യത്യസ്തമായി കുത്തരി, പുഴുക്കലരി, പച്ചരി എന്നിങ്ങനെ എല്ലാ ഇനം അരികളിലും കടകളിൽ ഉണ്ടായ അവസരത്തിലാണ് സെർവർ പണിമുടക്ക്. റേഷൻ വിതരണം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന ആരോപണം സജീവമാണ്.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ട സർക്കാർ നിഷ്‌ക്രിയമാണെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് പൊതുവിതരണ സംവിധാനം. സാങ്കേതിക പിഴവിന്റെ പേരിൽ റേഷൻ വിതരണം നിർത്തുമ്പോൾ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റും.
മറുനാടന് മലയാളി ബ്യൂറോ