- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിക്ക് പുതിയ ഡിസൈനുമായി ഇ ശ്രീധരന്‍; പുതിയ പാതയില്‍ പത്തനംതിട്ട, മലപ്പുറം ജില്ലകളും; മൂന്ന് മണിക്കൂര്‍ 20 മിനിട്ടില്‍ ലക്ഷ്യത്തിലെത്തും; ചെലവും സമയവും കുറഞ്ഞതാണ് പുതിയ പദ്ധതിയെന്ന് മെട്രോമാന്റെ വിശദീകരണം
തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിക്ക് പുതിയ ഡിസൈനുമായി ഇ ശ്രീധരന്‍

തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിക്കായുള്ള പുത്തന്‍ ഡിസൈനുമായി ഇ ശ്രീധരന്‍. സമയവും ചെലവും കുറഞ്ഞ പുതിയ മോഡലാണിതെന്നാണ് ശ്രീധരന്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം - കണ്ണൂര്‍ റൂട്ടില്‍ പത്തനംതിട്ടയെയും മലപ്പുറത്തെയും ഉള്‍പ്പെടുത്തിയാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ ഇ ശ്രീധരന്‍ തയ്യാറാക്കിയ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മൂന്ന് മണിക്കൂര്‍ 20 മിനിട്ടില്‍ ലക്ഷ്യത്തിലെത്തുമെന്നാണ് പുതിയ ഡിസൈനില്‍ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് പത്തരയ്ക്ക് പൊന്നാനിയിലെ ഡിഎംആര്‍സി ഓഫീസ് പുതിയ ഡിസൈന്‍ പുറത്തുവിടും. പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 54000 കോടി രൂപയാണ്. എ സി ചെയര്‍ കാറിന്റെ നിരക്കിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. പുതിയ ഡിസൈനില്‍ തൂണും തുരങ്കവും കൂടുതല്‍ വരുന്നതിനാല്‍ ചെലവ് കുറയുമെന്നാണ് വിലയിരുത്തല്‍. സില്‍വര്‍ ലൈന്‍, ആര്‍ആര്‍ടിഎസ് എന്നിവയേക്കാള്‍ ചെലവ് കുറവായിരിക്കും പുതിയ പദ്ധതിക്കെന്ന് ശ്രീധരന്‍ പറയുന്നു. സ്ഥലമേറ്റെടുപ്പും കുറവായിരിക്കും. പുതുക്കിയ ഡിസൈന്‍ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് ശ്രീധരന്‍ അറിയിച്ചു.
ഈ മാസമാദ്യമാണ് അതിവേഗ റെയില്‍ പദ്ധതിക്കായി ഇ ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുറന്നത്. ഏപ്രിലോടെ ഫീല്‍ഡ് വര്‍ക്ക് ആരംഭിച്ച് ജൂണ്‍ ഒന്നോടെ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കേരളം അതിവേഗ റെയില്‍പ്പാത (ആര്‍.ആര്‍.ടി.എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും ബജ്ഡറ്റ് പ്രഖ്യാപനത്തില്‍ നിരാശയായിരുന്നു ഫലം. ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.
അതേസമയം ആര്‍ആര്‍ടിഎസ് പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിക്ക് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. പിന്നാലെ ബജറ്റില്‍ അലോക്കേഷനും നടത്തി. ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡോര്‍ മാതൃകയിലായിരിക്കും നിര്‍മാണം. നാല് ഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പിന്തുണ നല്‍കിയിട്ടുമുണ്ട്. കേരളത്തിന്റെ നിലവിലെ പൊതുഗതാഗത പ്രശ്‌നങ്ങള്‍ക്ക് മികച്ചൊരു പരിഹാരമായിരിക്കും ഈ അതിവേഗ പാത എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ഒന്നാംഘട്ടം, തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെ രണ്ടാം ഘട്ടം, കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ മൂന്നാം ഘട്ടം, കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെ നാലാം ഘട്ടം എന്നിങ്ങനെയാണ് പണി പൂര്‍ത്തീകരിക്കുക. ഈ നാല് ഘട്ട ആര്‍ആര്‍ടിഎസ് നിര്‍മാണങ്ങള്‍ക്കു പുറമെ രണ്ട് മെട്രോ റെയില്‍ പദ്ധതികള്‍ കൂടി പൂര്‍ത്തീകരിക്കും. കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതികള്‍ കൂടി ചേര്‍ത്ത് ആറ് ഘട്ടങ്ങളാണ് ഈ പദ്ധതിക്കെന്ന് പറയാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മെട്രോ സര്‍വീസുകളെ ഈ ആര്‍ആര്‍ടിഎസ്സുമായി ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും രൂപകല്‍പ്പന. അഥവാ, മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്ന് ആര്‍ആര്‍ടിഎസ് സ്റ്റേഷനുകളുണ്ടാകും. നഗരങ്ങള്‍ക്കുള്ളില്‍ മെട്രോയും നഗരേതര മേഖലകളില്‍ ആര്‍ആര്‍ടിഎസ്സും എന്നതായിരിക്കും സമീപനം.
കേരളത്തിന്റെ പ്രത്യേകമായ ആവശ്യത്തിന് ഏറ്റവും ഗുണകരമാണ് ആര്‍ആര്‍ടിഎസ് എന്നാണ് വിലയിരുത്തല്‍. ഡല്‍ഹി - മിററ്റ് ആര്‍ആര്‍ടിഎസ് കോറിഡോര്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതിന്റെ തെളിവ് കൂടിയാണ് ഡല്‍ഹി-മീററ്റ് കോറിഡോര്‍. മണിക്കൂറില്‍ 160 - 180 കിലോമീറ്റര്‍ വരെ വേഗതയുണ്ട് ഈ സംവിധാനത്തിന്. നേരത്തെ കേരളം നടപ്പാക്കണമെന്ന് ആഗ്രഹിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വേഗത 200 കിലോമീറ്ററായിരുന്നു എന്നോര്‍ക്കുക. കേരളത്തെ സംബന്ധിച്ചിടത്തോളം ഇടക്കിടെ സ്റ്റോപ്പുകള്‍ ആവശ്യമാണ്.
കുറഞ്ഞ സ്റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്രാ ശേഷി എന്നിവ ആര്‍ആര്‍ടിഎസ് നെ കേരളത്തിന് അനുയോജ്യമാക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. മെട്രോ സംവിധാനങ്ങള്‍ ആര്‍ആര്‍ടിഎസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ്സില്‍ തന്നെ കാണാനാകും. മീററ്റ് മെട്രോ ആര്‍ആര്‍ടിഎസുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയും പരിസ്ഥിതിയും പരിഗണിച്ച് എലിവേറ്റഡ് വയഡക്ടുകള്‍ വഴിയാണ് ആര്‍ആര്‍ടിഎസ് ഓടിക്കുക. ഇതുവഴി ഭൂമി ഏറ്റെടുക്കല്‍ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. സില്‍വര്‍ലൈന്‍ പദ്ധതിക്ക് തടസ്സമായി പരിസ്ഥിതി വാദികളും, ഇ ശ്രീധരനെ പോലുള്ള വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നത് അത് പലയിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും എന്നായിരുന്നു. ഈ പ്രശ്‌നം വയഡക്ടിലൂടെയുള്ള ആര്‍ആര്‍ടിഎസ്സിനെ ബാധിക്കില്ല.
വിവിധ ഘട്ടങ്ങളുടെ പൂര്‍ത്തീകരണ കാലയളവ്
നിലവില്‍ ലഭ്യമായ പ്രാഥമിക വിവരങ്ങളനുസരിച്ച് നാല് ആര്‍ആര്‍ടിഎസ് ലൈനുകളാണ് വരാനിരിക്കുന്നത്. ട്രാവന്‍കൂര്‍ ലൈന്‍, മലബാര്‍ ലൈന്‍, കണ്ണൂര്‍ ലൈന്‍, കാസര്‍കോട് ലൈന്‍ എന്നിവ. തിരുവനന്തപുരത്തെ തൃശ്ശൂരുമായി ബന്ധിപ്പിക്കുന്ന ട്രാവന്‍കൂര്‍ ലൈന്‍ 259 കിലോമീറ്ററാണ്. 2027 ജനവരിയില്‍ പദ്ധതിയുടെ നിര്‍മാണം തുടങ്ങുകയും 2033 ഡിസംബറില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. 7 വര്‍ഷത്തെ കാലയളവാണ് കാണുന്നത്.
തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള 'മലബാര്‍ ലൈന്‍' ആര്‍ആര്‍ടിഎസ് പാതയാണ് രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുക. മലബാര്‍ ലൈനിന് 102 കിലോമീറ്ററാണ് ദൈര്‍ഘ്യം. 2029 ജനുവരിയില്‍ ഈ പാതയുടെ നിര്‍മാണം തുടങ്ങും. 2034ല്‍ 5 വര്‍ഷത്തെ കാലാവധിയില്‍ പണി പൂര്‍ത്തിയാകും.
89 കലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കണ്ണൂര്‍ ലൈന്‍ കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ നീളുന്നതാണ്. ഈ പാത 2030 ജനുവരിയില്‍ തുടങ്ങി 2036 ഡിസംബറില്‍ പണി പൂര്‍ത്തിയാകും. 3 വര്‍ഷത്തെ കാലാവധി. കണ്ണൂരില്‍ നിന്ന് കാസര്‍കോഡ് വരെ നീളുന്ന ആര്‍ആര്‍ടിഎസ് പാത 87 കിലോമീറ്ററാണ്. 2033 ജനുവരിയില്‍ തുടങ്ങിയ ഈ പാതയുടെ ജോലികള്‍ 2036ല്‍ പൂര്‍ത്തീകരിക്കും. പത്ത് വര്‍ഷം കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. ഡിപിആര്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതേയുള്ളൂ. നിലവില്‍ ലഭ്യമായ വിവരങ്ങളില്‍ സാരമായ മാറ്റം ഡിപിആര്‍ തലത്തില്‍ വരാനിടയുണ്ട്.


