- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രെയിൻ യുദ്ധം; പറക്കൽ റൂട്ട് മാറ്റി പരുന്തുകളും
കീവ്: യുദ്ധം സർവ്വ നാശകാരിയാണ്. എത്ര വലുതായാലും ചെറുതായാലും യുദ്ധം ദുരിതങ്ങൾ സമ്മാനിക്കുക മനുഷ്യ കുലത്തിന് മാത്രമല്ല, പ്രകൃതിയിലെ സ്വാഭാവിക ജീവതാളത്തിന് ഭംഗം വരുത്തും അത്. ഭൂമിയിലെ ജീവജാലങ്ങളുടെ സ്വൈര്യ ജീവിതത്തെ തടസ്സപ്പെടുത്തും അത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് റഷ്യൻ- യുക്രെയിൻ യുദ്ധം മൂലം പതിവ് ദേശാടാന പാത മറ്റേണ്ടി വന്ന ദേശാടന പരുന്തുകൾ.
സാധാരണയായി, യുക്രെയിന്റെ ആകാശത്തു കൂടി ദേശാടനം നടത്തിയിരുന്ന പരുന്തുകൾ യുദ്ധം കാരണം പാത മാറ്റിയതായി ഗവേഷകർ പറയുന്നു. പുള്ളി പരുന്തുകൾ എന്ന് അറിയപ്പെടുന്ന ഇവ യുദ്ധം ആരംഭിച്ചതിന് ശേഷം സഞ്ചാരപാതയിൽ വലിയ മാറ്റം വരുത്തിയാതായി ജി പി എസ് ഡാറ്റാ വിശകലനത്തിലാണ് കണ്ടെത്തിയത്. മാത്രമല്ല, യാത്രയിലെ ഇടവേളകളിൽ വിശ്രമത്തിനും ഭക്ഷണത്തിനുമായി തങ്ങുന്ന യുക്രെയിനിലെ ഇടത്താവളങ്ങൾ ഇവ പാടെ ഒഴിവാക്കിയതായും പഠനത്തിൽ കണ്ടെത്തി.
ഇപ്പോൾ തങ്ങളുടെ പ്രജനന പരിസരത്തെത്താൻ അവയ്ക്ക് കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതായി ഗവേഷകർ പറയുന്നു. അതോടെ ദേശാടനത്തിനായി കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടതായും വരുന്നു. ഇത് ഇവയുടെ പ്രജനന ക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും അവർ പറയുന്നു. ഒരു മാരത്തണിൽ പങ്കെടുക്കുന്നവർക്ക് ഇടവേള നൽകാതിരിക്കുകയും ഏഴെട്ട് മൈൽ അധികം ഓടാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് പോലെയാണ് ഈ അവസ്ഥ എന്ന് ഗവേഷണത്തിൽ പങ്കെടുത്ത, യൂണിവേഴ്സിറ്റി ഓഫ് ആംഗ്ലിയയിലെ ചാർലി റസ്സൽ പറയുന്നു.
നീണ്ട യാത്രയിൽ ഊർജ്ജം അധികമായി ചെലവാകുന്നതിനാൽ, ആരോഗ്യം വീണ്ടെടുക്കാനും, സാധാരണ നിലയിലെത്താനും അവയ്ക്ക് ഏറെ സമയമെടുക്കും. ഇത് പ്രജനനാം വൈകിപ്പിച്ചേക്കാം എന്ന് മാത്രമല്ല, ജനിക്കുന്ന കുഞ്ഞ് ജീവിക്കുന്നതിന്റെ സാധ്യതയും കുറയ്ക്കും എന്നാണ് ഗവേഷകർ പറയുന്നത്. പ്രകൃതിയൊരുക്കിയ താളത്തിനൊപ്പമുള്ള ജീവിതത്തിൽ, പുള്ളിപരുന്തുകളുടെ പ്രജനനത്തിനു ശേഷം മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ എത്തുമ്പോഴേക്കും അവയ്ക്കുള്ള ആഹാരവും പ്രകൃതി ഒരുക്കുമായിരുന്നു. പ്രജനനം വൈകുന്നതോടെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ ഭൂമിയിലെക്കെത്തുന്നതും വൈകും. അപ്പോഴേക്കും പ്രകൃതിയൊരുക്കിയ ഭക്ഷ്യവിഭവങ്ങൾ ഏറെയും തീർന്നു കാണും.
തെക്കൻ ബെലാറൂസിലാണ് ഇവ ഇണചേരുന്ന സ്ഥലം. റഷ്യൻ - യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇവയുടെ ദേശാടന ഗതി നിരീക്ഷിച്ച ഗവേഷകർ പറയുന്നത് പെൺ പരുന്തുകൾ അമിതമായ ശൈത്യമുള്ള ഗ്രീസിന്റെ ആകാശത്തുകൂടി ഇണചേരൽ സ്ഥലത്ത് എത്തിയപ്പോൾ, ആൺ പരുന്തുകൾ കിഴക്കൻ ആഫ്രിക്ക വഴിയാണ് പറന്നത് എന്നാണ്. 2018 മുതൽ 2021 വരെയുള്ള ഇതേ പരുന്തുകളുടെ ദേശാടന പാതയുമായി താരതമ്യം ചെയ്തായിരുന്നു പഠനം. അതുവഴി, പരുന്തുകൾക്ക് ശരാശരി 53 മൈലുകൾ (85 കിലോമീറ്റർ) ആണ് അധികമായി പറക്കേണ്ടി വന്നത് എന്ന് റസ്സൽ പറയുന്നു. അതിൽ ഒരു പരുന്ത് വീണ്ടും വഴിമാറി 155 മൈൽ ആണ് അധികമായി പറന്നത്.