- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കിയേയും സിറിയയേയും പിടിച്ചുലച്ച് ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 150 ലേറെ പേർ മരിച്ചു, പരിക്കേറ്റത് ആയിരത്തിലേറെ പേർക്ക്; നിരവധി കെട്ടിടങ്ങൾ തകർന്നു; തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താൻ രക്ഷാപ്രവർത്തനം നടക്കുന്നു; മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ട്
ഇസ്തംബുൾ: തുർക്കിയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഇതിനോടകം തുർക്കിയിലും സിറിയയിലുമായി 150ലേറെ പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുർക്കിയിലും സിറിയയിലുമാണ് കൂടുതൽ മരണം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ സൂചിപ്പിച്ചു. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്.
15 മിനിറ്റിന് ശേഷം റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. ശക്തമായ ഭൂകമ്പത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. ധാരാളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഭൂചലനമുണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുർക്കിയിലെ മലാടിയ പ്രവിശ്യയിൽ മാത്രം 23 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സാൻലിയൂർഫ പ്രവിശ്യയിൽ 17 ഉം, ദിയാബ്കിറിൽ ആറും, ഓസ്മാനിയേയിൽ അഞ്ചും പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. അയൽരാജ്യമായ സിറിയയിൽ ഭൂകമ്പത്തിൽ 42 പേരും മരിച്ചു.
തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയായ ഗസ്സിയാൻടെപ്പിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു.അയൽരാജ്യങ്ങളായ ലെബനൻ, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
സിറിയയൽ അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായും ഇവിടെ നിരവധിപ്പേർ മരിച്ചതായും സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു. എന്നാൽ ഇവിടുത്തെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തകർന്നുവീണ കെട്ടിടങ്ങളിൽനിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗസ്സിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുർക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുർക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ട്വിറ്ററിൽ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടർചലനങ്ങൾ അനുഭവപ്പെട്ടുവെന്നും ആളുകൾ തകർന്ന വീടുകൾക്കുള്ളിലേക്ക് കയറരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മറുനാടന്‍ ഡെസ്‌ക്