ന്യൂഡൽഹി: ഡൽഹി ഉൾപ്പടെ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട ഭൂചലനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.തുർക്ക്‌മെനിസ്താൻ, കസാക്കിസ്താൻ, പാക്കിസ്ഥാൻ, താജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ, ചൈന, അഫ്ഗാനിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്ക് പുറമേ ഭൂചലനം അനുഭവപ്പെട്ടത്.ഇന്ന് രാത്രി 10.20 ഓടെയാണ് സംഭവം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അഫ്ഗാനിസ്ഥാൻ ആണ് പ്രഭവകേന്ദ്രം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലും വിവിധ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിൽ ന്യൂഡൽഹി അടക്കം വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ഭൂചലനത്തിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.ഡൽഹിക്ക് പുറമെ ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.

 

കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നുണ്ടായത്.ഉത്തരേന്ത്യയിൽ പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നു.ഭൂചലനത്തെ തുടർന്ന് വീടുകളിലെ ഫാനും ലൈറ്റുകളും ആടുന്നത് സമൂഹമാധ്യമങ്ങളിൽ ആളുകൾ പങ്കുവച്ചിട്ടുണ്ട്.ജനം പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങി തുറസായ മേഖലകളിലേക്ക് പാഞ്ഞു.

ശാകർപുരിൽ കെട്ടിടം ചരിഞ്ഞതായി സൂചനയെന്ന് ഡൽഹി അഗ്‌നിരക്ഷാസേന അറിയിച്ചു.ഇപ്പോൾ പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. പലയിടത്തും മൊബൈലിന്റെയടക്കം നെറ്റ്‌വർക്ക് നഷ്ടപ്പെട്ടുവെന്നും വിവരമുണ്ട്.കഴിഞ്ഞ മാസവും ഡൽഹി എൻസിആറിലും യുപി, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പകൽ ഒന്നരയോടെയാണ് ഉണ്ടായത്. ഉത്തരാഖണ്ഡായിരുന്നു അന്ന് പ്രഭവ കേന്ദ്രം.

 

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി ഭൂമി കുലുങ്ങുന്നത് ആളുകളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. അതിനിടെ ശർകർപൂരിൽ കെട്ടിടം ചരിഞ്ഞതായി ഡൽഹി ഫയർ സർവീസിന് വിവരം ലഭിച്ചിട്ടുണ്ട്. തെക്കൻ ഡൽഹിയിലെ ചില മേഖലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ഇവിടെയുള്ള മലയാളികൾ പറയുന്നു.2005ൽ പാക്കിസ്ഥാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 74,000ത്തോളം മരിച്ചിരുന്നു.