ഇസ്താംബുൾ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനങ്ങളിൽ മരണനിരക്ക് ഉയരുന്നു. മരണസംഖ്യ 2,300 പിന്നിട്ടതായാണ് റിപ്പോർട്ട്. തുർക്കി ഭരണകൂടം ഇതുവരെ 1541 പേരുടെ മരണം സ്ഥിരീകരിച്ചു. 7,600 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയയിൽ 810 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 1,280 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിമത ഭരണപ്രദേശത്ത് 380 പേർക്ക് ജീവൻ നഷ്ടമായതായും നൂറിലേറെപ്പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.

ആയിരത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തവണ കൂടി ഭൂചലനമുണ്ടായി. 7.8 തീവ്രത രേഖപ്പെടുത്തി ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങൾ കൂടിയാണ് ഉണ്ടായത്. ഇതിനു തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു.

ഭൂചലനമുണ്ടായ സ്ഥലങ്ങളിലെല്ലാം രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഭൂചലനത്തെത്തുടർന്ന് കെട്ടിടങ്ങൾ തകർന്നുവീണതാണ് മരണനിരക്ക് ഉയരാൻ കാരണം. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

2,000 വർഷം പഴക്കമുള്ള ചരിത്രസ്മാരകങ്ങളടക്കം തുർക്കിയിൽ ഭൂചലനത്തിൽ തകർന്നിട്ടുണ്ട്. ദിയാർബകിറിൽ ഷോപ്പിങ് മാൾ തകർന്നുവീണു. ഭൂചലനത്തിന് പിന്നാലെ ഗ്യാസ് പൈപ്പലൈൻ തകർന്ന് തീപ്പിടിത്തമുണ്ടായെന്നും റിപ്പോർട്ടുണ്ട്.

റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇരുരാജ്യങ്ങളിലും ആദ്യമുണ്ടായത്. പിന്നാലെ ഒരു ഡസനോളം തുടർചലനമുണ്ടായെന്നാണ് വിവരം. പിന്നീട് റിക്ടർ സ്‌കെയിലിൽ 7.5 തീവ്രതരേഖപ്പെടുത്തിയ ചലനവും 6.0 രേഖപ്പെടുത്തിയ ശക്തിയേറിയ ചലനവുമുണ്ടായി.

നേരത്തെ, തുർക്കിയിൽ ഏറ്റവും കൂടുതൽ മനുഷ്യനാശമുണ്ടാക്കിയ ഭൂചലനങ്ങൾ ഉണ്ടായത് 1999-ലും 1939-ലുമാണ്. 1939-ൽ 33,000 പേരും 1999-ൽ 17,000 പേരും ഭൂചലനത്തിന് പിന്നാലെയുണ്ടായ അപകടങ്ങളിൽ മരിച്ചിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് തുർക്കി.

ഭൂചലനത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ഇരുരാജ്യങ്ങൾക്കും സഹായവാഗ്ദാനവുമായി നിരവദി രാജ്യങ്ങൾ രംഗത്തെത്തി. അടിയന്തരസാഹചര്യങ്ങളിലെ സഹായങ്ങൾക്കായി ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. ദുരന്തനിവാരണത്തിനായി 100 പേരടങ്ങുന്ന രണ്ട് എൻ.ഡി.ആർ.എഫ്. സംഘങ്ങളെ ഇന്ത്യ അയച്ചിട്ടുണ്ട്.

ബ്രിട്ടനും ഫ്രാൻസും ജർമനിയും ഇസ്രയേലും കാനഡയും ഈജിപ്തും ഗ്രീസുമടക്കമുള്ള രാജ്യങ്ങൾ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്കിടെയ തുർക്കി അനുഭവിക്കുന്ന ഏറ്റവും ദാരുണദുരന്തമാണ് തിങ്കളാഴ്ചയുണ്ടായതെന്ന് തുർക്കി പ്രസിഡന്റ് രജബ് തയ്യിബ് എർദോഗൻ പ്രതികരിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി എർദോഗൻ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുർക്കിയിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതർലൻഡസും തുർക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചു. അതേ സമയം അന്താരാഷ്ട്ര സമൂഹം സിറിയയെയും സഹായിക്കണമെന്ന് അറബ് ലീഗിനെ നയിക്കുന്ന ഈജിപ്ത് ആവശ്യപ്പെട്ടു.

റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തകർന്നുവീണ കെട്ടിടങ്ങളിൽനിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗസ്സിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.



തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുർക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുർക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ട്വിറ്ററിൽ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടർചലനങ്ങൾ അനുഭവപ്പെട്ടുവെന്നും ആളുകൾ തകർന്ന വീടുകൾക്കുള്ളിലേക്ക് കയറരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ആദ്യ ഭൂചലനത്തിന്റെ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തുർക്കിയെ നടുക്കിയ രണ്ടാം ഭൂചലനം ഉണ്ടായത്. രണ്ടാം ചലനത്തിന് റിക്ടർ സ്‌കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആദ്യ പ്രഭവ കേന്ദ്രത്തിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലെയാണ് രണ്ടാം ചലനം. ഇതോടെ തുർക്കിയിലെ രക്ഷാ പ്രവർത്തനം പ്രതിസന്ധിയിലായി. തുടർ ചലനങ്ങൾ ഉണ്ടാകുമോ എന്ന് ഭീതിയിലാണ് രാജ്യം.



ഇന്ന് പുലർച്ചെ പ്രദേശിക സമയം 4.17 നാണ് തുർക്കിയും സിറിയയും കുലുങ്ങി വിറച്ചത്. തുർക്കിയിലെ ഗസ്സിയന്റെപ് പട്ടണം പ്രഭവ കേന്ദ്രമായ ഭൂചലനത്തിന് 7.8 എട്ടായിരുന്നു തീവ്രത. ലോകത്ത് സമീപകാലത്ത് അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. പത്ത് മിനിട്ടിനു ശേഷം 6.5 രേഖപ്പെടുത്തിയ തുടർ ചലനവും ഉണ്ടായി. പിന്നീട് മൂന്നു തവണ കൂടി ചലനങ്ങൾ.

ജനങ്ങൾ മിക്കവരും ഉറക്കത്തിൽ ആയിരുന്ന സമയത്തുണ്ടായ അപകടത്തിൽ ബഹുനില കെട്ടിടങ്ങൾ അടക്കം നിലംപൊത്തി. റോഡുകളും വൈദ്യുതി ബന്ധവും തകർന്നു. ഇതോടെ രക്ഷാ പ്രവർത്തനം വൈകി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരുടെ സഹായാഭ്യർത്ഥനകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.

തെക്ക് പടിഞ്ഞാറൻ തുർക്കിയിലും സിറിയയിലെ അതിർത്തി പ്രദേശങ്ങളിലുമാണ് നാശനഷ്ടങ്ങൾ ഏറെയാണ്. വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിൽ ഭൂചലനം വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രക്ഷാപ്രവർത്തനം കാര്യക്ഷമല്ലെന്നാണ് റിപ്പോർട്ടുകൾ. സർക്കാറിന് സ്വാധീനമില്ലാത്ത ഭാഗങ്ങളിലെ കണക്കുകൾ പോലും ലഭ്യമല്ല.