- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭൂചലനത്തിൽ കൂടുതൽ പരിശോധനകൾക്ക് ജിയോളജി വിഭാഗം
തൃശൂർ: തൃശൂരിലേയും പാലക്കാട്ടേയും വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനമെത്തുമ്പോൾ നാട്ടുകാർ ഭീതിയിൽ. നേരിയതായിരുന്നു രണ്ട് ഭൂചലനങ്ങളുമെന്നതാണ് ആശ്വാസമാകുന്നത്. ഇന്ന് പുലർച്ചെ 3.55 നാണ് തൃശൂരിൽ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നു.
ഇന്നലെ രാവിലെയും ഈ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട് തൃത്താല, ആനക്കര ഭാഗങ്ങളിലാണ് ഇന്നും പുലർച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായി. തുടർചലനങ്ങൾ ഉണ്ടായേക്കാമെന്നും എന്നാൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ ഇന്നത്തെ ഭൂചലനം മൂന്ന് തീവ്രത രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ തുടർ പരിശോധനകളും ഉണ്ടാകും. ഭൂമിയിലെ ഫലക ചലനമാണിത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഭയക്കേണ്ടതില്ലെന്നും മുമ്പും ഇത്തരം ചലനമുണ്ടായിട്ടുണ്ടെന്നും ദുരന്ത നിവാര അഥോറിട്ടിയും പറയുന്നു.
റിക്ടർ സ്‌കെയിലിൽ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ, കേച്ചേരി, കോട്ടോൽ, കടവല്ലൂർ, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ദിവസം ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ രാവിലെ 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്റുകൾ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളിൽ പലരും വീടിന് പുറത്തിറങ്ങി. എന്നാൽ എവിടെയും വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഇന്നലെ തൃശൂർ ജില്ലയിൽ കുന്നംകുളം, തലപ്പിള്ളി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലും അതിർത്തിയിലുള്ള പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 8.15ന് ഏകദേശം 4 സെക്കൻഡ് നീണ്ടുനിന്ന മുഴക്കത്തോടുകൂടിയ പ്രകമ്പനമാണ് റിപ്പോർട്ട് ചെയ്തത്. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 3.0 ആണ് തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമിക്ക് അടിയിൽ നിന്നു മുഴക്കവും വിറയലും അനുഭവപ്പെട്ടു. റവന്യു, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു.
തൃശൂരിൽ നിന്ന് 18 കിലോമീറ്റർ വടക്കുമാറിയാണ് പ്രഭവകേന്ദ്രം എന്നാണ് നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ പ്രാഥമിക നിഗമനം. വീണ്ടും ഭൂചലനമുണ്ടായ സാഹചര്യത്തിൽ കേന്ദ്രം വീണ്ടും പരിശോധനകൾ നടത്തും. പ്രഭവ കേന്ദ്രം തിരിച്ചറിയാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിശകലനം തുടങ്ങി. ഇന്നലത്തെ ഭൂചലനത്തിൽ തൃശൂർ കൂനംമൂച്ചി അന്തിക്കാട്ട് ടോമിയുടെ വീടിന്റെ ഭിത്തിക്കും തറയ്ക്കും നേരിയ വിള്ളലുണ്ടായി. വർക്ക് ഏരിയയിലാണ് വിള്ളൽ. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് മാറി. എരുമപ്പെട്ടി മേഖലയിൽ വീട്ടിലെ പാത്രങ്ങളും കട്ടിലും മറ്റും ചലിച്ചതായി നാട്ടുകാർ പറഞ്ഞു.
പാലക്കാട്ട് തൃത്താല നിയോജക മണ്ഡലത്തിലെ തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി, കക്കാട്ടിരി, കോട്ടപ്പാടം, മതുപ്പുള്ളി, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു.