ഇസ്ലാമബാദ്: വിശപ്പാണ് ലോകത്തിലെ എറ്റവും ശക്തമായ വികാരമെന്നും അതിനുമുന്നിൽ എല്ലാ അതിർത്തികളും ഇല്ലാതാകുമെന്നും വർഷങ്ങൾക്ക് മുമ്പേ ചാർലി ചാപ്ലിൻ പറഞ്ഞതാണ്. സത്യത്തിൽ പാക്കിസ്ഥാൻ എന്ന ഇന്ത്യയുടെ അയൽരാജ്യത്തിന്റെ അവസ്ഥ അതുതന്നെയാണ് സൂചിപ്പിക്കുന്നത്. കശ്മീരിലെ ഭീകരവാദത്തെ പ്രോൽസാഹിപ്പിച്ചും, ചാവേറുകൾക്ക് പരിശീലനം നൽകിയുമെല്ലാം, തരം കിട്ടുന്നിടത്തൊക്കെ ഇന്ത്യക്കിട്ട് പണിയാൻ ആയിരുന്നു മാറിമാറി വന്ന പാക് ഭരണാധികാരികൾ ശ്രദ്ധിച്ചത്. പാക്കിസ്ഥാനിൽ എക്കാലവും നന്നായി വിറ്റുപോകുന്ന ചരക്കായിരുന്നു, ഇന്ത്യാ വിരുദ്ധത. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും എത്തിയതോടെ, പാക്കിസ്ഥാന്റെ അടി തെറ്റുകയാണ്. കഴിഞ്ഞ ദിവസങ്ങളായി തുടർച്ചയായി, ഉണ്ടായ മഴയിൽ പാക്കിസ്ഥാന്റെ മൂന്നിൽ രണ്ടുഭാഗവും വെള്ളത്തിലാണ്. ആയിരം കോടി രൂപയിലേറെ നഷ്ടമാണ് പ്രാഥമികമായി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അവർ ഇന്ത്യയോടുള്ള സമീപനം മാറ്റുന്നത്.

വെള്ളപ്പൊക്കത്തിൽ കാർഷിക വിളകളടക്കം നശിച്ചു പോയ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നാണ് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ ഒരു നിലപാട് മാറ്റമാണ്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയെ പിന്തുണച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കൾക്ക് പുറത്തു പോകേണ്ടി വന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, 'ഞാൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്, ഞാൻ പുറത്താക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ഷഹബാസിന്റെ അളന്നു കറിച്ചുള്ള മറുപടി.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനോടുള്ള പ്രതികരണമെന്ന നിലയിൽ 2019 ഓഗസ്റ്റിൽ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും പാക്കിസ്ഥാൻ നിർത്തിവച്ചിരുന്നു. ഇതിനു പുറമെ, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളിലും കുറവ് വരുത്തുകയും, പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയെ ഈ സമയത്ത് പുറത്താക്കുകയും ചെയ്തിരുന്നു. 2019 ലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുള്ള സൗഹൃദരാഷ്ട്ര പദവി ഇന്ത്യയും പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിർത്തിവെക്കപ്പെട്ട വ്യാപാര ബന്ധമാണ് പുനരാരംഭിക്കുന്നത്.

അതേ സമയം, പാക്കിസ്ഥാന് സാധ്യമായ സഹായങ്ങൾ ചെയ്യുന്നതിന് ഇന്ത്യയിലും ഉന്നതതലത്തിൽ ചർച്ചകൾ നടന്നു വരികയാണ് എന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ പ്രളയ നഷ്ടത്തിൽ ദുഃഖമുണ്ടെന്നും എത്രയും വേഗം സാധാരണ നിലയിലേക്ക് തിരികെ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഷെഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയായതിനു ശേഷം ഇന്ത്യയുമായി സമാധാനവും സഹകരണവും അടിസ്ഥാനമാക്കിയ ബന്ധം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ ഷഹാബാസിന്റെ സഹോദരൻ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായപ്പോഴും ഇന്ത്യയുമായി വളരെ നല്ല ബന്ധമായിരുന്നു.

പാക്കിസ്ഥാൻ പട്ടിണിയിലേക്ക്

അതേസമയം ശ്രീലങ്കക്ക് സമാനമായ സാമ്പത്തിക പ്രതിസദ്ധി നേരിടുന്ന പാക്കിസ്ഥാനെ ഈ പ്രളയം അക്ഷരാർഥത്തിൽ തകർത്തിരിക്കയാണ്. ഐഎംഎഫിന്റെ അടിയന്തര സഹായം കിട്ടിയില്ലെങ്കിൽ പാക്കിസ്ഥാൻ കുത്തുപാളയെടുക്കുമെന്ന് ഉറപ്പാണ്. 28 ശതമാനമാണ് ഇപ്പോൾ പാക്കിസ്ഥാനിലെ പണപ്പെരുപ്പ നിരക്ക്. ഏതാനും മാസങ്ങളായി ഓരോ ആഴ്ചയും പണപ്പെരുപ്പ നിരക്കും കുതിച്ചു കൊണ്ടിരിക്കുന്നു.

ഈ മാസമാദ്യം വരെ 838.5 കോടി ഡോളറാണ് പാക്കിസ്ഥാന്റെ പക്കലുള്ള വിദേശനാണ്യ ശേഖരം. കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കുറഞ്ഞതാണിത്. ഓഗസ്റ്റ് പകുതിയിലുള്ള ഒരാഴ്ച കൊണ്ടു തന്നെ 55.5 കോടി ഡോളറിന്റെ കുറവാണ് വിദേശനാണ്യശേഖരത്തിൽ ഉണ്ടായത്. ഇത് വളരെപ്പെട്ടെന്ന് സംഭവിച്ച കാര്യമല്ല. 2018 ൽ തന്നെ വിദേശനാണ്യ ശേഖരം 4.6 ശതമാനം കുറഞ്ഞ് 1356.1 കോടി ഡോളറായിരുന്നു. ഏറിയാൽ ഒരു മാസം കൂടി ഇറക്കുമതി നടത്താനുള്ള പണം മാത്രമേ പാക്കിസ്ഥാന്റെ കൈയിലുള്ളൂ.

അതിനിടെയാണ് ഇടിത്തീ പോലെ പ്രളയം എത്തിയത്. 5 കോടി ആളുകളെ നേരിട്ടോ അല്ലാതെയോ പ്രളയം ബാധിച്ചിട്ടുണ്ട്. 2000ത്തോളം ജീവനുകൾ നഷ്ടപെട്ടു. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും ഏഴ് ലക്ഷത്തോളം വീടുകളും ഒലിച്ചുപോയി. കൃഷിയിടങ്ങൾ മുങ്ങി, ഡാമുകൾ തകർന്നു. കയ്യിൽ കിട്ടിയതുംകൊണ്ട് പ്രാണനും കയ്യിൽ പിടിച്ച് പലായനം ചെയ്യുന്ന മനുഷ്യരുടെ കാഴ്ചയാണ് എവിടെയും. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണത്തിന് കരഞ്ഞുവിളിക്കുന്ന കുഞ്ഞുങ്ങൾ ദൈന്യ ചിത്രങ്ങളാണ് കാണുന്നത്. വസ്ത്രമില്ല, മരുന്നില്ല, ഭക്ഷണമില്ല....ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ടെലിവിഷൻ സ്‌ക്രീനുകളിൽ നിറയുന്നത്. പാക്ക് സർക്കാരിനാവട്ടെ ഈ പ്രതിസന്ധി ഫലപ്രദമായി നേരിടാൻ കഴിയുന്നില്ല. മാധ്യമങ്ങൾ സർക്കാറിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർത്തുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യത്തിന്റെ വാർത്തകൾ ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്.

പരുത്തിയും ഗോതമ്പും വെള്ളത്തിൽ

പാക്കിസ്ഥാൻ ജിഡിപിയുടെ 23 ശതമാനം കാർഷിക മേഖലയിൽ നിന്നാണ്. എന്നാൽ വെള്ളപ്പൊക്കത്തോടെ ഇതിന്റെ വലിയ ഭാഗം നശിച്ചു കഴിഞ്ഞു. നിലവിലെ അവസ്ഥയിൽ 2.6 ബില്യൻ ഡോളറിന്റെ പരുത്തി, 900 മില്യൻ ഡോളറിന്റെ ഗോതമ്പ് എന്നിവ ഇറക്കുമതി ചെയ്യേണ്ടി വരും. അതുപോലെ, ഒരു ബില്യൻ ഡോളറിന്റെ എങ്കിലും തുണി കയറ്റുമതിയും ഇല്ലാതാകുമെന്നാണ് റിപ്പോർട്ടുകൾ. അതായത്, 4.5 ബില്യൻ ഡോളറിന്റെ കമ്മി ഇതിനകം തന്നെ ഈ സാമ്പത്തിക വർഷം ഉണ്ടായിക്കഴിഞ്ഞു.

പരുത്തി പോലെ തന്നെ വ്യാപകമായ വിധത്തിൽ നെൽകൃഷിയേയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി 20 ശതമാനമെങ്കിലും നെൽകൃഷി വർധിച്ച മേഖലയിലാണ് ഇത്തവണ മഴക്കെടുതി ഉണ്ടായതും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ 2.5 ബില്യൻ ഡോളറാണ് അരി കയറ്റുമതിയിലൂടെ ലഭിക്കുന്നത്. വെള്ളപ്പൊക്കം മൂലം കയറ്റുമതിയെ ബാധിക്കുകയും ഇത് ജിഡിപി വളർച്ചയെ തളർത്തുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും.

അതുപോലെ, വെള്ളം പൂർണമായി ഇറങ്ങിയ സ്ഥലം കൃഷിയോഗ്യമാകാൻ രണ്ടുമൂന്ന് മാസം എടുക്കും എന്നതിനാൽ ഗോതമ്പ്, ഭക്ഷ്യ എണ്ണ നിർമ്മാണത്തിനുള്ള വിത്തുകൾ എന്നിവ വിതയ്ക്കുന്നതിനും കാലതാമസമുണ്ടാകും. ഇങ്ങനെ കാലതാമസമുണ്ടാവുന്ന സാഹചര്യത്തിൽ ഗോതമ്പ് ഇറക്കുമതിക്കുള്ള ചെലവ് കൂടുകയും ചെയ്യും. അതായത്, ആവശ്യമായ ഗോതമ്പിന്റെ 15 ശതമാനം ഇറക്കുമതി ചെയ്താൽ തന്നെ ഇതിന് ഈ സാമ്പത്തിക വർഷം 1.7 ബില്യൻ ഡോളർ പാക്കിസ്ഥാൻ നൽകേണ്ടതുണ്ട്. അഞ്ചു ലക്ഷത്തോളം കന്നുകാലികൾ വെള്ളപ്പൊക്കത്തിൽ ചത്തതായാണ് കണക്കാക്കുന്നത്. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഇത് വളരെ മോശമായി ബാധിക്കും. ഈ സാഹചര്യത്തിൽ ഉണ്ടാവുന്ന ഭക്ഷ്യ ദൗർലഭ്യം കണക്കിലെടുത്താണ്, ഇന്ത്യയിൽനിന്ന് ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നത്.