- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് ആരോപിച്ച ഡോക്യുമെന്ററി സംപ്രേഷണത്തിന് പിന്നാലെ ഇൻകം ടാക്സ് റെയ്ഡ്; ഇപ്പോൾ ഫെമ നിയമം ലംഘിച്ചെന്ന് കാണിച്ചു ഇഡി കേസും; ബിബിസിക്കെതിരെ നടപടികളുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്കെതിരായ നടപടികളുമായി കേന്ദ്രസർക്കാർ. വിവാദമായി ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് ശേഷം ബിബിസിക്കെതിരെ സർക്കാർ തലത്തിൽ നപടികൾ തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇപ്പോൾ ബിബിസിക്ക് എതിരെ ഇഡി കേസെടുത്തു. വിദേശ ഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിബിസിക്കെതിരെ കേസെടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇഡി നടപടി. 60 മണിക്കൂറിലധികം നീണ്ട പരിശോധനയായിരുന്നു ബിബിസിയുടെ ഓഫീസുകളിൽ നടന്നത്. ബിബിസി ഇന്ത്യ ഓഫീസിലെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവ്വേയാണ് നടത്തിയത് എന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
ഡൽഹി ഹിന്ദുസ്ഥാൻ ടൈംസ് ഹൗസിന്റെ അഞ്ച്, ആറ് നിലകളിലായി പ്രവർത്തിക്കുന്ന ബി.ബി.സി ഓഫിസിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ നേരത്തെ പരിശോധനക്കായി എത്തിയത്. ഇന്ത്യയിലെ പ്രവർത്തനം വഴി ഉണ്ടാക്കുന്ന വരുമാനത്തിന് നിയമാനുസൃതം നൽകേണ്ട നികുതി അടക്കാത്തതിന് പലതവണ നോട്ടീസ് നൽകിയിട്ടും ബി.ബി.സി അവഗണിച്ചെന്നാണ് ആദായനികുതി വൃത്തങ്ങൾ വിശദീകരിച്ചത്. നടന്നത് റെയ്ഡല്ല, കണക്കുകളുടെ സർവേ മാത്രമാണെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ പറഞ്ഞിരുന്നു.
റെയ്ഡിനിടെ ബി.ബി.സി ജീവനക്കാരുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പുകളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. റെയ്ഡിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് വിവിധ കോണുകളിൽ നിന്നുമുയർന്നത്. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ''ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് പരിശോധന. ജനുവരി 18നാണ് ബിബിസി അന്വേഷണത്മക ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടൻ നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയായിരുന്നു ഡോക്യുമെന്ററി.
തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്നു. ജനുവരി 21ന്, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് വിവാദ ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്കുകളും ട്വിറ്റർ പോസ്റ്റുകളും വീഡിയോകളും തടയാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ