- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഹരികള്‍ കൂടുതലും വാങ്ങിയത് അച്ഛന്റെ പേരില്‍; ശേഖര്‍കുമാറിന്റെ ഡീമാറ്റ് അക്കൗണ്ടില്‍ തെളിവുണ്ടെന്ന് വിജിലന്‍സ്; ഭാര്യയുടേയും അച്ഛന്റേയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും; ഇഡിയെ കുടുക്കാന്‍ 'കുടുംബത്തെ' പ്രതിചേര്‍ക്കുമോ? ബിനാമി പേരുകളിലെ ഓഹരി കണ്ടെത്താനും നീക്കം; നിര്‍ണ്ണായ നീക്കങ്ങളിലേക്ക് ശശിധരനും ടീമും
കൊച്ചി: ഇഡി പോലീസ് പോര് വീണ്ടും പുതിയ തലത്തിലെത്തും. കേസ് ഒതുക്കാന്‍ കൊല്ലത്തെ കശുവണ്ടി വ്യവസായിയില്‍നിന്ന് ഇഡി ഏജന്റുമാര്‍ കൈക്കൂലി വാങ്ങിയ കേസിലെ ഒന്നാംപ്രതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ ഓഹരികള്‍ കൂടുതലായും വാങ്ങിക്കൂട്ടിയത് അച്ഛന്റെയും ഭാര്യയുടെയും പേരിലാണെന്ന് വിജിലന്‍സ് പറയുന്നുണ്ട്. ശേഖര്‍കുമാറിന്റെ ഡീമാറ്റ് അക്കൗണ്ട് പരിശോധിച്ചാണിത് കണ്ടെത്തിയത്. ഭാര്യയുടെയും അച്ഛന്റെയും ഡീമാറ്റ് അക്കൗണ്ടുകളും അന്വേഷകസംഘം പരിശോധിക്കും. തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇരുവരുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. ശേഖര്‍ കുമാറിന്റെ അച്ഛനേയും അഴിമതി കേസില്‍ പ്രതിചേര്‍ക്കാനാണ് വിജിലന്‍സ് നീക്കം. ഇതിനെ കേന്ദ്ര ഏജന്‍സി എങ്ങനെ പ്രതിരോധിക്കുമെന്നതാണ് നിര്‍ണ്ണായകം.
ബന്ധുക്കളുടെ പേരിലും ശേഖര്‍കുമാര്‍ ഓഹരി വാങ്ങിക്കൂട്ടി. മറ്റു ബിനാമി പേരുകളില്‍ ഓഹരികള്‍ വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ശേഖര്‍കുമാര്‍ വിവിധ കമ്പനികളുടെ നാലുകോടിയോളം രൂപയുടെ ഓഹരികള്‍ വാങ്ങിയതായി തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യംചെയ്യാനാണ് നീക്കം. കേസില്‍ ശേഖര്‍കുമാറിനെ രണ്ടുതവണയാണ് വിജിലന്‍സ് ചോദ്യംചെയ്തത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരാള്‍ എങ്ങനെയാണ് കോടികളുടെ ഓഹരി ഇടപാടുകള്‍ നടത്തിയതെന്ന് കണ്ടെത്താനാണ് ഇന്റലിജന്‍സ് നീക്കം. ഇഡി രജിസ്റ്റര്‍ ചെയ്ത മറ്റ് കേസുകളിലും ശേഖര്‍കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയിട്ടുണ്ടാകാമെന്ന് വിജിലന്‍സ് പറയുന്നുണഅട്. കശുവണ്ടിവ്യവസായിക്കെതിരെ ഇഡി എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസ് ഒതുക്കാന്‍ കൊച്ചിയിലെ ഏജന്റുമാര്‍ മുഖേന രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് ശേഖര്‍കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തത്. ഈ കേസില്‍ ഹൈക്കോടതി ഇഡി ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
കേസ് ഒതുക്കാന്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതിയായ ഇ.ഡി കൊച്ചി യൂണിറ്റ് മുന്‍ അസി. ഡയറക്ടര്‍ ശേഖര്‍കുമാറിനെ രണ്ടാം ദിവസം ചോദ്യംചെയ്ത ശേഷം വിജിലന്‍സ് വിട്ടയച്ചിരുന്നു. അന്ന് മാദ്ധ്യമങ്ങള്‍ വളഞ്ഞതോടെ അസ്വസ്ഥനായ ശേഖര്‍കുമാര്‍, സന്ദര്‍ശക രജിസ്റ്ററില്‍ ഒപ്പിടാതെ ക്ഷുഭിതനായാണ് മുകളിലേക്ക് കയറിപ്പോയത്. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കേസിനെപ്പറ്റി ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. ഇ.ഡിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്തെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് അന്വേഷിക്കുക.വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇ.ഡി ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു.
തുടര്‍ന്നാണ് പൊലീസ് എഫ്.ഐ.ആറിന് തുല്യമായ എന്‍ഫോഴ്‌സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് കേസില്‍ ഒന്നാംപ്രതിയായ ശേഖര്‍കുമാറില്‍ നിന്ന് വിശദീകരണം തേടിയതായാണ് സൂചന.ഇടനിലക്കാര്‍ വഴി കൈക്കൂലി ചോദിച്ചെന്ന് വിജിലന്‍സിന് പരാതി നല്‍കിയ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനോട് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകാനും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കശുഅണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് അനീഷ് ബാബു. ഇടനിലക്കാരായ വില്‍സണ്‍, മുകേഷ് കുമാര്‍, രഞ്ജിത്ത് വാര്യര്‍ എന്നിവര്‍ വഴി കേസൊതുക്കാന്‍ രണ്ടുകോടി രൂപ ശേഖര്‍കുമാര്‍ വാങ്ങിയെന്നാണ് അനീഷിന്റെ പരാതി. ഇ.ഡിക്കെതിരായ അഴിമതിക്കേസില്‍ സി.ബി.ഐയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.