- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പോലീസിന്റെ പരിധിക്കപ്പുറമുള്ള ചെന്നൈയിലും ബല്ലാരിയിലും ഹൈദരാബാദിലും ഇഡി നേരിട്ട് റെയ്ഡുകള്‍ നടത്തും; ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും; സ്വര്‍ണ്ണക്കൊള്ളയുടെ ഗുണഭോക്താക്കളായ 'വമ്പന്‍ സ്രാവുകളെ' പുറത്തു കൊണ്ടുവരും; ഇഡി ശബരിമല കയറുമ്പോള്‍
കൊച്ചി: ശബരിമലയിലെ പൊന്ന് കടത്തിയ കേസില്‍ സംസ്ഥാനം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കോടതികളില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി കിട്ടുമ്പോള്‍ അന്വേഷണം പുതിയ തലത്തിലെത്തും. എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ, കേസ് രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവും നിര്‍ണ്ണായകമാകും. പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഇഡി അന്വേഷണം.
അന്വേഷണത്തില്‍ 'സമാന്തര ഇടപെടല്‍' വേണ്ടെന്ന സര്‍ക്കാരിന്റെയും എസ്.ഐ.ടിയുടെയും വാദം തള്ളിയാണ് ഇഡിയെ അന്വേഷണം ഏല്‍പ്പിച്ച കൊല്ലം കോടതി ഉത്തരവ്. കേവലം ഒരു മോഷണക്കേസായി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച കവര്‍ച്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ ഇ.ഡി അരിച്ചുപെറുക്കും. അന്വേഷണ രീതിയെ 'കാറ്റാടി യന്ത്രം പോലെ കറങ്ങുന്നത്' എന്ന് പരിഹസിച്ച ഹൈക്കോടതി, എന്തുകൊണ്ടാണ് രേഖകളില്‍ തിരിമറി നടത്തിയ ഉന്നതരെ തൊടാത്തതെന്ന് കൃത്യമായി ചോദിച്ചതോടെ എസ്.ഐ.ടി പ്രതിരോധത്തിലായി. ഇതിന് ഒപ്പമാണ് വിജിലന്‍സ് കോടതിയില്‍ നിന്ന് ഇ.ഡിക്ക് അനുകൂലമായ ഉത്തരവ് വരുന്നത്. ഈ ഇരട്ടപ്രഹരം കേരള പോലീസിന്റെ അന്വേഷണത്തെ ദുര്‍ബലമാക്കുമ്പോള്‍, കേന്ദ്ര ഏജന്‍സിയായ ഇ.ഡി കളം നിറയാന്‍ ഒരുങ്ങുകയാണ്.
എസ്.ഐ.ടിക്ക് മുന്നിലുള്ള വഴി കടുപ്പമേറിയതാണ്. പിടിച്ചെടുത്ത രേഖകളും സാക്ഷിമൊഴികളും ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കേണ്ടി വരുന്നത് അന്വേഷണത്തിന്റെ രഹസ്യാത്മകത ഇല്ലാതാക്കുമെന്ന് പോലീസ് ഭയക്കുന്നു. അതിനിടെ എല്ലാ രേഖകളും ഇഡിക്ക് കൈമാറുമോ എന്ന ആശങ്കയും ഉണ്ട്. ഇതിനും ചില കേന്ദ്രങ്ങള്‍ നീക്കം നടത്തുന്നുണ്ട്. സ്വര്‍ണ്ണം വിറ്റ പണം രാഷ്ട്രീയ നേതാക്കളുടെയോ ഉദ്യോഗസ്ഥരുടെയോ ബിനാമി അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ടോ എന്ന അന്വേഷണം ഇ.ഡി ഊര്‍ജിതമാക്കും.
പോലീസ് വെളിപ്പെടുത്താന്‍ മടിക്കുന്ന സാമ്പത്തിക സ്രോതസ്സുകള്‍ ഇ.ഡി കണ്ടെത്തുന്നത് എസ്.ഐ.ടിക്ക് വലിയ നാണക്കേടുണ്ടാക്കും. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും ബല്ലാരിയിലെ ഗോവര്‍ദ്ധന്‍ ജ്വല്ലറിയിലും ഇ.ഡി നേരിട്ട് റെയ്ഡ് നടത്തുന്നതോടെ സംസ്ഥാന പോലീസിന്റെ പരിധിക്കപ്പുറമുള്ള അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ പുറത്തുവരുമെന്നാണ് വിലയിരുത്തല്‍.
രാഷ്ട്രീയ വന്‍മരങ്ങള്‍ക്കും ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കും ഇ.ഡിയുടെ എന്‍ട്രി ഒരുപോലെ നെഞ്ചിടിപ്പേറ്റുന്നു. വരും ദിവസങ്ങളില്‍ എസ്.ഐ.ടിയുടെ പല കണ്ടെത്തലുകളും ഇ.ഡി തിരുത്തി എഴുതും എന്നാണ് വിലയിരുത്തല്‍.
ഇഡിയുടെ അന്വേഷണം എങ്ങനെ?
എസ്.ഐ.ടി ഇതുവരെ സ്വര്‍ണ്ണം 'ആര് കടത്തി' എന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍, ആ സ്വര്‍ണ്ണം 'എവിടെപ്പോയി', അതിലൂടെ ഉണ്ടായ 'സാമ്പത്തിക ലാഭം ആര്‍ക്കെല്ലാം ലഭിച്ചു' എന്നതിലാണ് ഇ.ഡി ശ്രദ്ധിക്കുന്നത്. ചെന്നൈയിലെ പങ്കജ് ഭണ്ഡാരിയുടെ സ്ഥാപനത്തില്‍ നിന്നും ബല്ലാരിയിലെ ഗോവര്‍ദ്ധന്‍ ജ്വല്ലറിയില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണ്ണത്തിന് പുറമെ, വലിയൊരു ഭാഗം സ്വര്‍ണ്ണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന സംശയം ഇ.ഡിക്കുണ്ട്. ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഇ.ഡി ശേഖരിച്ചു കഴിഞ്ഞു. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും ബിനാമി സ്വത്തുക്കളിലേക്ക് ഈ പണം ഒഴുകിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള പോലീസിന്റെ പരിധിക്കപ്പുറമുള്ള ചെന്നൈ, ബല്ലാരി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്വര്‍ണ്ണക്കടത്ത് മാഫിയകളെ കേന്ദ്രീകരിച്ച് ഇ.ഡി നേരിട്ട് റെയ്ഡുകള്‍ നടത്തും. നിലവില്‍ ജയിലിലുള്ള പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ, സ്വര്‍ണ്ണക്കൊള്ളയുടെ ഗുണഭോക്താക്കളായ 'വമ്പന്‍ സ്രാവുകളെ' ഇ.ഡി പുറത്തുകൊണ്ടുവരും.




