- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ കൈയിൽ അത്തരമൊരു പട്ടികയില്ല; നിർമ്മാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല; സിനിമയിൽ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്; ബാബുരാജിന്റെ അവകാശവാദം തള്ളി ഇടവേള ബാബു; സർക്കാർ നടപടികളുമായി സഹകരിക്കുമെന്നും അമ്മ ജനറൽ സെക്രട്ടറി
കൊച്ചി: ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക താരസംഘടനയായ അമ്മയുടെ പക്കലുണ്ടെന്നുള്ള നടൻ ബാബുരാജിന്റെ വാക്കുകളെ തള്ളി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ പക്കൽ ആരുടേയും പട്ടികയില്ലെന്നും നിർമ്മാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
'എന്റെ കൈയിൽ അത്തരമൊരു പട്ടികയില്ല. നിർമ്മാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. ഇക്കാര്യം അമ്മയിലും ചർച്ചയായിട്ടില്ല. പക്ഷെ സിനിമയിൽ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ് - ഇടവേള ബാബു പറഞ്ഞു. സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ ലഹരി ഉപയോഗിക്കാൻ പാടില്ലെന്നും മോശമായി പെരുമാറരുതെന്നും അമ്മയിലെ ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോൾ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കർശനപരിശോധനയുണ്ടാകും'-ഇടവേള ബാബു കൂട്ടിച്ചേർത്തു.
ഒരു പ്രമുഖ നടന്റെ വാഹനം എക്‌സൈസ് പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ മേഖല പിന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് നടൻ ബാബുരാജ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റ് ഉണ്ടെന്ന് ബാബുരാജ് പറഞ്ഞിരുന്നു. മറ്റ് ആർക്കോ വേണ്ടി കൊണ്ടുപോകുകയാണെന്നാണ് പിടിക്കപ്പെട്ട് കഴിയുമ്പോൾ ഇവർ പറയുന്നത്. ഒരു പ്രാവശ്യം എക്‌സസൈസ്‌കാർ ചെയ്‌സ് ചെയ്‌തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ മലയാളം ഇൻഡസ്ട്രി അന്ന് തീരുമായിരുന്നു. ആ ഉദ്യോഗസ്ഥൻ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നതെന്നും ഇതൊക്കെ നഗ്‌നമായ സത്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി ഉപയോഗം പണ്ടും ഉണ്ടായിരുന്നെങ്കിലും എല്ലാത്തിനും ഒരു മറയുണ്ടായിരുന്നു എന്നാണ് ബാബുരാജ് പറയുന്നത്. ഇപ്പോൾ ആ മറ മാറി പരസ്യമായി ചെയ്യാൻ തുടങ്ങി. അമ്മ സംഘടനയിൽ ആരൊക്കെ ലഹരി ഉപയോ?ഗിക്കുന്നു എന്നതിന്റെ മുഴുവൻ ലിസ്റ്റുമുണ്ട്. വ്യക്തികൾക്ക് എന്തും ചെയ്യാം. എന്നാൽ, ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. ജോലി കഴിഞ്ഞ് പോയി ഇഷ്മുള്ളത് ചെയ്യാം. നമുക്ക് നിമയവിരുദ്ധമായ പല കാര്യങ്ങളും മറ്റു പല രാജ്യങ്ങളിലും ലീഗലാണ്. ജോലിക്ക് വിളിക്കുമ്പോൾ ഫോണെടുക്കൂ. ഇതാണ് നിർമ്മാതാക്കൾ പറഞ്ഞതെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗമിനെയും സിനിമ സംഘടനകൾ വിലക്കിയത്. സിനിമ പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, താരസംഘടനായ അമ്മ, നിർമ്മാതാക്കളുടെ സംഘടന എന്നിവർ സംയുക്തമായാണ് രണ്ട് നടന്മാരുടെയും കാര്യത്തിൽ കടുത്ത തീരുമാനമെടുത്തത്. ഇരു നടന്മാരുമായും സഹകരിക്കില്ലെന്നാണ് സംഘടനകൾ അറിയിച്ചത്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന നടിമാരുമായും നടന്മാരുമായും സഹകരിക്കില്ലെന്നും അങ്ങനെയുള്ളവരുടെ പേര് സർക്കാരിന് നൽകുമെന്നും സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വിലക്ക് എന്ന് പ്രത്യേകം പരാമർശിക്കാതെയായിരുന്നു സംഘടനകൾ തീരുമാനം അറിയിച്ചത്. ഇവർക്കൊപ്പം നിർമ്മാതാക്കൾക്ക് വേണമെങ്കിൽ പ്രവർത്തിക്കാം. പക്ഷേ, ഇതിന് സംഘടനകളുടെ ഒരു പിന്തുണയും ഉണ്ടാകില്ലെന്ന് നിർമ്മാതാവ് രഞ്ജിത്ത് അറിയിച്ചിരുന്നു. അതേസമയം, സിനിമയിലെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകിയതും വലിയ വിവാദമായി.
മറുനാടന് മലയാളി ബ്യൂറോ