- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'രാവിലെ വിളവെടുക്കാന്‍ വന്നപ്പോ ഒന്നുമില്ല; കോളിഫ്ലവറും വഴുതനയും തക്കാളിയും മോഷ്ടിച്ചു; സിസിടിവി വേണം മന്ത്രിയപ്പൂപ്പാ'; കായ്കകളൊഴിഞ്ഞ ചെടികള്‍ നോക്കി കുട്ടികള്‍ കരഞ്ഞു; ആശ്വസിപ്പിക്കാനാകാതെ അദ്ധ്യാപകര്‍; കുട്ടിക്കര്‍ഷകര്‍ക്ക് മറുപടിയുമായി മന്ത്രിയും; മോഷ്ടിച്ചവരെ കണ്ടെത്താന്‍ അന്വേഷണം
സ്‌കൂളിലെ പച്ചക്കറി മോഷ്ടിച്ചവരെ കണ്ടെത്താന്‍ അന്വേഷണം
തിരുവനന്തപുരം: തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എല്‍ പി സ്‌കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം. വിഷയം ശ്രദ്ധയില്‍പ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം താനുമുണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടികള്‍ അയച്ച കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടപടിയെടുത്തതായി മന്ത്രി അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. കുട്ടികള്‍ വിദ്യാഭ്യാസമന്ത്രിക്കെഴുതിയ പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുട്ടികള്‍ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത പച്ചക്കറികളാണ് മോഷണം പോയത്. 30 ഓളം കോളിഫ്‌ലവറുകളും വഴുതനങ്ങയും തക്കാളിയുമാണ് മോഷണം പോയത്. തങ്ങളുടെ പച്ചക്കറി മോഷ്ടിച്ച കള്ളനെ പിടികൂടാനാണ് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് അടക്കം കത്തയച്ചത്. ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറി സ്വന്തം ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കുട്ടികള്‍ കൃഷി ആരംഭിച്ചത്.
കുട്ടികള്‍ രാവിലെയും വൈകിട്ടും നനച്ച് വളര്‍ത്തിയെടുത്ത 30 കോളിഫ്‌ളവറുകളാണ് ആരോ കവര്‍ന്നത്. ഇന്നലെ വിളവെടുക്കാനിരിക്കെയാണ് മോഷണം നടന്നത്. കായ്കകളൊഴിഞ്ഞ ചെടികള്‍ നോക്കി കുട്ടികള്‍ കരഞ്ഞു. ആശ്വസിപ്പിക്കാനാകാതെ അദ്ധ്യാപകര്‍ ചുറ്റും നിന്നു. നഴ്‌സറി മുതല്‍ നാലാം ക്‌ളാസുവരെയുള്ള കുട്ടികളുടെ പരിശ്രമഫലമായിരുന്നു സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തില്‍ നിന്ന് നഷ്ടമായ 30 കോളിഫ്‌ലവറുകള്‍.
അവര്‍ നട്ടുനനച്ച് വളര്‍ത്തുന്ന തോട്ടത്തില്‍നിന്ന് സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് എന്തെങ്കിലുമൊരു വിഭവം എന്നുമുണ്ടാകുമെന്ന് അദ്ധ്യാപിക സുനിത ജി.എസ്. പറഞ്ഞു. 'കൊവിഡിനു ശേഷമാണ് സ്‌കൂളില്‍ ഒരു പച്ചക്കറിത്തോട്ടമുണ്ടായത്. ബീറ്റ് റൂട്ട്, വഴുതന, വെണ്ട, തക്കാളി, കോളിഫ്‌ളവര്‍, പച്ചമുളക്, ചീര എന്നിവയെല്ലാം കുട്ടികള്‍ കൃഷി ചെയ്യുന്നുണ്ട്. രാവിലെയും വൈകിട്ടും അവര്‍ നനച്ചും പരിപാലിച്ചുമാണ് ഇത്രയുമാക്കിയത്.
സ്‌കൂളിന്റെ പിന്നിലായിരുന്ന പച്ചക്കറിത്തോട്ടം കുട്ടികളുടെ ഉത്സാഹവും പരിപാലനവും കണ്ട് സ്‌കൂളിന്റെ മുന്‍വശത്തേക്കു കൂടി വ്യാപിപ്പിച്ചതാണ്. കൃഷിഭവനില്‍നിന്ന് കുട്ടികള്‍ക്ക് 120 ചെടിച്ചട്ടികളും കിട്ടിയിരുന്നു. കഴിഞ്ഞയാഴ്ചയും അഞ്ച് കോളിഫ്‌ളവറുകള്‍ നഷ്ടമായിരുന്നു. പക്ഷേ, ഞങ്ങള്‍ അതത്ര കാര്യമാക്കിയില്ല.'' ഇന്നലെക്കണ്ട കാഴ്ച കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, തങ്ങള്‍ക്കും വലിയ വേദനയായായി'- സുനിത ടീച്ചര്‍ പറഞ്ഞു. സ്‌കൂളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ കോര്‍പ്പറേഷന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ക്യാമറയുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, പച്ചക്കറിത്തോട്ടത്തില്‍ ഇങ്ങനെയൊരു മോഷണം നടക്കില്ലായിരുന്നു.
ആദ്യമായാണ് ഇത്തരത്തിലൊരു മോഷണമെന്നാണ് അധ്യാപിക പ്രതികരിച്ചത്. വിളഞ്ഞു പാകമായി നില്‍ക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കിയാണ് വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് പോയത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ ഇവരെ ഞെട്ടിച്ച കാഴ്ചയായിരുന്നു കള്ളന്‍ കയറിയ പച്ചക്കറി തോട്ടം. നിലവിലേതിനേക്കാള്‍ വിപുലമായ രീതിയില്‍ കൃഷി ചെയ്തപ്പോള്‍ പോലും ഇത്തരമൊരു മോഷണം നേരിടേണ്ടി വന്നില്ലെന്നാണ് സ്‌കൂളിലെ അധ്യാപിക വിശദമാക്കുന്നത്. സംസ്ഥാന കലോത്സവത്തിന്റെ വേദിയായിരുന്നു സ്‌കൂള്‍.
ആ സമയത്ത് പച്ചകറിക്ക് നെറ്റ് അടക്കമുള്ളവ കെട്ടി സംരക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ആഴ്ച 5 കോളിഫ്‌ലവറുകള്‍ കാണാതായിരുന്നു. അന്ന് പരാതിപ്പെടാതിരുന്നത് അഞ്ച് കോളിഫ്‌ലവര്‍ കാണാതായതില്‍ എന്ത് പരാതിപ്പെടാനെന്ന് കരുതിയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഒന്നും പോലും ബാക്കി വയ്ക്കാതെ പച്ചക്കറി മുഴുവനും മോഷണം പോയതോടെ സംരക്ഷിച്ചിരുന്ന കുട്ടികളും വലിയ നിരാശയിലാണുള്ളത്. രാവിലെ വിളവെടുക്കാന്‍ വന്നപ്പോ ഒന്നുമില്ല. വലിയ സങ്കടമായി എന്ന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പ്രതികരിച്ചു.