- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയുടെ വനമേഖലയിൽ കാട്ടാനകൾ ചരിയുന്നത് വർധിക്കുന്നു; ജഢാവശിഷ്ടങ്ങൾ മറവു ചെയ്യുന്നതോടെ അന്വേഷണവും നിലയ്ക്കുന്നു; തുടരന്വേഷണങ്ങൾക്ക് താൽപര്യമില്ലാതെ വനംവകുപ്പും
പത്തനംതിട്ട: ജില്ലയുടെ കിഴക്കൻ വനമേഖലയിൽ കാട്ടാനകൾ ചരിയുന്നത് വർധിക്കുന്നത്. ജഡം അഴുകി അസ്ഥികൂടം അവശേഷിക്കുമ്പോൾ മാത്രമാണ് മിക്കവയും കണ്ടെത്തുന്നത്. അവശിഷ്ടങ്ങൾ വാരിക്കൂട്ടിയിട്ട് ദഹിപ്പിക്കുന്നതോടെ വനപാലകരുടെ പണി കഴിയുന്നു. ആനകൾ ചരിയുന്നത എന്തു കൊണ്ടാണെന്ന് കണ്ടെത്തുന്നതിന് തുടരന്വേഷണമില്ല. പ്രായം കൂടി ആനകൾ ചരിയുന്നുവെന്നാകും ഇവർ എഴുതുക. എന്നാൽ, അതിനുമപ്പുറത്തേക്കുള്ള സംശയങ്ങൾക്ക് ഉത്തരവുമില്ല.
കഴിഞ്ഞ ദിവസം കോന്നി വനമേഖലയിൽ നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ അഴുകിയ ജഡം കണ്ടെത്തിയിരുന്നു. ഇന്നലെ ഈ ഭാഗത്ത് കൂടുതൽ പരിശോധന നടത്തി. ഡിഎഫ്ഓയുടെ കീഴിലുള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ, വനം വകുപ്പ് വെറ്റിനറി ഡോക്ടർ ശ്യാംചന്ദ്രൻ, പാടം, മണ്ണാറപ്പാറ വനം സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന നടത്തിയത്. വനമേഖലയിലെ തോട്ടിലാണ് പത്ത് വയസ് തോന്നിക്കുന്ന പിടിയാനയുടെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കം ഉണ്ടെന്നും സ്വാഭാവിക മരണമാണെന്നുമാണ് നിഗമനം. ആനയുടെ ശരീരം പൂർണമായും അഴുകിയ നിലയിലാണ്. അവശിഷ്ടങ്ങൾ പ്രദേശത്ത് തന്നെ സംസ്‌കരിച്ചു.
അടുത്തിടെ കോന്നിയുടെ വിവിധ വനം സ്റ്റേഷനുകളുടെ പരിധികളിൽ ആനകൾ ചരിയുന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം. ജില്ലയിലെ പ്രധാന രണ്ടു വനം ഡിവിഷനുകളാണ് കോന്നിയും റാന്നിയും. ഇവിടെ ഏതാനും വർഷമായി കാട്ടാനകൾ കൂടുതലായി ചരിയുന്നുണ്ട്. എന്നാൽ, ഇതേ കുറിച്ച് കൂടുതൽ അന്വേഷണമില്ല. ആനകൾ രോഗം ബാധിച്ചാണോ പ്രായാധിക്യം മൂലമാണോ ചരിയുന്നതെന്ന് സംശയമുണ്ട്. പുറമേ നിന്നുള്ള പ്രകൃതി സ്നേഹികൾക്ക് കാട്ടിൽ കയറി എങ്ങനെയാണ് ആനകൾ ചരിഞ്ഞത് എന്ന് കണ്ടെത്താൻ കഴിയില്ല.
വനംവകുപ്പ് തങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫയൽ ക്ലോസ് ചെയ്യും. കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കാറില്ല. പ്രായം തികയാതെ കാട്ടാനകൾ ചരിഞ്ഞാൽ പോസ്റ്റ്മോർട്ടം നടത്തി മരണകാരണം കണ്ടെത്തണം. ഇവിടെയാകട്ടെ ഉന്നത വനം ജീവനക്കാരെ വിവരം ധരിപ്പിച്ചു ജഡം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ ഫയൽ ക്ലോസാകും. അന്വേഷണവും നിലയ്ക്കും. അച്ചൻ കോവിൽ ഭാഗത്ത് നദിയിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ഒരു കൊമ്പ് കണ്ടു.
പക്ഷേ ശേഷിക്കുന്ന കൊമ്പോ അവശിഷ്ടമോ ലഭിച്ചില്ല. പ്രായമാകുന്ന കാട്ടാന വെള്ളം ഉള്ള സ്ഥലങ്ങളിൽ എത്തി നിൽക്കും ചരിയുകയും ചെയ്യും. ഇങ്ങനെ ചരിയുന്ന കാട്ടാനകളുടെ കൊമ്പ് കവരുന്ന ഒരു സംഘം ഉണ്ടെന്ന് വനം വിജിലൻസ് മനസിലാക്കിയെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല. ഉൾവനങ്ങളിൽ വനം വകുപ്പിന് നിരീക്ഷണ സംവിധാനമില്ല. വനത്തിലെ റോഡിൽ മാത്രമാണ് വനപാലകരുടെ നിരീക്ഷണം ഉള്ളിലേക്കില്ല. തോക്ക് പോലുള്ള ആധുനിക ഉപകരണം കൈയിൽ ഇല്ലാത്തതാണ് കാരണം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്