ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ ഭഗീരഥപുര കോളനിയിൽ മലിനജലം കുടിച്ച് എട്ടു പേർ മരിച്ചു. നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുനിസിപ്പൽ പൈപ്പ് വഴി വിതരണം ചെയ്ത നർമ്മദ നദീജലത്തിൽ ശൗചാലയത്തിൽ നിന്നുള്ള മലിനജലം കലർന്നതാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഡിസംബർ 25 മുതൽ മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിച്ച കുടിവെള്ളത്തിന് അസാധാരണമായ മണവും രുചി വ്യത്യാസവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു.

വെള്ളം കുടിച്ചവർക്ക് ഛർദ്ദി, വയറുവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകളാണ് അനുഭവപ്പെട്ടത്. നിലവിൽ, മലിനീകരണം സംഭവിച്ച ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ 2,703 വീടുകളിലെ ഏകദേശം 12,000 പേരെ പരിശോധിച്ചു. ഇവരിൽ നേരിയ ലക്ഷണങ്ങളുള്ള 1,146 രോഗികൾക്ക് വീടുകളിൽ പ്രാഥമിക ചികിത്സ നൽകി. ഗുരുതരാവസ്ഥയിലായ 111 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും, 18 പേരെ പിന്നീട് ഡിസ്ചാർജ് ചെയ്തു.

മുഖ്യമന്ത്രി മോഹൻ യാദവ് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചികിത്സയിലുള്ളവരുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തുനിന്ന് ശേഖരിച്ച കുടിവെള്ളത്തിന്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മാധവ് പ്രസാദ് ഹസാനി അറിയിച്ചു. സംഭവത്തിൽ നഗരസഭാ അധികൃതർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയർക്കും മുനിസിപ്പൽ കമ്മീഷണർക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന ജലവിതരണ പൈപ്പ് ലൈനിൽ ശൗചാലയം നിർമ്മിക്കുന്ന സ്ഥലത്തിനടുത്ത് ചോർച്ച കണ്ടെത്തിയതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു. ഇതിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നിരിക്കാമെന്നാണ് അവരുടെ നിഗമനം. ചോർച്ച അടയ്ക്കുന്നതിനും കേടുപാടുകൾ തീർക്കുന്നതിനുമായി സംഘങ്ങളെ അയച്ചിട്ടുണ്ട്. മലിനീകരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇൻഡോറിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മാധവ് പ്രസാദ് ഹസാനി പറയുന്നതനുസരിച്ച്, പ്രദേശത്തെ ആയിരക്കണക്കിന് വീടുകളിൽ ആരോഗ്യ പ്രവർത്തകർ സർവേ നടത്തുകയും ചെറിയ രോഗലക്ഷണങ്ങളുള്ള നിരവധി പേർക്ക് പ്രാഥമിക പരിചരണം നൽകുകയും ചെയ്തിട്ടുണ്ട്.