കൊച്ചി: ഫ്ളാറ്റിന് മുകളിൽ നിന്നും പതിനെട്ടുകാരി വീണു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്. ചാലക്കുടി സ്വദേശി റോയിയുടെ മകൾ ഐറിൻ റോയ് (18) 2021 ഓഗസ്റ്റിലാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ശാന്തി തോട്ടക്കാട്ട് എസ്റ്റേറ്റ് എന്ന അപ്പാർട്ടമെന്റിന്റെ പത്താം നിലയുടെ മുകളിൽ നിന്ന് വീണ് മരിച്ചത്. അന്ന് സംഭവം കാൽ വഴുതി വീണു എന്നായിരുന്നു നിഗമനം. എന്നാൽ ഇപ്പോൾ പിതാവ് റോയി മകൾ താളെ വീഴാൻ കാരണം ബന്ധുവായ പെൺകുട്ടിയുമായുള്ള പിടിവലിയാണെന്നും ഈ പെൺകുട്ടി വിദേശത്തേക്ക് കടന്നു എന്നും ആരോപിച്ച് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരിക്കുകയാണ്.

അന്നത്തെ ദിവസം ഐറിനും ബന്ധുവായ പെൺകുട്ടിയും സഹോദരൻ അലനുമായിരുന്നു ഫ്ളാറ്റിന് മുകളിൽ വ്യായാമം ചെയ്തു കൊണ്ടിരുന്നത്. ഈ സമയം ഐറിനും ബന്ധുവായ പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായെന്നും പെൺകുട്ടി തള്ളിയപ്പോൾ നിലതെറ്റി താഴേക്ക് വീണതാണ് എന്നുമാണ് റോയി കമ്മീഷ്ണർക്ക് നൽകിയിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ മകളുടെ മരണ ശേഷം ഏഴാം ദിവസം ബന്ധുവിന്റെ വീട്ടിൽ ഐറിന്റെ ചിത്രം ചുവരിൽ തൂക്കാനായി കൊണ്ടു വന്നപ്പോൾ പെൺകുട്ടി എതിർത്തുവെന്നും നാട്ടിൽ ഉയർന്ന ശമ്പളം ഉണ്ടായിട്ടും വിദേശത്തേക്ക് പഠനത്തിനായി പോയി എന്നും പറയുന്നു. ഈ സമയം പെൺകുട്ടികളുടെ മാതാപിതാക്കൾ ഐറിൻ കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണത് സഹോദരൻ അലൻ തള്ളിയതു മൂലമാണെന്ന് പറഞ്ഞ് പരത്തുകയും ചെയ്തു.

മകളുടെ മരണ ശേഷം ആരോപണ വിധേയരായ ബന്ധുക്കളുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നു എന്ന് റോയി പറയുന്നു. തന്റെ ഭാര്യ മകളുടെ മരണശേഷം മാനസികമായി തളർന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നിലും ബന്ധുക്കളുടെ കരങ്ങൾ ഉണ്ടോ എന്ന സംശയവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് റോയി പരാതി നൽകിയിരിക്കുന്നത്. വിദേശത്തേക്ക് കടന്ന പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്താൽ മകളുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാര്യങ്ങൾ അറിയാമെന്നും റോയി പറയുന്നു.

2021 ഓഗസ്റ്റ് 5 ന് രാവിലെ 9 മണിയോടെയാണ് ഫ്‌ളാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീണ് ഐറിൻ മരിക്കുന്നത്. പത്ത് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിൽ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിൻ. ഫ്ലാറ്റിലെ ടെറസിൽ അരഭിത്തിയിലുള്ള പാരപ്പറ്റാണുള്ളത്. ഇതിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ടൈൽ പാകിയ കോൺക്രീറ്റ് ബെഞ്ചിൽ ചവിട്ടി വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നായിരുന്നു നിഗമനം. കാൽ വഴുതി പാരപ്പറ്റിന് മുകളിലൂടെ വീണ ഐറിൻ എട്ടാം നിലയുടെ സൺഷേഡിലുണ്ടായിരുന്ന ഷീറ്റിൽ പതിക്കുകയും തുടർന്ന് തെറിച്ച് താഴത്തെ കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിലും വശത്തെ ഭിത്തിയിലും അടിച്ചു തറയിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചു വീണ ഐറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഈ മരണത്തിലാണ് സംശയം പ്രകടിപ്പിച്ച് പിതാവ് പരാതി നൽകിയിരിക്കുന്നത്. റോയി ഇപ്പോൾ വിദേശത്താണ്. ഇ-മെയിൽ വഴിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്. പൊലീസ് കൃത്യമായി അന്വഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നാണ് റോയി ആവശ്യപ്പെടുന്നത്.