- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അധോലോകത്തെ സ്മൂത്തായി നിയന്ത്രിച്ച എല്‍ മെഞ്ചോയ്ക്ക് വിനയായത് കാമുകിയോടുള്ള അടങ്ങാത്ത പ്രേമം; കാമുകിയെ പിന്തുടര്ന്നെത്തിയ സൈന്യം കുടുക്കിയത് സ്നേഹക്കെണിയില്‍! കാമുകിയുടെ നീക്കങ്ങള്‍ പിന്തുടര്ന്ന് മെക്സിക്കന്‍ സൈന്യം; തപല്‍പയിലെ രഹസ്യത്താവളത്തില്‍ എല്‍ മെഞ്ചോയ്ക്ക് ഒടുക്കം! എല്ലാം തത്സമയം നിരീക്ഷിച്ച് പ്രസിഡന്റ്'
അധോലോകത്തെ സ്മൂത്തായി നിയന്ത്രിച്ച എല്‍ മെഞ്ചോയ്ക്ക് വിനയായത് കാമുകിയോടുള്ള അടങ്ങാത്ത പ്രേമം

മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയത്തലവന്‍ നെമെസീയോ ഒസെഗ്വേര എന്ന 'എല്‍ മെഞ്ചോ'യുടെ വധം മെക്‌സിക്കോയെ ശരിക്കും ഉലച്ചിരിക്കയാണ്. എല്‍ മെഞ്ചോയുടെ കൊലപാതകത്തിന് പിന്നാലെ മെക്‌സിക്കോയിലെ നഗരങ്ങളില്‍ കലാപം പൊട്ടപ്പുറപ്പെട്ടത് നിയന്ത്രിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. സൈന്യം ഇറങ്ങി കലാപം അമര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇപ്പോള്‍ പുറത്തുവരുന്നത് അധോലോക നായകനെ എങ്ങനെയാണ് സേനാവിഭാഗങ്ങള്‍ വീഴ്ത്തിയത് എന്നാണ്.
'എല്‍ മെഞ്ചോ'യ്ക്ക് വിനയായത് കാമുകിയുടെ നീക്കങ്ങളെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാമുകിയുടെ നീക്കങ്ങള്‍ പിന്തുടര്‍ന്നാണ് മെക്സിക്കന്‍ സൈന്യം എല്‍ മെഞ്ചോയുടെ ഹലിസ്‌കോയിലെ തപല്‍പയിലെ ഒളിത്താവളം കണ്ടെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് എല്‍ മെഞ്ചോ ഒളിത്താവളത്തിലുണ്ടെന്ന് സ്ഥിരീകരിച്ചതോടെ സൈന്യം ഇവിടെ വളയുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. കാമുകിയോട് സ്‌നേഹത്തില്‍ ചതി തിരിച്ചറിയാന്‍ അധോലോക നായകന് സാധിച്ചതുമില്ല.
സിജെഎന്‍ജി കാര്‍ട്ടലിന്റെ തലവനായ എല്‍ മെഞ്ചോയുടെ കാമുകിയുടെ വിശ്വസ്തനായ ഒരു കൂട്ടാളിയെ അന്വേഷണ ഏജന്‍സികളും ഇന്റലിജന്‍സ് വൃത്തങ്ങളും നേരത്തേ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ നീക്കങ്ങളെല്ലാം അന്വേഷണ ഏജന്‍സികള്‍ പിന്തുടര്‍ന്നു. കഴിഞ്ഞ ദിവസം എല്‍ മെഞ്ചോയെ കാണാനായി കാമുകിയും കൂട്ടാളിയും ഒരുമിച്ചാണ് തപല്‍പയിലെ ഗ്രാമപ്രദേശത്തെ രഹസ്യകേന്ദ്രത്തിലേക്ക് പോയത്. കാമുകി ഗ്രാമത്തിലേക്ക് പോകുന്നതും അന്വേഷണ ഏജന്‍സികള്‍ പിന്തുടര്‍ന്നിരുന്നു. ഒരു രാത്രി മുഴുവന്‍ കാമുകി എല്‍ മെഞ്ചോയ്ക്കൊപ്പം ഇവിടെ ചിലവഴിച്ചു. തുടര്‍ന്ന് കാമുകി പുറത്തുപോയി.
ഇതോടെ എല്‍ മെഞ്ചോ ഇവിടെയുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചു. കാമുകി പുറത്തുപോയതോടെ എല്‍ മെഞ്ചോയെ പിടികൂടാനുള്ള അന്തിമപദ്ധതികള്‍ക്ക് സൈന്യം രൂപം നല്‍കി. മെക്സിക്കന്‍ സൈന്യത്തിന്റെയും നാഷണല്‍ ഗാര്‍ഡിന്റെയും യൂണിറ്റുകള്‍ പ്രദേശം വളഞ്ഞു. ഇതേസമയം, ഹലിസ്‌കോയിലെ അതിര്‍ത്തികളില്‍ ആറ് സൈനിക ഹെലികോപ്റ്ററുകളും വട്ടമിട്ട് പറന്നു. പിന്നാലെ സൈന്യം എല്‍ മെഞ്ചോയെ ലക്ഷ്യമിട്ടുനീങ്ങി. ഇതോടെ എല്‍ മെഞ്ചോയും കൂട്ടാളികളും ശക്തമായി തിരിച്ചടിച്ചു.
ഏറ്റുമുട്ടല്‍ ശക്തമായതോടെ എല്‍ മെഞ്ചോയും രണ്ട് അംഗരക്ഷകരും വനത്തിനുള്ളിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കനത്ത ഏറ്റുമുട്ടലില്‍ എല്‍ മെഞ്ചോയും അംഗരക്ഷകരും വെടിയേറ്റ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും മെക്സിക്കന്‍ പ്രതിരോധ സെക്രട്ടറി ജനറല്‍ റിക്കാര്‍ഡോ ട്രെവില്ല മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയത്ത് വടക്കന്‍ മെക്സിക്കോയിലായിരുന്ന പ്രസിഡന്റിനെ തത്സമയം ദൗത്യത്തിന്റെ വിവരങ്ങള്‍ അറിയിച്ചിരുന്നതായും പ്രതിരോധന സെക്രട്ടറി വ്യക്തമാക്കി.
എല്‍ മെഞ്ചോയ്ക്കെതിരായ സൈനികനീക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും സുരക്ഷാ സേനാംഗങ്ങളും കാര്‍ട്ടല്‍ അംഗങ്ങളും ഉള്‍പ്പെടെ 70-ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഹലിസ്‌കോയില്‍ മാത്രം 25 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സെക്യൂരിറ്റി സെക്രട്ടറി ഒമര്‍ ഗാര്‍സിയ ഹര്‍ഫുച്ച് അറിയിച്ചു.
എല്‍ മെഞ്ചോയുടെ മരണത്തിന് പിന്നാലെ കാര്‍ട്ടല്‍ അംഗങ്ങള്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. എല്‍ മെഞ്ചോയുടെ കൂട്ടാളിയായ എല്‍ തുലി കൊല്ലപ്പെടുന്ന ഓരോ സൈനികനും 20,000 പെസോ വീതം വാഗ്ദാനം ചെയ്തിരുന്നു. സൈന്യത്തിനോടുള്ള പ്രതികാര ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനായിരുന്നു ഈ വാഗ്ദാനം. എന്നാല്‍ പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ 'എല്‍ തുലി'യെയും സൈന്യം വധിച്ചു. ഇയാളില്‍ നിന്ന് 1.4 മില്യണ്‍ യുഎസ് ഡോളറും ആയുധങ്ങളും പിടിച്ചെടുത്തു.
എല്‍ മെഞ്ചോയ്ക്കെതിരായ ഓപ്പറേഷനില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡി ഷെയ്ന്‍ബോം പ്രതികരിച്ചത്. ഒളിവാത്തവളം സ്ഥിരീകരിക്കാന്‍ സഹായിക്കുന്ന രഹസ്യാന്വേഷണവിവരങ്ങളാണ് അമേരിക്ക കൈമാറിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി. മെക്സിക്കോയിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുകയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും ഇന്ന് സ്ഥിതിഗതികള്‍ കൂടുതല്‍ ശാന്തമാണെന്നും പ്രസിഡന്റ് പറഞ്ഞു..
കുടുംബമൊന്നാകെ ജയിലില്‍
എല്‍ മെഞ്ചോയെ വധിച്ചതോടെ ആ ലഹരി സാമ്രാജ്യത്തിനും അന്ത്യമാകുകയാണെന്നാണ് സൂചന. എല്‍ മെഞ്ചോയുടെ മരണത്തോടെ ഇയാളുടെ കുടുംബാംഗങ്ങള്‍ നയിച്ചിരുന്ന ലഹരി സാമ്രാജ്യവും തകര്‍ച്ചയിലാണ്. നേരത്തെ ഇയാളുടെ കുടുംബാംഗങ്ങളും നിയമ നടപടികള്‍ നേരിട്ടിരുന്നു. സിജെഎന്‍ജെ കാര്‍ട്ടലിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇയാളുടെ മകനും മകളും സഹോദരനും നേരിട്ട് പങ്കാളികളായിരുന്നു. മകന്‍ റൂബന്‍ ഒസെഗ്വേര ഗോണ്‍സാലസ് എന്ന എല്‍ മെഞ്ചിറ്റോ, മകള്‍ ജെസീക്ക ജോഹന്ന, സഹോദരന്‍ അന്റോണിയോ തുടങ്ങിയവരാണ് നിലവില്‍ നിയമ നടപടികള്‍ നേരിടുന്നവരില്‍ പ്രധാനികള്‍. ഇയാളുടെ കുടുംബമൊന്നാകെ തടവറയിലായിരിക്കുകയാണ്.
റൂബന്‍ ഒസെഗ്വേര ഗോണ്‍സാലസ് എന്ന എല്‍ മെഞ്ചിറ്റോയ്ക്ക് ലഹരി കടത്ത് കേസുകളില്‍ ജീവപര്യന്തം തടവും അധികമായി 30 വര്‍ഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്. കൂടാതെ ലഹരി കടത്തിലൂടെ സമ്പാദിച്ച ഏകദേശം 6 ബില്യണ്‍ ഡോളറിലധികം തുക പിഴയായും ഇയാള്‍ നല്‍കണം. ലഹരിക്കടത്തില്‍ ശിക്ഷിക്കപ്പെട്ട എല്‍ മെഞ്ചിറ്റോതന്റെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും, കൂടാതെ വലിയ മയക്കുമരുന്ന് കടത്ത് ഗൂഢാലോചനയിലെ പങ്കാളിത്തത്തിന് അധികമായി 30 വര്‍ഷവും തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നേരിടുന്ന ഫെന്റനൈല്‍ എന്ന ലഹരിമരുന്ന് പ്രതിസന്ധിക്ക് തുടക്കമിട്ടതില്‍ പ്രധാന പങ്കുവഹിച്ചത് ഇയാളാണെന്ന് പറയപ്പെടുന്നു.
മകള്‍ ജെസീക്ക ജോഹന്നയ്ക്ക് നേരത്തെ ലഹരി കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് 30 മാസത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇവരെ പിന്നീട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പേ വിട്ടയച്ചു. എല്‍ മെഞ്ചോയ്ക്ക് പകരക്കാരിയായി കാര്‍ട്ടലിന്റെ തലപ്പത്തേക്ക് വരുമെന്ന് പറഞ്ഞുകേട്ട പേരുകളിലൊന്നാണ് ജെസീക്ക ജോഹന്ന. നിലവില്‍ ജയിലിന് പുറത്താണ് എന്നതാണ് ഇവരെ കാര്‍ട്ടലിന്റെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിലേക്ക് എത്തിച്ചത്. എന്നാല്‍ എല്‍ മെഞ്ചോയുടെ മരണത്തോടെ ഛിന്നഭിന്നമായേക്കാവുന്ന കാര്‍ട്ടലിനെ എങ്ങനെ ഇവര്‍ നിയന്ത്രിക്കുമെന്നത് അന്വേഷണ ഏജന്‍സികള്‍ ഉറ്റുനോക്കുന്നുണ്ട്. എല്‍ മെഞ്ചോയുടെ മരണത്തോടെ കാര്‍ട്ടലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാമെന്നാണ് ഇവര്‍ കരുതുന്നത്. അല്ലെങ്കില്‍ പുതിയൊരു കാര്‍ട്ടലിന്റെ ഉദയമുണ്ടാകണം.
എല്‍ മെഞ്ചോയുടെ സഹോദരന്‍ അന്റോണിയോ നിലവില്‍ യുഎസില്‍ തടവറയിലാണ്. സുരക്ഷാ സേനയുടെ പിടിയിലാകുന്നതില്‍ നിന്ന് രക്ഷപ്പെടാനായി ഇയാള്‍ മരിച്ചതായി വ്യാജരേഖയുണ്ടാക്കുകയും യുഎസിലേക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ 2022ല്‍ ഇയാള്‍ യുഎസില്‍ പിടിയിലായി. 20 വര്‍ഷത്തിലേറെയായി മയക്കുമരുന്ന് കടത്തിന് പിന്നില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കൊക്കെയ്ന്‍, മെത്താംഫിറ്റമിന്‍ എന്നിവ വിതരണം ചെയ്യാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
എല്‍ മെഞ്ചോയുടെ അളിയനായ ലോസ് ക്വിനിസ്, കാര്‍ട്ടെലില്‍ ഒരു വലിയ പങ്കുവഹിച്ചയാളാണ്. ഇയാളും മയക്കുമരുന്ന് കടത്തിന് യുഎസില്‍ ശിക്ഷ നേരിട്ടുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് കടത്തിനായി ഇയാള്‍ അന്തര്‍വാഹിനികള്‍ വരെ ഉപയോഗിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. 2017ല്‍ ബ്രസീലില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് യുഎസിന് കൈമാറിയ ലോസ് ക്വിനിസിനെ 30 വര്‍ഷത്തേക്ക് ശിക്ഷിച്ചിരിക്കുകയാണ്.
മരുമകന്‍ ക്രിസ്റ്റ്യന്‍ ഫെര്‍ണാണ്ടോ ഗുട്ടറസ്-ഒച്ചോവയും മെക്സിക്കോയിലെ അധികാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ മരിച്ചതായി വ്യാജരേഖയുണ്ടാക്കി, സ്വന്തം ശവമടക്ക് വരെ നടത്തിയ ആളാണ്. ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കലിന് 140 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. 2025ലാണ് ഇയാള്‍ പിടിയിലാകുന്നത്. കാര്‍ട്ടലിന് വേണ്ടി മയക്കുമരുന്ന് കടത്തിലൂടെ നേടിയ പണം വെളുപ്പിക്കലായിരുന്നു ഇയാളുടെ പ്രധാന ചുമതല. യുഎസില്‍ ആഡംബര ജീവിതമായിരുന്നു ഇയാളുടേത്.


