- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണാഭരണങ്ങളും ആധാർ കാർഡും വസ്ത്രങ്ങളും ഒന്നും എടുക്കാത മമ്മി വീട്ടിൽ പോയെന്ന് കേട്ടപ്പോഴേ സംശയം തോന്നി; ഏറ്റവും ഒടുവിൽ ഫോണിൽ വിളിച്ചത് ജൂൺ ആറിനെന്ന് റോസ് ലിയുടെ മകൾ മഞ്ജു; എന്നും വിളിച്ചിരുന്ന അമ്മ 26 ന് വിളിക്കാതിരുന്നതോടെ പേടി തോന്നിയെന്ന് പത്മത്തിന്റെ മകൻ സെൽവരാജ്; ഇലന്തുരിലെ നരബലി പുറത്തുവന്നതും സെൽവരാജിന്റെ പരാതിയിൽ
കാലടി: നിയമപരമായി ബന്ധമില്ലാത്ത സജീഷിനെ സ്വർണാഭരണങ്ങളും മറ്റും ഏൽപ്പിച്ച് അമ്മ റോസിലി പോയെന്ന് അറിഞ്ഞപ്പോൾ തനിക്ക് സംശയം തോന്നിയിരുന്നെന്ന് മകൾ മഞ്ജു വർഗ്ഗീസ്. ഉത്തർപ്രദേശിൽ അദ്ധ്യാപികയാണ് മഞ്ജു. ജനുവരിയിൽ നാട്ടിൽ വന്ന് അമ്മയെ കണ്ട ശേഷം പിന്നെ മരണ വാർത്തയാണ് കേൾക്കുന്നത്. സ്വർണാഭരണങ്ങൾ കൂടാതെ, ആധാർ കാർഡും വസ്ത്രം ഒന്നും കൊണ്ടുപോയിരുന്നില്ല.
'അമ്മ ഒരു സാധനവും ആരേയും ഏൽപ്പിക്കില്ല. നിയമപരമായി യാതൊരു ബന്ധവും ഇല്ലാത്ത സജീഷിനെ ഏൽപ്പിച്ചുവെന്ന് പറഞ്ഞതിൽ സംശയം തോന്നി അത് പൊലീസിനെ അറിയിച്ചിരുന്നു. കമ്മലും മാലയും പാദസരവും മോതിരവും ഉണ്ടായിരുന്നു. പാദസരവും മോതിരവും സജീഷ് പണയം വെച്ചിരിക്കുകയാണ്. എല്ലാ ആഭരണങ്ങളും അമ്മ അണിഞ്ഞു നടക്കും.' മഞ്ജു പറഞ്ഞു. കാലടിയിൽ നിന്നാണ് സജീഷും ചങ്ങനാശേരി സ്വദേശിയായ റോസ്ലിയും പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ 15 വയസിന്റെ പ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു.
കഴിഞ്ഞ ജൂൺ എട്ടിനാണ് റോസ്ലിയെ കാണാതായത്. പതിവ് മിസിങ് കേസുകൾ പോലെയാണ് കാലടി പൊലീസ് അത് കണക്കാക്കിയത്. ജൂൺ ആറിനാണ് മഞ്ജു അമ്മയെ ഒടുവിൽ റോസ്ലിയെ ഫോണിൽ വിളിച്ചത്. ആയുർവേദ ഉൽപ്പന്നങ്ങൾ വീടുകളിലും കടകളിലും വിൽക്കുന്ന ജോലിയാണ് അമ്മ ചെയ്തിരുന്നത്. ലോട്ടറി വിൽക്കുന്ന കാര്യം തനിക്ക് അറിയില്ല. എറണാകുളത്ത് ലോട്ടറി വിൽക്കുന്നത് കണ്ടുവെന്ന് റോസ്ലിയുടെ കൂട്ടുകാരി രമ്യ തന്നോട് പറഞ്ഞിരുന്നുവെന്നും മഞ്ജു പറഞ്ഞു.
'മമ്മിയെ ഫോണിൽ കിട്ടാതായതോടെ സജീഷിനെ വിളിക്കുകയായിരുന്നു. അപ്പോഴാണ് കാണാനില്ലെന്ന് പറഞ്ഞത്. സജീഷ് എന്നയാൾക്കൊപ്പമാണ് അമ്മ ജീവിച്ചു പോരുന്നത്. അദ്ദേഹം പറഞ്ഞത് മമ്മി സ്വന്തം വീട്ടിലേക്ക് പോയി എന്നാണ്. കൂടുതൽ കാര്യങ്ങളൊന്നും എനിക്ക് അറിയില്ല. സജീഷിന് കൂടുതൽ കാര്യങ്ങൾ അറിയാം. ഏഴ് വർഷമായി സജീഷിനൊപ്പമാണ് ജീവിക്കുന്നത്. സജീഷുമായി അമ്മ ബന്ധം പുലർത്തുന്നതിനോട് എനിക്ക് താൽപര്യമില്ല. അതിനാൽ ആ വീട്ടിലേക്ക് കൂടുതൽ പോയിരുന്നില്ല.' മഞ്ജു പറഞ്ഞു.
അമ്മ വിളിക്കാതെ ആയതോടെ പേടി തോന്നിയെന്ന് പത്മത്തിന്റെ മകൻ
തമിഴ്‌നാട് സ്വദേശിയായ പത്മം എന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ നടന്ന അന്വേഷണമാണ് ഇലന്തൂരിൽ നടന്ന ക്രൂരകൊലപാതകങ്ങളുടെ ചുരുളഴിച്ചത്. സ്ഥിരമായി വിളിക്കുമായിരുന്ന അമ്മ 26ന് വിളിക്കാതായതോടെ ആശങ്ക തോന്നി തമിഴ്‌നാട്ടിൽ നിന്ന് നാട്ടിലെത്തുകയായിരുന്നുവെന്ന് പത്മത്തിന്റെ മകൻ സെൽവരാജ് പറഞ്ഞു.
കേരളത്തിലെത്തി ആദ്യം സ്വന്തം നിലയിൽ അന്വേഷിച്ചു. കാണാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും സെൽവരാജ് പ്രതികരിച്ചു. കോൾ ലിസ്റ്റുകളും സിസിടിവി ദൃശ്യങ്ങളും അന്വേഷിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകി. ലോട്ടറി കച്ചവടമായിരുന്നു അമ്മയുടെ തൊഴിൽ. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നതെന്നും മകൻ പറഞ്ഞു.
പത്മത്തെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് ധനാഭിവൃദ്ധിക്കായി നടത്തിയ ക്രൂരകൊലപാതകങ്ങൾ പുറത്തുവരാൻ കാരണമായത്. ലോട്ടറി വിൽപ്പനക്കാരായ റോസ്ലി, പത്മം എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏജന്റ് റഷീദ് (മുഹമ്മദ് ഷാഫി), ദമ്പതിമാരായ ഭഗവൽ സിങ്, ലൈല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നാണ് നരബലിക്കായി സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. ഇവരെ ക്രൂരമായി കൊലപ്പെടുത്തി കഷ്ണങ്ങളാക്കി തിരുവല്ലയ്ക്ക് സമീപം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ജൂൺ ആറിനാണ് റോസ്ലിയെ കാണാതാകുന്നത്. ഓഗസ്റ്റ് 17ന് പൊലീസിൽ മകൾ പരാതി നൽകി. സെപ്റ്റംബർ 26ന് പത്മത്തെ കാണാതായി. പത്മവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഏജന്റ് റഷീദിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെ നരബലിയുടെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ