പത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ, ഇത്രയും ക്രൂരത എങ്ങനെ കാട്ടാനാവും എന്നവും പലരും ചിന്തിക്കുന്നത്. എന്നാൽ, അന്ധവിശ്വാസം പലപ്പോഴും കടുംകൈ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കും. കൊടുംക്രിമിനലായ ഷാഫി പണത്തിന് വേണ്ടിയും, ലൈംഗിക മനോവൈകൃത താൽപര്യത്തിനും ഒക്കേ വേണ്ടിയാണ് ആഭിചാര ക്രിയയിൽ ദമ്പതികളെ കുടുക്കിയത്. എന്നാൽ, പ്രതികളിലൊരാളായ ലൈല തികഞ്ഞ അന്ധവിശ്വാസി ആണെന്ന് സഹോദരൻ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളോടെയാണ് താനും സഹോദരിയും തമ്മിൽ അകന്നതെന്നും സഹോദരൻ പറഞ്ഞു.

'രണ്ട് വർഷം മുമ്പാണ് ലൈലയുടേയും എന്റെയും അമ്മ മരിക്കുന്നത്. അമ്മയുടെ സഞ്ചയനത്തിന് ശേഷം ലൈല എന്നെ ഫോണിൽ വിളിച്ചു. അമ്മ മരിച്ചതിന് ചില ദോഷങ്ങളുണ്ട്. അതിന് ചില പരിഹാര കർമ്മങ്ങൾ ചെയ്തില്ലെങ്കിൽ ഒരു അഞ്ച് മരണങ്ങൾ കൂടി സംഭവിക്കുമെന്ന് പറഞ്ഞു. എനിക്ക് വിശ്വാസമില്ലെന്നും പൂജ നടത്തേണ്ടെന്നുമാണ് ഞാൻ മറുപടി നൽകിയത്. ഞാൻ എതിർത്തതോടെ ലൈല പിണക്കത്തിലായി. ഇതിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി സഹോദരിയുമായി ബന്ധമില്ല', സഹോദരൻ പറഞ്ഞു.

എന്നാൽ താൻ എതിർത്തെങ്കിലും, ലൈലയും ഭർത്താവും മകനും തന്റെ ജ്യേഷ്ഠനും ചേർന്ന് പൂജ നടത്തി. താനതിൽ പങ്കെടുത്തില്ല. അതിന് ശേഷമാണ് തമ്മിൽ ബന്ധമില്ലാതായത്. ലൈലക്കൊപ്പം തന്നെ അന്ധവിശ്വാസിയായിരുന്നു ഭർത്താവ് ഭഗവൽ സിംഗും. എപ്പോഴും സർവാഭരണങ്ങളുമിട്ടാണ് ലൈല നടന്നിരുന്നത്. അവരുടെ വീട്ടിൽ ഒന്നും ഇത് സംബന്ധിച്ച സൂചനകൾ ഇല്ലാരുന്നു. കേസ് അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആവശ്യപ്പെടാനുള്ളത്''. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.

അതേസമയം, ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇയാൾക്ക് സാമ്പത്തികമായി സഹായം നൽകിയിരുന്ന മുൻ സുഹൃത്തും രംഗത്ത് വന്നു. വണ്ണമുള്ള തമിഴ് സ്ത്രീകളെ വേണമെന്ന് മാസങ്ങൾക്ക് മുമ്പ് ഷാഫി തന്നോട് ആവശ്യപ്പെട്ടതായി ബിസിനസുകാരൻ സുഹൃത്ത് പറഞ്ഞു.

'ഭക്ഷണം കഴിക്കുന്നതിന് വേണ്ടി സ്ഥിരമായി പോകുമായിരുന്ന ഒരു ഹോട്ടലിൽ വച്ചാണ് ഷാഫിയുമായി പരിചയപ്പെട്ടത്. ഇയാൾക്ക് മുൻപ് പണം നൽകി സഹായിച്ചിട്ടുണ്ട്. ഒരിക്കൽ നേരത്തെ പറഞ്ഞ് വെച്ച ഒരു ലോൺ ലഭിക്കാതായതോടെ ഞാനിടപെട്ട് പണമെടുത്ത് നൽകിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് ഇത്തരത്തിൽ നൽകിയത്. മദ്യപിച്ചിരിക്കുന്ന സമയത്ത് ഒരിക്കൽ നിനക്ക് എത്ര കോടി വേണമെന്ന് എന്നോട് ചോദിച്ചു. വണ്ണമുള്ള സ്ത്രീകളുണ്ടെങ്കിൽ കാശ് ലഭിക്കുമെന്നും എന്നോട് പറഞ്ഞു. ഒരു സേട്ടിന് വേണ്ടിയാണെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി വെച്ച് കിട്ടുമെന്നുമാണ് അന്ന് ഷാഫി പറഞ്ഞിരുന്നത്. ഒന്നോ രണ്ടോ തമിഴ് സ്ത്രീകളെ ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഈ സ്ത്രീകൾ പിന്നീട് തിരിച്ച് വരില്ലെന്നും ഷാഫി തന്നെ തന്നോട് വെളിപ്പെടുത്തിയിരുന്നു. സേട്ടിനെ ഷാഫിയുടെ ഭാര്യക്കും പരിചയമുണ്ടെന്ന് ഉറപ്പാണെന്നും സുഹൃത്ത് പറഞ്ഞു.

 ഭഗവൽ സിങ്ങിന് സൗദി വിസ നിഷേധിച്ചു

അച്ഛൻ വാസുവൈദ്യർക്ക് ഭഗത് സിങിനോടുള്ള ആരാധനയാണ് മകന് ഭഗവൽ സിങ് എന്ന പേരിലേക്ക് എത്തിച്ചത്. ഭഗവൽ സിങ് ഒരിക്കൽ വിദേശത്ത് പോകാൻ ശ്രമിച്ചതാണെങ്കിലും പേരിലെ അവ്യക്തത കാരണം വിസ കിട്ടിയില്ല. സിങ് എന്ന് പേരുള്ളവർക്ക് സൗദി അറേബ്യയിൽ വിസ നിഷേധിച്ച കാലത്തായിരുന്നു സംഭവം. ഭഗവൽ സിങിനെ സൗദി വിദേശകാര്യ മന്ത്രാലയം യഥാർഥ സിഖുമത വിശ്വാസിയായ സിങാണെന്ന് തെറ്റിദ്ധരിച്ചത്രെ.

പിന്നീടാണ് ഇയാൾ പിതാവിന്റെ വഴിയേ വൈദ്യമേഖലയിലേക്ക് കടന്നത്. ഇലന്തൂർ സർക്കാർ സ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബവുമായിരുന്നില്ല. വീടിന് സമീപത്തെ സ്ഥലങ്ങളെല്ലാം സഹോദരങ്ങളുടേതാണ്. പിതാവ് അറിയപ്പെടുന്ന ആഞ്ഞിലിമൂട്ടിൽ കുടുംബാംഗമായിരുന്നു. നിരവധി ഭൂസ്വത്തുക്കൾ വിറ്റിട്ടുണ്ട്.