- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകക്കാർ കെട്ടിടമൊഴിയാത്തതിന് കെയർടേക്കറുടെ കടുംകൈ; വ്യാപാര സ്ഥാപനത്തിന് മുന്നിൽ കക്കൂസ് മാലിന്യം തളിച്ചു; സംഭവം പത്തനംതിട്ട വാര്യാപുരത്ത്; മാലിന്യം ഒഴുക്കിയത് കെട്ടിട ഉടമയായ പ്രവാസിയുടെ സഹായി
പത്തനംതിട്ട: വാടകക്കാർ ഒഴിഞ്ഞില്ലെങ്കിൽ അവരെ തുരത്താൻ പല മാർഗങ്ങളും കെട്ടിടം ഉടമകൾ സ്വീകരിക്കാറുണ്ട്. എന്നാൽ ഇലന്തൂരിന് സമീപം വാര്യാപുരത്ത് ഒരു കെട്ടിടം ഉടമയുടെ കെയർടേക്കർ നടത്തിയത് അറ്റകൈ പ്രയോഗമാണ്. തന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ തിണ്ണയിൽ കക്കൂസ് മാലിന്യം തളിച്ചു. ഇതു സംബന്ധിച്ച് കെട്ടിടം ഉടമയ്ക്കും കെയർടേക്കർക്കുമെതിരേ പൊലീസിൽ നൽകിയ പരാതിയിൽ രൂക്ഷമായ ആരോപണമാണ് വ്യാപാരി ഉന്നയിച്ചിരിക്കുന്നത്.
വാര്യാപുരത്തിന് സമീപം തൂക്കുപാലത്ത് പ്രവർത്തിക്കുന്ന തോളുപ്പറമ്പിൽ സ്റ്റോഴ്സിലാണ് കെട്ടിടം ഉടമയുടെ നോട്ടക്കാരൻ കക്കൂസ് മാലിന്യം ഒഴിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് തൂക്കുപാലത്ത് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയിൽ കക്കൂസ് മാലിന്യം ഒഴിച്ചത്. ജോലി സംബന്ധമായി വിദേശത്ത് കഴിയുന്ന കെട്ടിടം ഉടമയുടെ സഹായി കടക്കുള്ളിലേക്ക് മാലിന്യം ഒഴിക്കുന്നത് ശ്രദ്ധയിൽ പെട്ട സമീപത്തെ സ്ഥാപനത്തിന്റെ സെക്യുരിറ്റി ജീവനക്കാരൻ ബഹളമുണ്ടാക്കിയതോടെ ഇയാൾ സ്ഥലം വിട്ടു.
മുൻപും കെട്ടിടം ഉടമയുടെ സഹായിയുടെ ഭാഗത്തു നിന്ന് ഇത്തരം ഉപദ്രവങ്ങൾ ഉണ്ടയിട്ടുണ്ടെന്ന് സ്ഥാപനം ഉടമ ടി.വി തോമസ് പറഞ്ഞു. സംഭവത്തിൽ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയതായും ടി.വി തോമസ് പറഞ്ഞു. അസഹ്യമായ ദുർഗന്ധം നിമിത്തം വലഞ്ഞ സമീപവാസികൾ ആരോഗ്യ വകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ്.
തനിക്ക് അപകടം പറ്റി കാൽ ഒടിഞ്ഞത് കാരണം ആറു മാസത്തോളം കട തുറക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് തോമസ് പറയുന്നു. ഈ കാലയളവിലെ വാടക കുടിശിക ഒന്നിച്ചു കൊടുക്കാമെന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് തീർപ്പുണ്ടാക്കിയിരുന്നു. പണവുമായി ചെന്നിട്ടും അത് കൈപ്പറ്റാൻ ആരും വന്നില്ല. തുടർന്നാണ് ഉപദ്രവം തുടങ്ങിയത്. താഴിനകത്ത് സിമെന്റ് കുഴച്ചു നിറച്ചു. മറ്റൊരിക്കലും ഇതേ പോലെ കക്കൂസ് മാലിന്യം വിതറി.
അത് വൃത്തിയാക്കിയ ശേഷം രണ്ട് ദിവസം മുൻപാണ് കട തുറന്നത്. വ്യാഴം രാവിലെയാണ് വീണ്ടും ഒഴിച്ചത്. ഇതിന് അടുത്ത ലൈലാൻഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരൻ സാക്ഷിയാണെന്നും തോമസ് പറഞ്ഞു. ഇതിനിടെ തന്നെ കടയിൽ കയറി മർദിക്കുകയും റോഡലിട്ട് വലിക്കുകയും ചെയ്തുവെന്ന് തോമസ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്