- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തത്തിൽ പെട്ട മട്ടന്നൂർ സ്വദേശികൾ റഹ്മത്തും രണ്ടുവയസുകാരി സഹറയും വ്യാപാരി നൗഫിഖും ആണെന്ന് നാടറിഞ്ഞത് തിങ്കളാഴ്ച രാവിലെ; പൊതുദർശനത്തിൽ വൻജനാവലി; ഏലത്തൂർ ട്രെയിൻ തീവയ്പ്പിനിടെ മരിച്ചവർക്ക് മട്ടന്നൂരിന്റെ യാത്രാമൊഴി
മട്ടന്നൂർ: റമദാൻ വിശുദ്ധനാളിലുണ്ടായ ഇരട്ടമരണം മട്ടന്നൂരിനെ അക്ഷരാർത്ഥത്തിൽ നടുക്കി. തീവയ്‌പ്പിനിടെയുണ്ടായ പരക്കം പരക്കം പാച്ചിലിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെ ട്രെയിനിൽ നിന്നും വീണുമരിച്ചത് മട്ടന്നൂർ സ്വദേശികളാണെന്ന വിവരം പുറത്തുവന്നിരുന്നുവെങ്കിലും മരിച്ചവരെ കുറിച്ചുള്ള വിവരം വ്യക്തമായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് മരിച്ചവർ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശിനിയായ വീട്ടമ്മയും സഹോദരിയുടെ മകളായ രണ്ടുവയസുകാരിയാണെന്നും മറ്റൊരാൾ കൊടോളിപ്രത്തെ ഉണക്കുമീൻ വ്യാപാരിയായ യുവാവാണെന്നും നാടറിഞ്ഞത്.
വിശുദ്ധറമദാൻ നാളിലെത്തിയ ദുരന്തവാർത്ത വിമാനത്താവള നഗരമായ മട്ടന്നൂരിനെ ഇതോടെ കണ്ണീരിലാഴ്‌ത്തി. ഏലത്തൂരിൽ ട്രെയിനിനു നേരെയുണ്ടായ തീവയ്‌പ്പിനെ പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടിയതിനാൽ അതിദാരുണമായി മരണമടഞ്ഞ രണ്ടു മട്ടന്നൂർ സ്വദേശികൾക്ക് പിറ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞു തിങ്കളാഴ്ച വൈകുന്നേരത്തോടെ എത്തിയ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്.
റഹ്‌മത്തിന്റെ ഭൗതികശരീരം പ്രാർത്ഥനാഭരിതമായ അന്തരീക്ഷത്തിൽ പലോട്ടുപള്ളി കബർസ്ഥാനിലാണ് സംസ്‌കരിച്ചത്. പാലോട്ടുപള്ളി ബദ്രിയ്യാ മൻസിലിൽ പരേതനായ അബ്ദുൽറഹ്‌മാൻ-ജമീല എന്നിവരുടെ മകളാണ് റഹ്‌മത്ത് ഭർത്താവ് സി. എം ഷറഫുദ്ദീൻ വാച്ച്മാനായി ജോലി ചെയ്തുവരികയാണ്. ഏകമകൻ റംഷാദ് ബംഗ്ളൂരിൽ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനാണ്. ഹമീദ്, ഹുസൈൻ, സത്താർ, സഅ്ദ് സഖാഫി,ജുബൈരിയ്യ, ജസീല എന്നിവരാണ് സഹോദരങ്ങൾ.
ഇവരോടൊപ്പം ട്രെയിനിൽ നിന്നും വീണുമരിച്ച രണ്ടരവയസുകാരി സഹറ ബത്തൂൽ മരണമടഞ്ഞ റഹ്‌മത്തിന്റെ സഹോദരി ജസീലയുടെ മകളാണ്. ഷുഹൈബ് സഖാഫിയാണ് കുട്ടിയുടെ പിതാവ്. ആയിഷ ഫാത്തമിയാണ് ഈ ദമ്പതികളുടെ മറ്റൊരുമകൾ. സഹറയുടെ ഭൗതിക ശരീരം ഫറോക്ക് പള്ളി കബർസ്ഥാനിലാണ് കബറടക്കിയത്. ട്രെയിൻ തീവയ്‌പ്പിനെ റെയിൽവെ ട്രാക്കിൽ വീണുമരിച്ച മട്ടന്നൂർ കൊടോളിപ്രം വരവക്കുണ്ട് കൊട്ടാരത്തിൽ പുതിയ പുരയിൽ കെ.പി നൗഫിഖ്( 39) ഉണക്കമത്സ്യവ്യാപാരിയാണ്. ജോലി ആവശ്യാർത്ഥം കോഴിക്കോട് പോയി വരുമ്പോഴാണ് ഇദ്ദേഹം ദുരന്തത്തിൽപ്പെട്ടത്.
പരേതരായ കെ.പി അബൂബക്കർ- ഫാത്തിമ ദമ്പതികളുടെ മകനാണ് നൗഫിഖ്. ഭാര്യ ബുഷറ.മക്കൾ: ഹുദ,ഫിദ, ഇസ്മായിൽ, സഹോദരങ്ങൾ: സക്കീന, സനീറ, സനീറ, നാസർ, ഷഫീഖ്,സലീം, നൗഷാദ്, നൗഫൽ, പരേതയായ സുഹ്റ, നൗഫീഖിന്റെ മൃതദേഹം എടയന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. മന്ത്രി അഹ്‌മദ് ദേവർകോവിൽ, കെ.കെ ശൈലജ എംഎൽഎ, മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ, വിവിധ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ ഇരുവരുടെയും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്