പത്തനംതിട്ട: ഇലവുംതിട്ടയിൽ ഭക്ഷ്യവിഷബാധയേറ്റത് ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്ക്. 15 പേർ ഇതുവരെ ചികിൽസ തേടിയപ്പോൾ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരിക്കാമെന്നാണ് സൂചനകൾ. ആരുടെയും നില ഗുരുതരമല്ലെങ്കിലും കുട്ടികൾ അടക്കം അവശനിലയിലാണ്. ഭക്ഷ്യസുരക്ഷ ആരോഗ്യ വകുപ്പുകൾ സംയുക്തമായി ബേക്കറിയിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. ബേക്കറി അടച്ചു പൂട്ടുകയും ചെയ്തു.

ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലുള്ള മെഴുവേലി പഞ്ചായത്തിൽ ഇലവുംതിട്ട ജങ്ഷനിൽ പ്രവർത്തിക്കുന്ന ദീപ ബേക്ക് ഹൗസ് ആൻഡ് ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കവും പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ആറ്, ഏഴ് തീയതികളിൽ ഇവിടെ നിന്ന് ചിക്കൻ വിഭവങ്ങൾ വാങ്ങിക്കഴിച്ച മെഴുവേലി, ചെന്നീർക്കര പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ചികിൽസ തേടിയത്. 13 പേർ ചെന്നീർക്കര പഞ്ചായത്ത് നല്ലാനിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിൽ കഴിയുന്നു.

രണ്ടു പേർ ഇന്നലെ വൈകിട്ട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിൽസ തേടി. ചെന്നീർക്കര പഞ്ചായത്തിൽ നിന്ന് പന്ത്രണ്ടും മെഴുവേലി പഞ്ചായത്തിൽ നിന്ന് മൂന്നു പേരുമാണ് ഇതു വരെ ചികിൽസ തേടിയിരിക്കുന്നത്. ചെന്നീർക്കര രണ്ടാം വാർഡിൽ ആത്രപ്പാട് സ്വദേശി അച്ചു ആനന്ദ് (23), ശിവന്യ (എട്ട്), ശ്രേയ (എട്ട്), ശ്രുതി (18), കുളത്തുമണ്ണിൽ അശ്വിൻ ബിനോജ് (14), ശ്യാംകുമാർ (38), വിനോദ് ജോൺ (47), ശിവാനി (ഒമ്പത്), സൗമ്യ ഭവനിൽ ധന്യ (32), മിഥുന്യ (അഞ്ച്), മന്യ(12), ഊന്നുകൽ കിഴക്കേച്ചരുവിൽ ഉഷ (65), അശ്വതി (24) എന്നിവരാണ് ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലുള്ളത്.

ഊന്നുകൽ സ്വദേശികളാ ടീന മറിയം, അനീന മറിയം എന്നിവർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
കഴിഞ്ഞ ആറിന് വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് അച്ചു ആന്ദന് ബേക്കറിയിൽ നിന്ന് ഷവായ് ചിക്കൻ പാഴ്സൽ വാങ്ങിയത്. വീട്ടിലെത്തിയ ഉടൻ തന്നെ കുട്ടികളുമൊത്ത് ഇത് കഴിച്ചു. രുചി വ്യത്യാസമൊന്നുമുണ്ടായിരുന്നില്ലെന്ന് അച്ചു പറഞ്ഞു. അടുത്ത ദിവസം മുതൽ വീട്ടിലെ മൂന്ന് കുട്ടികൾക്കും തനിക്കും വയറിളക്കവും ഛർദ്ദിയും ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായി അച്ചു പറഞ്ഞു. സ്ഥിതി കൂടുതൽ രൂക്ഷമായതോടെ നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നാലു പേരും ചികിത്സ തേടി.

രണ്ടു ദിവസം മുൻപ് ഒരേ സ്ഥാപനത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതെന്ന് നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ലിൻസ അനിൽ പറഞ്ഞു. മിക്കവരും ശാരീരികമായി അവശനിലയിലായിരുന്നെങ്കിലും ആരുടേയും നില ഗുരുതരമല്ല. പ്രഥമ ശുശ്രൂഷകൾ നൽകി എല്ലാവരെയും വീട്ടിലേക്ക് മടക്കി അയച്ചതായും ഡോ: ലിൻസ അനിൽ പറഞ്ഞു. ഗ്രിൽഡ് ചിക്കൻ, ചിക്കൻ കട്ലറ്റ്, ഷവായ് ചിക്കൻ തുടങ്ങിയ ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കുട്ടികൾക്കും മുതിർന്നവും ഗുരുതരമായ രീതിയിൽ ഭക്ഷ്യ വിഷബാധ ബാധിച്ചിട്ടുണ്ട്. വയറിളക്കത്തിന് പുറമേ വയർ വേദന, നടുവേദന, തലവേദന, തല ചുറ്റൽ, പനി എന്നിവയും ഇവർക്ക് അനുഭവപ്പെടുന്നുണ്ട്.

കൂട്ടത്തോടെ രോഗികൾ ആശുപത്രിയിൽ എത്തിയതിന് പിന്നാലെ ആരോഗ്യവകുപ്പും ഫുഡ് ആൻഡ് സേഫ്ടി ഡിപ്പാർട്ട്മെന്റും ദീപബേക്ക് ഹൗസിൽ പരിശോധന നടത്തി. ഭക്ഷ്യ സാമ്പിൾ ശേഖരിച്ചതിന് ശേഷം ബേക്കറി അടപ്പിച്ചു. ആറന്മുള പഞ്ചായത്തിൽ കോട്ട സ്വദേശിയാണ് ചിക്കൻ ഇവിടെ സപ്ലൈ ചെയ്യുന്നതെന്ന് പറയുന്നു. ഇയാളുടെ ഫോണിലേക്ക് പൊലീസ് അടക്കം വിളിച്ചുവെങ്കിലും എടുത്തില്ല. ചെന്നീർക്കര, മെഴുവേലി പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ഭക്ഷ്യവിഷബാധ ഏറ്റവരിൽ ഏറെയും. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ഗിരീഷിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ച് വരുന്നു.