- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീനിയർ സിവിൽ പൊലീസ് ഓഫീസർ നല്ലൊന്നാന്തരം കുക്ക്; വീഡിയോ പകർത്തി എഡിറ്റ് ചെയ്ത സിപിഓ അമൽ മികച്ച എഡിറ്റർ; കോഴിക്കറിയും കപ്പയും വേവിച്ച് കഴിക്കുന്നത് പാട്ടുമിട്ട് വീഡിയോ ആക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഇലവുംതിട്ട പൊലീസ് പിടിച്ചത് പുലിവാൽ; വിശദീകരണം തേടി ഐജി
പത്തനംതിട്ട: ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകാൻ വേണ്ടിയാണ് ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനിലെ സിപിഓ അമൽ ആ വീഡിയോ പോസ്റ്റ് ചെയ്തത്. പൊലീസുകാർ പോയി ചിക്കനും കപ്പയും വാങ്ങി സ്‌റ്റേഷനിൽ വച്ച് തന്നെ പാചകം ചെയ്ത് കഴിക്കുന്ന വീഡിയോ. സംഗതി വൈറൽ ആയി. പിന്നാലെ മുട്ടൻ പണിയുമെത്തി. വൈറലായ വീഡിയോയ്ക്ക് വിശദീകരണം തേടിയിരിക്കുകയാണ് ദക്ഷിണ മേഖലാ ഐജി. പൊലീസുകാരുടെ നിർദോഷമായ ഒരു പ്രവൃത്തിയായി കണ്ട് മാപ്പ് കൊടുക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ജനങ്ങളുടെ കമന്റ്. ഇത് ഇത്ര അപരാധമായി കാണേണ്ടതില്ലെന്നും അവർ പറയുന്നു.
രണ്ടാഴ്ച മുമ്പാണ് ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനിൽ കപ്പയും ചിക്കൻ കറിയും തയാറാക്കി കഴിച്ചത്. സീനിയർ സിപിഓ ബിന്ദുലാൽ ഇലവുംതിട്ട മാർക്കറ്റിൽ ചെന്ന് ചിക്കൻ വാങ്ങിക്കൊണ്ട് വന്ന് തയാറാക്കുന്നതും കപ്പ വേവിക്കുന്നതും പിന്നീട് എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതുമായ വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
സിവിൽ പൊലീസ് ഓഫീസർ അമൽ ആണ് വീഡിയോ ഒരു മിനുട്ടിൽ താഴെയാക്കി എഡിറ്റ് ചെയ്ത ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. താതികന്തോം തെയ്യ എന്ന പാട്ടും മേമ്പൊടിയായി ചേർത്തു. മുൻപ് ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് പോകുന്ന ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് അലങ്കരിക്കുന്ന വീഡിയോ തയാറാക്കി സിപിഓ അമൽ പോസ്റ്റ് ചെയ്തിരുന്നു.
അതാകട്ടെ അരക്കോടിയോളം പേർ കണ്ടു. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇത്തരമൊരു വീഡിയോ ഇപ്പോൾ അദ്ദേഹം തയാറാക്കിയത്. ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോയും വൈറൽ ആയി വരുന്നതിനിടെയാണ് ചില ചാനലുകളിൽ വാർത്തയെത്തിയത്. വീഡിയോയെ അനുകൂലിച്ചുള്ള കമന്റുകളാണ് ഏറെയും വന്നത്. കഠിനമായി ജോലി ചെയ്യുന്നതിനിടെ ഇത്തരം എന്റർയെ്ന്മെന്റുകൾ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു പലരുടെയും അഭിപ്രായം.
എന്നാൽ, ഇത് പൊലീസിനെ മേലാളന്മാർക്ക് അത്ര സുഖിച്ചില്ല. അന്വേഷണം വേണമെന്നായി അവർ. അങ്ങനെയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് ദക്ഷിണ മേഖലാ ഐജി വിശദീകരണം ചോദിച്ചിരിക്കുന്നത്. ഡ്യൂട്ടി സമയത്ത് കോഴിക്കറി വച്ചതാണത്രേ കുറ്റം. എന്തായാലും വലിയ നടപടിയൊന്നും ഇവർക്കെതിരേ ഉണ്ടാകാൻ പോകുന്നില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ഇലന്തൂർ സ്വദേശിയായ ബിന്ദുലാൽ നല്ലൊന്നാന്തരം പാചകക്കാരൻ ആണെന്ന് സഹപ്രവർത്തകർ പറയുന്നു. പൊലീസുകാർക്കുള്ള ഭക്ഷണം സ്‌റ്റേഷനിൽ തയാറാക്കുന്ന പതിവുമുണ്ട്. കാപ്പിയും ചായയും കടിയുമൊക്കെ ഇവിടെ തന്നെ തയാറാക്കുകയാണ് ചെയ്യുന്നത്. അന്നൊന്നും ഉണ്ടാകാത്ത വിവാദമാണ് ഇപ്പോഴുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്