- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാല് വര്‍ഷം മുമ്പ് മകനെ അബൂദാബിയില്‍ കാണാതായി; വീടിന്റെ ആധാരം പണയംവച്ച് എടുത്ത 25 ലക്ഷം രൂപ വായ്പ പലിശയടക്കം 42 ലക്ഷമായി; തിരിച്ചടവ് മുടങ്ങിയ വീട് ജപ്തി ചെയ്തതിന്റെ പിറ്റേദിവസം വയോധിക മരിച്ചു; ആരോപണവുമായി ബന്ധുക്കള്‍
വീട് ജപ്തി ചെയ്തതിന്റെ പിറ്റേദിവസം വയോധിക മരിച്ചു
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ കടബാധ്യതയെ തുടര്‍ന്ന് വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തതിന്റെ മനോവിഷമത്തില്‍ പിറ്റേന്ന് വയോധിക മരിച്ചു. പൊന്നാനി പുതിയിരുത്തിയില്‍ പാലപ്പെട്ടി വടക്കേ തട്ടുപറമ്പ് സ്വദേശി ഇടശ്ശേരി ഹൈദ്രുവിന്റെ ഭാര്യ മാമിയാണ് മരിച്ചത്. 85 വയസായിരുന്നു. പാലപെട്ടി എസ്ബിഐ ബാങ്ക് വീട് ജപ്തി ചെയ്തതോടെ വയോധികയെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ മൂത്ത മകന്‍ ആലി അഹമ്മദ് പാലപ്പെട്ടി എസ്.ബി.ഐ ബാങ്കില്‍ വീടിന്റെ ആധാരം വെച്ച് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ലോണ്‍ തിരിച്ചടക്കുന്നതിനിടെ നാല് വര്‍ഷം മുമ്പ് ഇയാളെ അബൂദാബിയില്‍ നിന്ന് കാണാതായി. ഇതോടെ തിരിച്ചടവ് മുടങ്ങി. കുടിശ്ശിക പലിശയടക്കം 42 ലക്ഷമായി ഉയര്‍ന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഇന്നലെയാണ് കിടപ്പുരോഗി കൂടിയായ മാമിയെ പുറത്താക്കി വീട് ജപ്തി ചെയ്ത് താക്കോലുമായി പോയത്.
വൈകീട്ട് പൊലീസിന്റെയും കോടതി ജീവനക്കാരുടെയും ഒപ്പം എത്തിയ ബാങ്കുകാര്‍ ജപ്തിയുടെ ഭാഗമായി മാമിയെ വീട്ടില്‍നിന്ന് പുറത്താക്കി മകന്റെ വീട്ടിലേക്കാണ് മാറ്റിയത്. ഇതിന്റെ മനോവിഷമത്തിലാണ് മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു
പാലപ്പെട്ടി എസ്ബിഐയില്‍ നിന്ന് മാമിയുടെ മകനാണ് വായ്പ എടുത്തത്. ലോണെടുത്ത മകന്‍ അലിമോനെ നാല് വര്‍ഷം മുമ്പ് കാണാതാവുകയായിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 25 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. ഇപ്പോള്‍ ബാധ്യത 42 ലക്ഷയായി. പണം തിരികെ അടക്കാനാവാതെ വന്നതോടെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്.
ഭൂമി വിറ്റ് പണം നല്‍കാമെന്ന് പറഞ്ഞിട്ടും ബാങ്ക് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 35 ലക്ഷം രൂപ അടച്ച് ഒറ്റത്തവണ തീര്‍പ്പാക്കലിന് ശ്രമിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ലെന്നും കുടുംബം പറയുന്നു. ബാങ്ക് ജീവനക്കാര്‍ ഇന്നലെ വീട് ജപ്തി ചെയ്യാന്‍ എത്തിയപ്പോഴും 15 ദിവസത്തെ സാവകാശം ചോദിച്ചു. ഈട് വെച്ച ഭൂമിയില്‍ പിന്നീട് പണിത മകന്റെ വീടിനുനേരെയും ജപ്തി ഭീഷണിയുണ്ട്. 15 ദിവസത്തിനകം പണം അടയ്ക്കണം എന്നാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.