- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാല നഷ്ടപ്പെട്ട വയോധികയുടെ കണ്ണീരൊപ്പി ജൂവലറി ഉടമ; വീട്ടിലെത്തി സമ്മാനിച്ചത് രണ്ടു പവന്റെ പുതിയ മാല; നഷ്ടപ്പെട്ട മാലയ്ക്കായി അന്വേഷണം തുടങ്ങി പൊലീസ്; ചക്കിക്ക് നഷ്ടമായത് വയസ്സുകാലത്ത് അധ്വാനിച്ച് വാങ്ങിയ മാല
തിരൂർ: സ്വർണ്ണമാല നഷ്ടപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് കരഞ്ഞ് തളർന്ന് നൊമ്പരമായ വയോധികയുടെ കണ്ണീരൊപ്പി ജൂവലറി ഉടമ.തിരൂർ പച്ചാട്ടിരി സ്വദേശി ചക്കി എന്ന വയോധികയ്ക്കാണ് വീട്ടിലെത്തി തിരൂരിലെ സ്വർണാഭരണ വ്യാപാരി ഫൈസൽ 2 പവന്റെ മാല സമ്മാനിച്ച് സാന്ത്വനമായത്.വയസ്സുകാലത്ത് താൻ സ്വയം അധ്വാനിച്ച് വാങ്ങിയ മാലയാണ് ചക്കിക്ക് നഷ്ടമായത്.
ഉത്സവം കണ്ട് മടങ്ങുമ്പോൾ ബസ്സിൽ നിന്നാണ് ചക്കിയുടെ രണ്ട് പവന്റെ മാല നഷ്ടപ്പെടുന്നത്. വയോധിക ബഹളം വച്ചതിനെത്തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചു.എന്നാൽ ആരിൽ നിന്നും മാല കണ്ടെടുക്കാനായില്ല. ഇതോടെ ചക്കി സ്റ്റേഷനു മുൻപിലിരുന്ന് കരച്ചിൽ തുടങ്ങി.തന്റെ ആഗ്രഹവും കഷ്ടപ്പാടും പറഞ്ഞുള്ള കരച്ചിൽ ഏവരുടെയും നൊമ്പരമായി.
സ്വർണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചിൽ.ഉത്സവമായതിനാൽ ബസിൽ നല്ല തിരക്കുമുണ്ടായിരുന്നു.മാല പോയതറിഞ്ഞ ചക്കി ബഹളം വച്ച സമയം 3 സ്ത്രീകൾ ബസിൽ നിന്ന് ഇറങ്ങി പോയതായി വിവരമുണ്ട്.നഷ്ടമായ മാല കണ്ടെടുക്കാൻ തിരൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവമറിഞ്ഞാണ് തിരൂരിലെ സ്വർണാഭരണ വ്യാപാരി ഫൈസൽ വിവരമറിഞ്ഞ് വയോധികയെ അന്വേഷിച്ച് വീട്ടിലെത്തി. തുടർന്ന് ഇവർക്ക് നഷ്ടമായതിനു പകരം 2 പവന്റെ പുതിയ മാല സമ്മാനമായി നൽകി. ഇതോടെ സങ്കടക്കണ്ണീർ തുടച്ച് ചക്കി ചിരിച്ചു.
മറുനാടന് മലയാളി ബ്യൂറോ